May 6, 2024

പി.വി അൻവറിന്റേത് കലാപാഹ്വാനം; നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ് ഡി.ജി.പിക്ക് പരാതി നൽകി

0
Img 20240424 130108

കൽപ്പറ്റ: പാലക്കാട് എടത്തനാട്ടുകരയിൽ നടന്ന എൽ.ഡി.എഫ് പൊതുയോഗത്തിൽ എ.ഐ.സി.സി മുൻ അധ്യക്ഷനും വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധിക്കെതിരെ നിലമ്പൂർ എം.എൽ.എ പി.വി അൻവർ നടത്തിയ അപകീർത്തി പരാമർശത്തിനെതിരെ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. യു.ഡി.എഫ് വയനാട് ലോക്സഭ മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി അനിൽകുമാർ എംഎൽഎയാണ് പരാതി നൽകിയത്.

വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ നിലമ്പൂർ എം.എൽ.എ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത് യു.ഡി.എഫ് പ്രവർത്തകരെ പ്രകോപിപ്പിക്കാനും തെരഞ്ഞെടുപ്പ് കാലത്തെ സമാധാനന്തരീക്ഷം ഇല്ലാതാക്കാനുമാണെന്ന് പരാതിയിൽ പറയുന്നു. എൽ.ഡി.എഫ് വയനാട് മണ്ഡലം സ്ഥാനാർഥി ആനി രാജയുടെ സമ്മതത്തോടെയാണ് അൻവർ പരാമർശം നടത്തിയത്. ഇത് ജനപ്രാതിനിധ്യ നിയമത്തിന്റെയും മാതൃക പെരുമാറ്റ ചട്ടത്തിന്റെയും ലംഘനമാണ്. പ്രസ്താവന കേരളത്തിൽ മുഴുവനായും വയനാട്ടിൽ പ്രത്യേകിച്ചും കലാപാന്തരീക്ഷം ഉണ്ടാകാൻ കാരണമാകും.

അൻവറിൻ്റേത് രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവം നടത്തിയ പ്രകോപന പ്രസംഗമാണ്. പരാമർശങ്ങൾ ജനങ്ങളിൽ വെറുപ്പും വിദ്വേഷവും സൃഷ്ടിക്കാനുദ്ദേശിച്ച് വ്യാപകമായി സാമൂഹിക മാധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഐ.പി.സി 505 (2) പ്രകാരമുള്ള കുറ്റമാണ്. പ്രസ്താവന നടത്തിയ പി.വി അൻവറിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്ത വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുക്കണമെന്നും യുഡിഎഫ് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *