May 19, 2024

ബത്തേരി അർബൻ ബാങ്ക്; വിവാദങ്ങളെ മറികടന്ന് യു.ഡി.എഫിന് ഏകപക്ഷീയ വിജയം

0
Img 20230910 195206.jpg
ബത്തേരി  :
പാർട്ടിക്കുള്ളിലും പുറത്തും വിവാദങ്ങളുണ്ടായിട്ടും ബത്തേരി അർബൻ ബാങ്ക് തിരഞ്ഞടുപ്പിൽ മുഴുവൻ സീറ്റും യു.ഡി.എഫ് തൂത്തുവാരി .13 സീറ്റിലേക്കായിരുന്നു മൽസരം.പാനലിനെച്ചൊല്ലി ഡി.സി.സി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചനുൾപ്പെടെയുള്ള നേതൃത്വത്തിനെതിരെ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യും തമ്മിലുള്ള തർക്കം മറനീക്കി പുറത്തുവന്നിരുന്നു. 
വിവാദങ്ങൾക്ക് നടുവിൽ നടന്ന ബാങ്ക് തിരഞ്ഞെടുപ്പിൽ അട്ടിമറിവിജയം പ്രതീക്ഷിച്ച എൽ.ഡി.എഫിന്റെ ബാങ്ക് സംരക്ഷണമുന്നണിക്ക് ഒരുസീറ്റ് പോലും നേടാനാകാത്തത് ബത്തേരിയിലെ എൽ.ഡി.എഫിന് കനത്തപ്രഹരമായി. യു.ഡി.എഫിലെ വിമതപാനലടക്കമുള്ള ഘടകങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്ന എൽ.ഡി.എഫ്. കണക്കുകൂട്ടലുകൾ തച്ചുടച്ചായിരുന്നു യു.ഡി.എഫിന്റെ ജയം. കോൺഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന മുൻ ഭരണസമിതിയംഗങ്ങളെ എൽ.ഡി.എഫ്. പാളയത്തിലെത്തിച്ച് സ്ഥാനാർഥികളാക്കിയായിരുന്നു സി.പി.എമ്മിന്റെ കരുനീക്കം.
മത്സരിച്ച 11 സീറ്റിൽ ഏഴിലെങ്കിലും ജയിച്ച് കേവലഭൂരിപക്ഷത്തോടെ ഭരണം നിയന്ത്രിക്കാമെന്ന സി.പി.എം. കണക്കുകൂട്ടലുകൾ ആകെ പാളിയ ഫലമാണ് തിരഞ്ഞെടുപ്പിലുണ്ടായത്. കോൺഗ്രസിനുള്ളിൽ വിമതപാനലും അഭിപ്രായഭിന്നതകളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തിൽ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും അഭിപ്രായസമന്വയത്തിലൂടെ ഒറ്റക്കെട്ടായാണ് ബാങ്ക് തിരഞ്ഞെടുപ്പിനെ യു.ഡി.എഫ്. നേരിട്ടത്.
ഡി.സി.സി. പ്രസിഡന്റും എം.എൽ.എ.യും തമ്മിൽ കോൺഗ്രസ് പാനലിനെച്ചൊല്ലിയുള്ള തർക്കം പരസ്യമായിരുന്നു. ഇതേത്തുടർന്ന് ഇരുവരുംതമ്മിലുണ്ടായ ഫോൺസംഭാഷണം പുറത്തായതും വിവാദങ്ങൾക്ക് തിരികൊളുത്തി. തുടർന്ന് ജില്ലാനേതൃത്വം അംഗീകരിച്ച ഔദ്യോഗികപാനലിന് പുറമെ കോൺഗ്രസ് വിമതപാനലും നോമിനേഷൻ നൽകി. കെ.പി.സി.സി. അംഗത്തിന്റെ തന്നെ നേതൃത്വത്തിൽ കോൺഗ്രസ് വിമതപാനൽ വന്നതോടെ കോൺഗ്രസ് വോട്ടുകൾ വിഭജിച്ച് തിരഞ്ഞെടുപ്പ് ഫലം തങ്ങൾക്ക് അനുകൂലമാകുമെന്ന് സി.പി.എം. കണക്കുകൂട്ടിയിരുന്നു. എന്നാൽ, പിന്നീടുണ്ടായ ചർച്ചകളിലൂടെ ആശയക്കുഴപ്പങ്ങളകറ്റി കോൺഗ്രസ് വിമതപാനൽ മത്സരരംഗത്തുനിന്ന് പിന്മാറുകയായിരുന്നു. 3000-ന് മുകളിൽ പോളിങ് നടന്നാൽ തിരഞ്ഞെടുപ്പ് ഫലം തങ്ങൾക്ക് പ്രതികൂലമാകുമെന്ന് എൽ.ഡി.എഫ്. മനസ്സിലാക്കിയിരുന്നു. ശനിയാഴ്ച മൂന്നുമണിയോടെ പോളിങ് 3000-ന് മുകളിലെത്തിയിരുന്നു.
വി.ജെ. തോമസ്, കെ.കെ. നാരായണൻകുട്ടി, ബേബി വർഗീസ്, സിറിൽ ജോസ്, ടി.എം. ഹൈറുദീൻ, സി. റഷീദ്, ജിനി തോമസ്, ബിന്ദു സുധീർബാബു, റീത്ത സ്റ്റാൻലി, സി. ബാലൻ, ഡി.പി. രാജശേഖരൻ, അബ്രഹാം തേയിലക്കാട്ട്, ശ്രീജി ജോസഫ് എന്നിവരാണ് വിജയിച്ചത്. നിക്ഷേപവിഭാഗത്തിൽ മത്സരിച്ച ഡി.സി.സി. ജന. സെക്രട്ടറി ഡി.പി. രാജശേഖരനാണ് ഏറ്റവുംകൂടുതൽ വോട്ടുകൾ ലഭിച്ചത്. 2356 വോട്ടുകൾ രാജശേഖരന് ലഭിച്ചു. 300-ന് മുകളിൽ ഭൂരിപക്ഷം യു.ഡി.എഫ്. സ്ഥാനാർഥികൾക്ക് ലഭിച്ചു. 18,658 അംഗങ്ങളുള്ള ബാങ്കിൽ 4361 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 2017-ൽ അവസാനമായി ബാങ്ക് ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നപ്പോൾ 2000-ത്തോളം പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. 2022-ൽ ഭരണസമിതിയിലെ ഭൂരിഭാഗമാളുകളും രാജിവെച്ചതിനെത്തുടർന്ന് ഒരുവർഷക്കാലമായി അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന് കീഴിലായിരുന്നു ബാങ്ക്. ഇക്കാലയളവിൽ പുതിയ അംഗങ്ങളെ ചേർത്തിരുന്നു.
ശനിയാഴ്ച രാവിലെ ഒമ്പതുമണി മുതൽ നാലുവരെയായിരുന്നു സെയ്ന്റ് ജോസഫ്‌സ് സ്കൂളിലെ 15 പോളിങ് സ്റ്റേഷനുകളിൽ വോട്ടിങ് നടന്നത്. വോട്ടിങ് സ്ലിപ് വിതരണംചെയ്യുന്നതുമായി ബന്ധപ്പെട്ട് യു.ഡി.എഫ്., എൽ.ഡി.എഫ്. പ്രവർത്തകർ തമ്മിൽ പലതവണ വാക്കേറ്റമുണ്ടായി. പോലീസിന്റെ കൃത്യമായ ഇടപെടലിനെത്തുടർന്നാണ് വലിയ സംഘർഷം ഒഴിവായത്.
ബത്തേരി ഡിവൈ.എസ്.പി. കെ. അബ്ദുൽ ഷെരീഫിന്റെയും തഹസിൽദാർ വി.കെ. ഷാജിയുടെയും നേതൃത്വത്തിൽ ശക്തമായ സുരക്ഷയാണ് തിരഞ്ഞെടുപ്പിനൊരുക്കിയത്. വ്യാജ ഐ.ഡി. കാർഡുമായെത്തിയെത്തി വോട്ട് ചെയ്യാൻ ശ്രമിച്ചെന്നാരോപിച്ച് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് വരണാധികാരിക്ക് പരാതിനൽകിയിരുന്നു. ഭരണസമിതിയിലേക്കുള്ള ഉജ്ജ്വലവിജയത്തെത്തുടർന്ന് യു.ഡി.എഫ്. പ്രവർത്തകർ ബത്തേരി ടൗണിൽ ആഹ്ലാദപ്രകടനം നടത്തി. ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ., കെ.എൽ. പൗലോസ്, കെ.ഇ. വിനയൻ, എം.എ. അസൈനാർ, സംഷാദ് മരക്കാർ, പി.ഡി. സജി, സതീഷ് പൂതിക്കാട്, എം.കെ. ഇന്ദ്രജിത്ത് തുടങ്ങിയവർ നേതൃത്വംനൽകി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *