May 4, 2024

മധുര മോഹന ഗാനവുമായി സിനിമാ പിന്നണി രംഗത്തേക്ക് നിഖില മോഹൻ

0
Img 20181007 Wa0173
ഷമീം പാറക്കണ്ടി
       
പടിഞ്ഞാറത്തറ: പ്രശസ്ത ഗായകന്‍ മധു ബാലകൃഷ്ണനൊപ്പം സുന്ദരമായ ഒരു ഗാനമാലപിച്ച് സിനിമാ പിന്നണി രംഗത്ത് ശ്രദ്ധേയയായിരിക്കുകയാണ് പടിഞ്ഞാറത്തറ സ്വദേശിനി നിഖില മോഹന്‍. സംവിധായകൻ ജീവൻ എം വിയുടെ പുതിയ മലയാള ചിത്രമായ പ്ര പ്ര പി (പ്രവാചകൻ പ്രഭാകരൻ പിള്ള) യില്‍ സംഗീത സംവിധായകൻ ശ്യാം പ്രസാദ് ഈണം നൽകിയ കണ്ണാടിത്തീരം എന്ന സുന്ദര ഗാനത്തിന് ശബ്ദം നല്‍കി പിന്നണി രംഗത്തേക്ക് കാലെടുത്ത് വെച്ച നിഖിലയെ കേരള മാപ്പിളകലാ അക്കാദമി സംഘടിപ്പിച്ച സംഗീതയാനം മെഗാ ഷോ വേദിയില്‍ വെച്ച് പ്രശസ്ത സിനിമാ താരം നാദിര്‍ഷ പുരസ്ക്കാരം നല്‍കി ആദരിച്ചു. അക്കാദമി പ്രസിഡന്‍റ് തലശ്ശേരി കെ റഫീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബി നസീമ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം പി നൗഷാദ്, ഫിറോസ് ബാബു, പി കെ അമീന്‍, ഷമീം പാറക്കണ്ടി, അഫ്ര വാട്ടര്‍ പ്രുഫ് സൊല്യൂഷന്‍സ് എം ഡി സി കെ ഗഫൂര്‍  തുടങ്ങിയവര്‍ സംബന്ധിച്ചു.
ഏഴാം  വയസിൽ സംഗീത അദ്ധ്യാപിക  കാവുംമന്ദം സതീദേവി ടീച്ചറുടെ കീഴിൽ സംഗീത പഠനം ആരംഭിച്ച നിഖില 5 വർഷത്തെ സംഗീത പഠനത്തിന് ശേഷം റോസ് ഹാൻസ് ടീച്ചർ, മോഹനൻ മാസ്റ്റര്‍, സിറിയക് മാസ്റ്റര്‍ എന്നിവരുടെ കീഴിലും സംഗീതം അഭ്യസിച്ചു. പ്ലസ് ടു പഠനത്തിന് ശേഷം തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്ന് ബി എ മ്യൂസിക് ബിരുദം നേടി. പെനുവേൽ, മുത്താണ് മുത്തപ്പൻ എന്നീ ഭക്തിഗാന ആൽബങ്ങളിലും, ഇനിയും പറയാതിരുന്നാൽ എന്ന പ്രണയ ആൽബത്തിലും ഗാനങ്ങൾ ആലപിച്ചു. കണ്ണൂർ വിഷൻ ചാനലിന്റെ മ്യൂസിക്കൽ റിയാലിറ്റി ഷോ സ്മാർട്ട് സിംഗറിൽ നിരവധി റൗണ്ടുകൾ പിന്നിട്ടു. 8 വയസു മുതൽ ഗാനമേള വേദികളിൽ നിറസാനിധ്യമായ നിഖില ജില്ലാ – സംസ്ഥാന കലോൽസവങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. പഠനത്തിന് ശേഷം വിവിധ കലോത്സവങ്ങളിൽ വിധികർത്താവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തരിയോട് എട്ടാംമൈലില്‍ ജനിച്ച് വളര്‍ന്ന നിഖിലയുടെ കുടുംബം ഇപ്പോൾ പടിഞ്ഞാറത്തറയിലാണ് താമസം. ജി എച്ച് എസ് വാരാമ്പറ്റയിൽ സംഗീത അധ്യാപികയായി സേവനമനുഷ്ഠിച്ചു വരുന്ന നിഖില, പടിഞ്ഞാറത്തറ മങ്ങമ്പ്രയില്‍ മോഹൻ – ഷീബ ദമ്പതികളുടെ മകളാണ്. ഏക സഹോദരൻ നിധിൻ മോഹൻ. സംഗീത രംഗത്ത് ഒരുപാട് ഉയരങ്ങളിലെത്താന്‍ നിഖിലക്ക് സാധിക്കുമെന്ന ആത്മ വിശ്വാസത്തില്‍ വലിയ പിന്തുണയോടെ കൂടെയുണ്ട് കുടുംബവും നാട്ടുകാരും സംഗീത പ്രേമികളും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *