May 20, 2024

സാംസ്‌കാരിക വിനിമയത്തിന്റെ വേറിട്ട അനുഭവ പാഠം നുകരാന്‍ ജര്‍മ്മന്‍ വിദ്യാര്‍ഥികള്‍ 29ന് നടവയലില്‍

0

കല്‍പ്പറ്റ: സാംസ്‌കാരിക വിനിമയത്തിന്റെ വേറിട്ട അനുഭവ പാഠം നുകരാന്‍ ജര്‍മ്മന്‍ വിദ്യാര്‍ഥികള്‍ നടവയലില്‍ എത്തും. നടവയല്‍ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒരുക്കിയ ജര്‍മ്മന്‍ എക്‌സ്‌ചേഞ്ച് പദ്ധതിയുടെ രണ്ടാം ഘട്ടമായ 'മാവനാട് 2017' ന്റെ ഭാഗമായാണ് 16 ജര്‍മ്മന്‍ വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘം 29ന് നടവയലില്‍ എത്തുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
ജര്‍മ്മനിയിലെ ഔസ്ബുര്‍ഗ് മരിയ വാര്‍ഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് നടവയലിന്റെ ആതിഥ്യം സ്വീകരിക്കാന്‍ എത്തുന്നത്. മരിയ വാര്‍ഡ് നടവയല്‍ എന്നതിന്റെ ചുരുക്കപ്പേരാണ് 'മാവനാട്' ജര്‍മ്മന്‍ അതിഥികള്‍ രണ്ടാഴ്ചക്കാലം വയനാട്ടിലെ വിവിധ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിക്കും. വയനാടിന്റെ ഗോത്ര സംസ്‌കൃതിയും ജീവിത രീതികളും ഇവര്‍ പഠന വിധേയമാക്കും. ഇതോടൊപ്പം വിദ്യാഭ്യാസ സമ്പ്രദായങ്ങളും ഭാഷാ വൈവിധ്യങ്ങളും ആചാരാനുഷ്ഠാനങ്ങളും മതേതരത്വവും മതസൗഹാര്‍ദ്ദവും സംസ്‌കാരവും പരിചയപ്പെടാനുള്ള വേദിയും ഒരുക്കും. 
ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ നടവയലിലെ 10 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും ജര്‍മ്മന്‍ സന്ദര്‍ശനം നടത്തിയിരുന്നു. ജര്‍മ്മന്‍ ഭാഷയും അവരുടെ ജീവിത രീതികളും ഭക്ഷണ ക്രമവും സംസ്‌കാരവും പാഠ്യേതര പ്രവര്‍ത്തനങ്ങളും പഠന വിധേയമാക്കിയ സംഘം വേറിട്ട അനുഭവങ്ങള്‍ സ്വന്തമാക്കിയാണ് മടങ്ങി എത്തിയത്. നടവയലില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ജര്‍മ്മനിയില്‍ സന്ദര്‍ശിച്ചപ്പോള്‍ താമസ സൗകര്യമൊരുക്കിയ ജര്‍മ്മന്‍ കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് നടവയലില്‍ എത്തുന്നത്. വ്യത്യസ്തങ്ങളായ സാംസ്‌കാരികാമുഭവങ്ങളുടെ നൂതന ബോധ്യങ്ങളിലേക്ക് വിദ്യാര്‍ഥികളെ നയിക്കുന്നതിനാണ് സര്‍ക്കാരിന്റെയും ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെയും മാനന്തവാടി കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടേയും അനുമതിയോടെ പദ്ധതി നടപ്പാക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ക്രിസ്റ്റീന എസ്‌സിവി, പിടിഎ പ്രസിഡന്റ് ബിജു ഇരട്ടമുണ്ടക്കല്‍, സാബു ടി. വര്‍ഗീസ്, ബേബി ഉണ്ണിക്കുന്നേല്‍ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *