May 17, 2024

ആനത്താരകള്‍ക്കടുത്തുള്ള റിസോര്‍ട്ടുകളിലെ വൈദ്യുത, മുള്ളു വേലികള്‍ നീക്കം ചെയ്യണമെന്നു സുപ്രീം കോടതി; കാട്ടാന സംരക്ഷണത്തിനു ഗുണം ചെയ്യുമെന്നു വിലയിരുത്തല്‍

0

കല്‍പറ്റ-പ്രധാന ആനത്താരകളോടു ചേര്‍ന്നുള്ള റിസോര്‍ട്ടുകളുടെ അതിരുകളിലെ വൈദ്യുത, മുള്ളുവേലികള്‍ നീക്കം ചെയ്യണമെന്ന സുപ്രീം കോടതി വിധി വന്യജീവി സംരക്ഷണത്തില്‍ കൂടുതല്‍ ഗുണം ചെയ്യുമെന്നു വിലയിരുത്തല്‍. സഞ്ചാരപഥങ്ങളിലും സമീപങ്ങളിലും കാട്ടാനകള്‍ ഷോക്കേറ്റു ചരിയുന്നതും ഗുരുതരമായി പരിക്കേല്‍ക്കുന്നതും ഒരളവോളം ഒഴിവാക്കാന്‍ സുപ്രീം കോടതി വിധി സഹായകമാകുമെന്നു വന്യജീവി സംരക്ഷണ രംഗത്തുള്ളവര്‍ പറയുന്നു. നിലവില്‍ സ്വകാര്യ കൈവശത്തിലുള്ളതും കൃഷി-വ്യവസായ ആവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്നതുമായ ആനത്താരകള്‍ സര്‍ക്കാര്‍ വിലയ്ക്കുവാങ്ങി വനവത്കരണം നടത്തുന്നതു ആനകളുടെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്താന്‍ ഉതകുമെന്നു അഭിപ്രായപ്പെടുന്നവരും നിരവധിയാണ്. 
ആനത്താരകള്‍ക്കടുത്തുള്ള റിസോര്‍ട്ട് ഉടമകള്‍ സ്ഥാപിച്ച വൈദ്യുത, മുള്ളുവേലികള്‍ നീക്കം ചെയ്യുന്നതില്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും ബാധകമായ വിധിയാണ് സുപ്രീം കോടതിയുടേത്.  വന്യജീവി സംരക്ഷണ രംഗത്തെ ചില സംഘടനകള്‍ സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍, അബ്ദുല്‍ന്നാസര്‍, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ്  കഴിഞ്ഞദിവസം ഉത്തരവ് പുറപ്പെടുവിച്ചത്. 
രാജ്യത്ത് കൂടുതല്‍ ആനത്താരകളുള്ളതാണ് കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍. കാട്ടാനകളുടെ സഞ്ചാരപഥങ്ങള്‍ക്കു പ്രസിദ്ധമാണ്  തമിഴ്‌നാട്ടിലെ മുതുമല കടുവാസങ്കേതവും കര്‍ണാടകയിലെ ബന്ദിപ്പുര, നാഗരഹോള  ദേശീയോദ്യാനങ്ങളും സത്യമംഗലം ബിആര്‍ടി വനവും കേരളത്തിലെ വയനാട് വന്യജീവി സങ്കേതവും  ഉള്‍പ്പെടുന്ന നീലഗിരി ജൈവമണ്ഡലം.  നീലഗിരി ജൈവമണ്ഡലത്തില്‍ ആനത്താരകള്‍ കൈയേറി നിര്‍മിച്ച റിസോര്‍ട്ടുകള്‍ നിരവധിയാണ്.  വയനാടിനോടു ചേര്‍ന്നുള്ള നീലഗിരി ജില്ലയില്‍ മാത്രം ആനത്താരകളില്‍ അനധികൃതമായി നിര്‍മിച്ച 27 റിസോര്‍ട്ടുകള്‍ സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്നു സമീപകാലത്തു അടച്ചുപൂട്ടിയിരുന്നു. 
വയനാട്ടിലും ഇതിനകം തിരിച്ചറിഞ്ഞ ആനത്താരകളിലും അടുത്തും റിസോര്‍ട്ട് ഉള്‍പ്പെടെ നിര്‍മാണങ്ങള്‍ നടത്തിയിട്ടുണ്ട്. ശശിമല-പാതിരി-ചെറിയമല-ബ്രഹ്മഗിരി, പേരിയ-കൊട്ടിയൂര്‍, തിരുനെല്ലി-കുതിരക്കോട് എന്നിവ ജില്ലയിലെ പ്രധാന ആനത്താരകളാണ്. ഇതില്‍ തിരുനെല്ലി-കുതിരക്കോട് സഞ്ചാരപഥത്തില്‍ തിരുളുകുന്ന്, വലിയഹെജമാടി, പുലയന്‍കൊല്ലി, കോട്ടപ്പടി എന്നിവിടങ്ങളിലായി സ്വകാര്യ കൈവശത്തിലായിരുന്നതില്‍ ഏകദേശം 50 ഏക്കര്‍ വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഏറ്റെടുത്ത് സംസ്ഥാന വനം-വന്യജീവി വകുപ്പിനു കൈമാറിയിട്ടുണ്ട്. കര്‍ണാടകയിലെ മലേ മഹാദേശ്വര വന്യജീവി സങ്കേതത്തെ ബിലിഗിരി രംഗനാഥസ്വാമി കടുവാസങ്കേതവുമായി(ബി.ആര്‍.ആടി) ബന്ധിപ്പിക്കുന്ന എടേരഹള്ളി ആനത്താരയില്‍ 15.27 ഏക്കര്‍ സ്വകാര്യ കൈശവഭൂമിയും വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ വിലയ്ക്കുവാങ്ങി കൈമാറുകയുണ്ടായി. തമിഴ്‌നാട്ടിലെ സത്യമംഗലം കടുവാസങ്കേതത്തിലെ തലവാടി റേഞ്ചിനെ ബിലിഗിരി രംഗനാഥസ്വാമി കടുവാസങ്കേതത്തിലെ പുന്‍ജൂര്‍ റേഞ്ചുമായി ബന്ധപ്പിക്കുന്ന ചാമരാജ്‌നഗര്‍-തലൈമലൈ ആനത്താരയിലെ സ്വകാര്യ കൈവശഭൂമി വിലയ്ക്കുവാങ്ങാന്‍ കര്‍ണാടക വനം-വന്യജീവി വകുപ്പും വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും നീക്കം നടത്തിവരികയാണ്. 
കേരളത്തില്‍  ആനത്താരകളിലും സമീപങ്ങളിലും പ്രവര്‍ത്തിക്കുന്ന മുഴുവന്‍ റിസോര്‍ട്ടുകളിലും സുപ്രീം കോടതി പ്രാവര്‍ത്തികമാക്കാന്‍  വനം-വന്യജീവി വകുപ്പ് ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടതുണ്ടെന്നു  വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി വയനാട് ലാന്‍ഡ്‌സ്‌കേപ്പ്  കോ ഓര്‍ഡിനേറ്റര്‍ അരുള്‍ ബാദുഷ അഭിപ്രായപ്പെട്ടു. ജില്ലയിലെ മുന്നു വനം ഡിവിഷനുകളിലുമുള്ള മുഴുവന്‍ ആനത്താരകളും കണ്ടെത്തണം. അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കണം. കൈയേറ്റം നടന്ന ആനത്താരകളില്‍ ചെറുകിട കര്‍ഷകരുടെയും ആദിവാസികളുടെയും കൈവശമുള്ളത് ഉള്‍പ്പെടെ ഭൂമി പൊന്നുംവിലയ്ക്കു ഏറ്റെടുത്ത് വനവത്കരണം നടത്തുന്നത് മനുഷ്യ-മൃഗ സംഘര്‍ഷത്തിന്റെ ലഘൂകരണത്തിനു സഹായകമാകുമെന്നും അരുള്‍ പറഞ്ഞു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *