കർഷകർക്ക് പോത്തുകുട്ടികളെ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമിട്ട് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത്

പുൽപ്പള്ളി: മാംസോല്പാദന മേഖലയിൽ സ്വയം പര്യാപ്തമാവാനും ഗ്രാമീണ സമ്പദ്ഘടനയിൽ കാതലായ മാറ്റങ്ങൾ സൃഷ്ടിക്കാനും ഉതകുന്ന പദ്ധതികളുമായി പുൽപ്പള്ളി ഗ്രാമപഞ്ചായത്ത്. ശാസ്ത്രീയമായ അറവു ശാലയും മാംസ വിപണന സംവിധാനവും ഒരുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ജനറൽ , എസ് ടി വിഭാഗത്തിലെ കർഷകർക്ക് പോത്തുകുട്ടികളെ വിതരണം ചെയ്യുന്ന പദ്ധതിക്ക് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. 15,000 രൂപ വിലമതിക്കുന്ന പോത്തുകുട്ടികളെയാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്.
വനാതിർത്തി ഗ്രാമങ്ങളിലെ തീറ്റ വസ്തുക്കളുടെ ലഭ്യതയും ലളിതമായ സംരക്ഷണ രീതികളും ചെലവുകുറഞ്ഞ പാർപ്പിട സൗകര്യങ്ങളും പുൽപ്പള്ളി യെ സംബന്ധിച്ചെടുത്തോളം പദ്ധതി നിർവഹണത്തിന് അനുകൂലമായ ഘടകങ്ങളാണ്.പട്ടികവർഗ്ഗ വികസന വകുപ്പ്,മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി, ശ്രേയസ് തുടങ്ങിയ ഏജൻസികളുടെയും വകുപ്പുകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് സുഭിക്ഷ കേരളം, റീ ബിൽഡ് കേരള പദ്ധതികളുമായി സംയോജിപ്പിച്ച് പദ്ധതികൾ നടത്താനാണ് ലക്ഷ്യമിടുന്നത്. പുൽപ്പള്ളി മൃഗാശുപത്രി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പോത്തു വളർത്തൽ പദ്ധതിയുടെ ആദ്യഘട്ട വിതരണോൽഘാടനം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭനാ സുകു അധ്യക്ഷയായ ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി കരുണാകരൻ മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി മുല്ലക്കൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോളി നരി തൂക്കിൽ,വാർഡ് മെമ്പർ ജോഷി ചാരുവേലിൽ, മെമ്പർമാരായ അനിൽ . സി.കുമാർ, ജോമറ്റ് കോത വഴിക്കൽ,സോജിഷ് സോമൻ , രാജു തോണിക്കടവ്,തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് പുൽപ്പള്ളി മൃഗാശുപത്രി സീനിയർ വെറ്റിനറി സർജൻ ഡോ.കെ.എസ്. പ്രേമൻ സ്വാഗതവും പദ്ധതി കോ- ഓർഡിനേറ്റർ എ കെ രമേശൻ നന്ദിയും പറഞ്ഞു. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ മാരായ സുനിത പി കെ, ബിനോയി ജെയിംസ് , രതീഷ്.പി കെ, ജീവനക്കാരായ വി എം ജോസഫ്, സന്തോഷ് കുമാർ പി ആർ,, മനോജ് കുമാർ പി എസ് തുടങ്ങിയവർ പോത്തു കുട്ടികൾക്കുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്, സൗജന്യ മരുന്നു വിതരണം, ഇൻഷുറൻസ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.



Leave a Reply