May 14, 2024

പരിമിതികള്‍ പഴയകഥ വടുവന്‍ചാല്‍, കല്ലൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് പുതിയ കെട്ടിടം

0
6. Ayurvedic Hospital Vaduvanchal
പരിമിതികളില്‍ വീര്‍പ്പുമുട്ടിയിരുന്ന  വടുവന്‍ചാല്‍, കല്ലൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ പുതിയ കെട്ടിടത്തിലേക്ക്. 30 ലക്ഷം രൂപ ചെലവില്‍ നിര്‍മിതി കേന്ദ്രയാണ് വടുവന്‍ചാല്‍ ഡിസ്‌പെന്‍സറി കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കിയത്. ഒപി, ഓഫിസ് മുറികള്‍,  മെഡിക്കല്‍ സ്‌റ്റോര്‍, വെയ്റ്റിങ് ഏരിയ, കിച്ചണ്‍, ടോയ്‌ലറ്റ് സംവിധാനങ്ങളുള്ള കെട്ടിടം രണ്ടു മാസത്തിനകം തുറന്നുകൊടുക്കും. മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിന്റെ എംഎസ്ഡിപി ഫണ്ടുപയോഗിച്ചായിരുന്നു നിര്‍മാണം. നിലവില്‍ വടുവന്‍ചാലില്‍ ഊട്ടി റോഡില്‍ പഞ്ചായത്തിന്റെ തന്നെ ഇരുനില കെട്ടിടത്തില്‍ സെല്ലാര്‍ ഫ്‌ളോറിലാണ് ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനം. മഴ പെയ്താല്‍ വെള്ളം ഡിസ്‌പെന്‍സറിയിലേക്ക് കുത്തിയൊലിച്ചു വരുന്ന സാഹചര്യമുണ്ടായിരുന്നു. പ്രായമായവര്‍ക്ക് നിലവിലെ കെട്ടിടത്തിലേക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡിസ്‌പെന്‍സറിക്ക് പുതിയ കെട്ടിടം വേണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ പ്രപോസല്‍ നല്‍കിയത്. വടുവന്‍ചാലില്‍ നിന്നു മേപ്പാടി ഭാഗത്തേക്ക് ഒരു കിലോമീറ്റര്‍ മാറി പാടിവയലില്‍ പഞ്ചായത്ത് വാങ്ങിയ ഒരേക്കര്‍ ഭൂമിയിലാണ് പുതിയ കെട്ടിടം. ഇവിടെ വൈദ്യുതി ലഭ്യമാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. ഡോക്ടറും ഫാര്‍മസിസ്റ്റുമടക്കം മൂന്നു സ്ഥിരം ജീവനക്കാര്‍ ഇവിടെയുണ്ട്. ശരാശരി 80-120 രോഗികള്‍ ദിനംപ്രതി ചികിത്സ തേടി ഇവിടെയെത്തുന്നു. തമിഴ്‌നാട്ടിലെ ചേരമ്പാടി, ചെല്ലങ്കോട്, എരുമാട്, പരിസരപ്രദേശങ്ങളായ അമ്പലവയല്‍, തോമാട്ടുചാല്‍, മേപ്പാടി, അരപ്പറ്റ, റിപ്പണ്‍, നെടുങ്കരണ ഭാഗത്തുനിന്നുള്ളവരാണ് ഏറെയും. പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കെട്ടിടവും ഇവിടെ പൂര്‍ത്തിയായിവരുന്നു. 
10 ലക്ഷം രൂപ ചെലവില്‍ ജില്ലാ നിര്‍മിതികേന്ദ്രം  കല്ലൂര്‍ ആയുര്‍വേദ ആശുപത്രി കെട്ടിടം നിര്‍മ്മിച്ചത്. മെഡിക്കല്‍ സ്റ്റോര്‍, ലാബ്, വെയ്റ്റിങ് ഏരിയ, ടോയ്‌ലറ്റ് സൗകര്യങ്ങള്‍ കെട്ടിടത്തിലുണ്ട്. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ചായിരുന്നു നിര്‍മാണം. കല്ലൂര്‍ തോട്ടാമൂല റോഡില്‍ അറുപത്തേഴാം മൈലില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്‌പെന്‍സറിക്ക് സമീപത്തു തന്നെയാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ശരാശരി 70-80 രോഗികള്‍ ഇവിടെ ദിവസവും എത്തുന്നു. നൂല്‍പ്പുഴ ഗ്രാമപ്പഞ്ചായത്തിലെ ആദിവാസികളടക്കമുള്ളവര്‍ ആശ്രയിക്കുന്ന ആയുര്‍വേദ ഡിസ്‌പെന്‍സറിയാണ് കല്ലൂരിലേത്. ഡോക്ടറടക്കം നാലു സ്ഥിരം ജീവനക്കാര്‍ ഇവിടെയുണ്ട്. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *