May 18, 2024

ക്ഷീരവികസന ബോര്‍ഡില്‍ സ്വകാര്യമേഖലാ പ്രതിനിധിയെ കൊണ്ടുവരാനുള്ള നീക്കം കേന്ദ്രം ഉപേക്ഷിക്കണം: മില്‍മ

0
Img 20220212 111958.jpg
തിരുവനന്തപുരം: 
ദേശീയ ക്ഷീരവികസന ബോര്‍ഡില്‍ (എന്‍ഡിഡിബി) സ്വകാര്യ മേഖലയുടെ പ്രാതിനിധ്യം കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (മില്‍മ) രംഗത്ത്.
എന്‍ഡിഡിബി ഡയറക്ടര്‍ ബോര്‍ഡില്‍ സ്വകാര്യ ഡെയറി മേഖലയില്‍ നിന്നുള്ള പ്രതിനിധിയെ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം രാജ്യത്തെ ക്ഷീര സഹകരണ സംഘങ്ങളെയും ലക്ഷക്കണക്കിന് ക്ഷീരകര്‍ഷകരെയും സാരമായി ബാധിക്കുമെന്നും ഇക്കാര്യം കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍പെടുത്തുമെന്നും മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു. വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി നീക്കം ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടലും മില്‍മ തേടും.
ക്ഷീര സഹകരണ സംഘങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്വകാര്യ  ഡെയറികള്‍ കൂടുതല്‍ വിഭവസമൃദ്ധവും പുരോഗതി പ്രാപിച്ചവയുമാണ്. എന്‍ഡിഡിബി ഡയറക്ടര്‍ ബോര്‍ഡില്‍ സ്വകാര്യ ഡെയറി പ്രതിനിധിയെ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം ക്ഷീര സഹകരണ സംഘങ്ങളില്‍ സ്വകാര്യ മേഖലയുടെ ഇടപെടലിലേക്ക് നയിക്കുമെന്നും നിര്‍ദിഷ്ട ഭേദഗതികള്‍ ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചുകൊണ്ട് മണി പറഞ്ഞു.
ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോല്‍പ്പാദന മന്ത്രാലയത്തിന് കീഴിലുള്ള മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പിന്‍റെ ഓഫീസ് മെമ്മോറാണ്ടം അനുസരിച്ച്, പ്രവര്‍ത്തനങ്ങളുടെ മികച്ച പരിപാലനവും നിരീക്ഷണവും ഉറപ്പാക്കുന്നതിന് 1987 ലെ എന്‍ഡിഡിബി നിയമത്തിലെ ഭേദഗതികള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ബോര്‍ഡിന്‍റെ സ്വകാര്യ ക്ഷീര വ്യവസായത്തെ പ്രതിനിധീകരിച്ച് ഒരു അഡീഷണല്‍ ഡയറക്ടറെ മൂന്ന് വര്‍ഷത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ഉള്‍പ്പെടെ നിര്‍ദ്ദിഷ്ട ഭേദഗതികളില്‍ മന്ത്രാലയം നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും തേടിയിട്ടുണ്ട്. എന്‍ഡിഡിബിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ഡയറക്ടര്‍മാര്‍ സബ്സിഡിയറി കമ്പനികളുടെ ബോര്‍ഡുകളില്‍ എക്സ് ഒഫീഷ്യോ ഡയറക്ടര്‍മാരായിരിക്കും.
നിയമത്തിന്‍റെ 16-ാം വകുപ്പിലെ ഭേദഗതി പ്രകാരം സഹകരണ തന്ത്രം (സബ് സെക്ഷന്‍ 1, ക്ലോസ് ബി) എന്നതിനു പകരം ക്ഷീരമേഖലയുടെ വികസനത്തിനായുള്ള മറ്റ് പദ്ധതികള്‍ എന്നും പൊതുമേഖലയ്ക്ക് (സബ് സെക്ഷന്‍ 2, ക്ലോസ് ബി) പകരം 'മറ്റേതെങ്കിലും സംഘടന' എന്നും ഉള്‍പ്പെടുത്താന്‍ നിര്‍ദേശിക്കുന്നുണ്ട്.
എന്‍ഡിഡിബിയുടെ ചിട്ടയായ പ്രവര്‍ത്തനം കൊണ്ടാണ് ഇന്ത്യക്ക് ലോകത്തിലെ ഒന്നാമത്തെ പാല്‍ ഉല്‍പ്പാദന രാജ്യമാകാന്‍ സാധിച്ചത്. എന്‍ഡിഡിബിയുടെ വിപുലമായ സാങ്കേതിക പരിജ്ഞാനവും സമ്പന്നമായ അനുഭവവും പ്രയോജനപ്പെടുത്തുന്നതിന് സ്വകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളെ എന്‍ഡിഡിബിയിലേക്ക് ഉള്‍പ്പെടുത്തുന്നതിന് പകരം എന്‍ഡിഡിബി പ്രതിനിധികളെ സ്വകാര്യ ഡെയറി ഡയറക്ടര്‍ ബോര്‍ഡുകളിലേക്ക് ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കണമെന്ന് കെ.എസ്. മണി പറഞ്ഞു.
എന്‍ഡിഡിബിയുടെ നയപരവും ഭരണപരവുമായ കാര്യങ്ങളില്‍ നിര്‍ദ്ദേശിക്കപ്പെട്ട സര്‍ക്കാര്‍ നിയന്ത്രണം ഡെയറി ബോര്‍ഡിന്‍റെ സ്വയംഭരണാവകാശത്തെ ലംഘിക്കുന്നതാണ്. രാജ്യവ്യാപകമായി ക്ഷീര സഹകരണ പ്രസ്ഥാനത്തിലൂടെ ഇന്ത്യയെ പാല്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തമാക്കാനുള്ള സംരംഭങ്ങളെയും കാഴ്ചപ്പാടിനെയും ഇത് തടസ്സപ്പെടുത്തും. ഈ നിര്‍ദ്ദേശം ദൗര്‍ഭാഗ്യകരവും ഗ്രാമീണ ക്ഷീരമേഖലയ്ക്ക് പ്രത്യേകിച്ചും ദോഷകരവുമാണ്. ഏറ്റവും അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വിഭവങ്ങള്‍ എത്തിക്കാനുള്ള ക്ഷീര ബോര്‍ഡിന്‍റെ ശ്രമങ്ങളെയും ബാധിക്കും.
സ്വകാര്യ പ്രാതിനിധ്യം കൊണ്ടുവരാനുള്ള നിര്‍ദിഷ്ട ഭേദഗതി രാജ്യത്തുടനീളമുള്ള ആനന്ദ് മാതൃക ഡെയറി സഹകരണ സംഘങ്ങളെ മാതൃകയാക്കിയുള്ള പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തും. എന്‍ഡിഡിബി ഇപ്പോഴും ഈ പ്രവര്‍ത്തനം നിര്‍വ്വഹിക്കുന്നുണ്ടെങ്കിലും ശക്തവും സുസ്ഥിരവുമായ ആനന്ദ് മാതൃക ഇന്ത്യയിലാകെ വ്യാപിപ്പിക്കുന്നതിന് ഒരുപാട് ദൂരം പോകേണ്ടതുണ്ട്.
രാജ്യത്ത് ധവളവിപ്ലവവും ഗ്രാമീണജനതയുടെ പുരോഗതിയും സാധ്യമായത് സര്‍ക്കാരുകള്‍ എന്‍ഡിഡിബിയില്‍ അര്‍പ്പിച്ച വിശ്വാസത്താലാണ്. ക്ഷീര സഹകരണ ശൃംഖലകളിലൂടെ ഗ്രാമീണ ദരിദ്രരുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം സാധ്യമാക്കുന്നതില്‍ ഇത് പ്രധാന പങ്കുവഹിച്ചു. ക്ഷീരകര്‍ഷകരുടെയും രാജ്യത്തിന്‍റെ ക്ഷീര സമ്പദ്വ്യവസ്ഥയുടെയും പുരോഗതിക്കായി ജീവിതം നീക്കിവച്ച ഇന്ത്യയുടെ ക്ഷീരവിപ്ലവത്തിന്‍റെ പിതാവ് ഡോ.വര്‍ഗീസ് കുര്യന്‍റെ കാഴ്ചപ്പാടിന് എതിരാണ് ഈ ഭേദഗതിയെന്നും കെ.എസ്. മണി കൂട്ടിച്ചേര്‍ത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *