May 6, 2024

അമിതഭാരം ആപത്താകും: മോട്ടോർ വാഹന വകുപ്പ്

0
Img 20240424 120146

തിരുവനന്തപുരം: എന്താണ് വാഹനങ്ങളിലെ ഓവർ ലോഡ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്? ഓവർലോഡ് എന്താണ് എന്ന് മനസിലാക്കാനായി ഒന്ന് രണ്ട് കാര്യങ്ങൾ അറിയേണ്ടതുണ്ട്.

അൺലാഡൻ വെയ്റ്റ് (ULW): ഒരു വാഹനത്തിന് പ്രവർത്തിക്കാനാവശ്യമായ ഉപകരണങ്ങൾ ഉൾപെടെ യുള്ള വാഹനത്തിൻ്റെ ഭാരത്തെ Unladen weight എന്നു പറയുന്നു.ഇതിൽ ഡ്രൈവറുടെ ഭാരം ഉൾപെടില്ല. ഗ്രോസ് വെഹിക്കിൾ വെയ്റ്റ് (GVW): വാഹനത്തിൻ്റെയും അതിൽ കയറ്റാനനുവദനീയമായ വസ്തുക്കളുടെയും ആകെ ഭാരത്തെ Gross Vehicle weight (GVW) എന്നാണ് പറയുന്നത്. ഇവ രണ്ടും വാഹനത്തിൻ്റെ റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടാവും.

യഥാർത്ഥത്തിൽ GVW വിൽ നിന്ന് ULW കുറച്ചാൽ കിട്ടുന്ന അളവാണ് ആ വാഹനത്തിൽ കയറ്റാനനുമതിയുള്ള പരമാവധി ലോഡിൻ്റെ അളവ്.

ചരക്കു വാഹനങ്ങളുടെ പെർമിറ്റിലും ഈ അളവ് രേഖപ്പെടുത്തിയിട്ടുണ്ടാവും. ഉദാഹരണത്തിന് ഒരു ലോറിയുടെ GVW 18500 kg ഉം ULW 8500 Kg ഉം ആണെങ്കിൽ അതിൽ കയറ്റാവുന്ന പരമാവധി ലോഡിൻ്റെ അളവ് 10000 kg (10 Ton) ആയിരിക്കും.

വാഹന പരിശോധന സമയത്ത് ഇങ്ങനെയുള്ള ചരക്കു വാഹനങ്ങൾ ഒരു അംഗീകൃത വെയ് ബ്രിഡ്ജിൽ കയറ്റി തൂക്കിനോക്കുമ്പോൾ കിട്ടുന്ന ആകെ ഭാരത്തിൽ നിന്ന് വാഹനത്തിൻ്റെ GVW കുറച്ചു കിട്ടുന്ന അളവാണ് ആ വാഹനത്തിൽ ഉള്ള ഓവർ ലോഡ് ആയി കണക്കാക്കുന്നത്. റെജിസ്ട്രേഷനു ശേഷം വാഹനത്തിൽ നടത്തുന്ന ഏതെങ്കിലും തരത്തിലുള്ള ആൾട്ടറേഷൻ, Extra fittings തുടങ്ങിയവയൊക്കെ പെർമിറ്റിൽ അനുവദിച്ചിട്ടുള്ള കയറ്റാവുന്ന ലോഡിൻ്റെ അളവിനെ ബാധിക്കും എന്നുകൂടി മനസിലാക്കുക.

ഉദാഹരണത്തിന് 18500 kg GVW ഉള്ള ഒരു വാഹനം ഇങ്ങനെ പരിശോധിച്ചപ്പോൾ വെയ്മെൻ്റ് സ്ലിപ്പ് പ്രകാരം തൂക്കം 21600 kg എന്ന് കരുതുക. അങ്ങനെയെങ്കിൽ ഈ വാഹനത്തിൽ 3100kg ഓവർ ലോഡ് ആണെന്ന് കണക്കാക്കാം. ഇനി മോട്ടോർ വാഹന നിയമപ്രകാരം ഇതിന് കേരളത്തിൽ പിഴ കണക്കാക്കുന്നതെങ്ങനെ എന്നു നോക്കാം.

അമിത ഭാരം കയറ്റിയാൽ മിനിമം 10000 രൂപയാണ് പിഴ.കൂടാതെ അധികമുള്ള ഓരോ ടണ്ണിനും 1500 വീതം അടക്കണം.കൂടാതെ അധികമുള്ള ഭാരം അൺലോഡ് ചെയ്ത് മാത്രമേ തുടർന്നു പോകാനനുവാദമുണ്ടാകൂ. മുകളിൽ പറഞ്ഞ വാഹനത്തിന് അങ്ങനെയാണെങ്കിൽ 10000+ 4500 =14500 രൂപ പിഴ അടക്കേണ്ടതായി വരും. കൂടാതെ ഡ്രൈവിംഗ് ലൈസൻസ്, പെർമിറ്റ് ഇവ നിശ്ചിത കാലത്തേക്ക് സസ്പെൻ്റ് ചെയ്യാനും കാരണമാകും.

തൂക്കം പരിശോധിച്ച് തൂക്കച്ചീട്ട് ഹാജരാക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ആ നിർദേശം പാലിച്ചില്ല എങ്കിൽ 20000 രൂപയാണ് പിഴ. മോട്ടോർ വാഹന നിയമപ്രകാരം അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മുതൽ മുകളിലോട്ടുള്ളവർക്കും സബ് ഇൻസ്പെക്ടർ മുതൽ മുകളിലോട്ടുള്ളവർക്കും അമിതഭാരം പരിശോധിച്ച് പിഴ ഈടാക്കാൻ അധികാരമുണ്ടെന്നും മോട്ടോർ വാഹന വകുപ്പ് പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *