May 1, 2024

ഇവിടെ ഞങ്ങളുമുണ്ട്; വോട്ടവകാശത്തിന് നന്ദി പറഞ്ഞ് കൃഷ്ണന്‍

0
Img 20240418 162840

കൽപ്പറ്റ: ഇരുള്‍ പടര്‍ന്നുപോയ ജീവിതത്തില്‍ വെളിച്ചമാകുന്ന പ്രതീക്ഷകള്‍. രണ്ടു പതിറ്റാണ്ടിലേറെയായി കിടപ്പിലായിപ്പോയ ദൗര്‍ഭാഗ്യത്തിലും ഈ വോട്ടടെപ്പ് കാലത്ത് തന്നെ പോലയുളളവരെയും പരിഗണിച്ചതിന്റെ സന്തോഷത്തിലാണ് തരിയോട് കളരിക്കോട് കോളനിയിലെ കൃഷ്ണന്‍.

ഇതിനായി സൗകര്യം ഒരുക്കി തന്ന ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന് ഈ വോട്ടര്‍ ഹൃദ്യമായി ഒരു കുറിപ്പെഴുതി. ഞാന്‍ രാജ്യത്തിന് വേണ്ടി വോട്ട് ചെയ്തു. അത് സാധിച്ചു.

വോട്ടുപെട്ടി വീട്ടിലെത്തി പോസ്റ്റലായി വോട്ട് ചെയ്യാന്‍ കഴിഞ്ഞത് കൊണ്ട് മാത്രം. ഞങ്ങളെ പോലെയുള്ളവരും ഈ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ട് എന്ന് ബോധ്യപ്പെടുത്താന്‍ ഈ വോട്ടവകാശത്തിലൂടെ എനിക്കും കഴിഞ്ഞു. ബഹുമാനപ്പെട്ട ഞങ്ങളുടെ ജില്ലയുടെ ഭരണാധികാരിയായ കളക്ടര്‍ രേണു രാജ് അവര്‍കള്‍ക്ക് ആയിരം, ആയിരം അഭിനന്ദനങ്ങള്‍.

തരിയോട് മൂന്നാം വാർഡ് കളരിക്കോടിലെ കൃഷ്ണന് ഇരുപതാം വയസ്സിലാണ് മരത്തില്‍ നിന്നും വീണ് നട്ടെല്ലിന് പിരിക്കേറ്റത്. അരയ്ക്ക് താഴെ തളര്‍ന്ന് കിടപ്പിലായ പണിയ സമുദായംഗമായ കൃഷ്ണന് അതോടെ പ്രതീക്ഷകളെല്ലാം ഒറ്റ മുറിക്കുള്ളിലൊതുങ്ങി. പോളിങ്ങ് ബൂത്തിലെത്തി വോട്ടു ചെയ്യുകയെന്നതെല്ലാം ശ്രമകരമായിരുന്നു.

പലപ്പോഴും കൂട്ടുകാരുടെ സഹായത്തോടെയാണ് ഇതെല്ലാം നിറവേറ്റിയിരുന്നത്. ഏറെ ആഗ്രഹമുളള വോട്ടുചെയ്യുക എന്ന പൗരധര്‍മ്മവും ഇത്തവണ പ്രതിസന്ധിയിലായിരുന്നു.

ഈ സാഹചര്യങ്ങള്‍ക്കിടയിലാണ് മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അവശതയനുഭവിക്കുന്നവര്‍ക്കുമെല്ലാം വീട്ടില്‍ തന്നെ വോട്ടുചെയ്യാനുള്ള സൗകര്യം ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കുന്നത്.

ഇത് ഭംഗിയായി നിറവേറ്റി തന്ന ജില്ലാ വരാണാധികാരി കൂടിയായ കളക്ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമാണ് കൃഷ്ണന്‍ കിടപ്പമുറിയില്‍ നിന്നും അഭിനന്ദനങ്ങളറിയിച്ച് കുറിപ്പെഴുതിയത്. കുറിപ്പ് ശ്രദ്ധയില്‍പ്പെട്ട ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് കൃഷ്ണനെ നേരിട്ട് വിളിച്ച് കാര്യങ്ങളെല്ലാം അന്വേഷിച്ചു.

കരുത്തുറ്റ ജനാധിപത്യ രാജ്യത്തിന്റെ നിര്‍മ്മിതിക്ക് ഓരോ വോട്ടും പ്രധാനപ്പെട്ടതാണെന്നും ഇത് ആവേശത്തോടെ വിനിയോഗിച്ച കൃഷ്ണനെയും ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു.

ഇങ്ങിനെ വീടുകളിലെത്തി നൂറകണക്കിന് വോട്ടര്‍മാര്‍ക്ക് സൗകര്യപൂര്‍വ്വം വോട്ട് ചെയ്യാന്‍ അവസരമൊരുക്കി അക്ഷീണം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥ സംഘത്തെയും ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് അഭിനന്ദിച്ചു. ജില്ലയില്‍ വീടുകളില്‍ നിന്നുള്ള വോട്ടെടുപ്പിന് 5821 പേരാണ് അപേക്ഷ നല്‍കിയിരുന്നത്. അതിവേഗമാണ് ജില്ലയിൽ വീടുകളിൽ നിന്നുള്ള വോട്ടെടുപ്പും പൂർത്തിയാകുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *