May 19, 2024

തർക്കം തീർന്നു :പടിഞ്ഞാറത്തറ – മേപ്പാടി വഴി കോയമ്പത്തൂർ ബസ് സർവ്വീസ് തുടങ്ങി

0
Img 20190803 Wa0244.jpg
കൽപ്പറ്റ:
ഇനി മേപ്പാടിയിൽ നിന്നും കോയമ്പത്തൂരിലേക്ക് നേരിട്ട് യാത്ര ചെയ്യാം. കെ എസ് ആർ ടി സി മാനന്തവാടി ഡിപ്പോയിൽ നിന്നും ആരംഭിച്ച ബസ് സർവീസിന് മേപ്പാടിയിൽ നാട്ടുകാർ ഉജ്ജ്വല വരവേൽപ്പ് നൽകി. ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ മേപ്പാടി യൂണിറ്റാണ് ടൗണിൽ സ്വീകരണം നൽകിയത്. വർഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷമാണ് ഇത്തരമൊരു സർവീസ് ആരംഭിക്കുന്നതെന്ന് ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു. നിരവധി തമിഴ്നാട് സ്വദേശികൾ ജോലി ആവശ്യങ്ങൾക്കായി എത്തുന്ന സ്ഥലമാണ് മേപ്പാടി. ഇവർക്ക് ഉൾപ്പെടെ ഏറെ ഗുണകരമാകുന്ന ബസ് സർവീസാണ് ഇതെന്ന് ഇവർ പറഞ്ഞു.. മേപ്പാടി വഴി കോയമ്പത്തൂർ ബസ് സർവീസ് എന്നത് വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമായിരുന്നു. ഇത് യാഥാർഥ്യമായതിലുള്ള ആഹ്ലാദത്തിലാണ് മേപ്പാടി നിവാസികൾ.
ഏറെ നാളത്തെ തർക്കത്തിനും കാത്തിരിപ്പിനുമൊടുവിലാണ്  മാനന്തവാടി – കോയമ്പത്തൂർ ബസ് ബുധനാഴ്ച സർവീസ് തുടങ്ങിയത്. . രാവിലെ 7.40-ന് മാനന്തവാടിയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.15-ന് ഊട്ടിയിലും 2.50 ന് കോയമ്പത്തൂരിലും എത്തും. രാത്രി എട്ടുമണിക്ക് കോയമ്പത്തൂരിൽ നിന്ന് തിരിച്ച് പുലർച്ചെ 3.25-ന് മാനന്തവാടിയിൽ എത്തും. മാനന്തവാടിയിൽ നിന്നും പടിഞ്ഞാറത്തറ, കല്പറ്റ, മേപ്പാടി വഴിയാണ് ബസ് ബുധനാഴ്ച ഓടിയത്. 
കഴിഞ്ഞ ജൂലായ് അവസാനമാണ് കോയമ്പത്തൂർ സർവീസിനായി ബസ്  മാനന്തവാടി ഡിപ്പോയിലെത്തിയത്.  കോയമ്പത്തൂരിലേക്ക് മാനന്തവാടിയിൽ നിന്നും പനമരം, കല്പറ്റ വഴി പോകണോ പടിഞ്ഞാറത്തറ കല്പറ്റ വഴി പോകണമോ എന്നതിനെ ചൊല്ലിയുള്ള തർക്കം കാരണം ഒരു മാസത്തോളമായിട്ടും സർവീസ് തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച ചീഫ് ഓഫീസിൽ നിന്നു ലഭിച്ച നിർദേശ പ്രകാരമാണ് പടിഞ്ഞാറത്തറ കല്പറ്റ വഴി സർവീസ് തുടങ്ങിയതെന്ന് കെ.എസ്. ആർ.ടി.സി. അധികൃതർ പറഞ്ഞു.മാനന്തവാടിയിൽ നിന്നും പനമരം, കല്പറ്റ, മേപ്പാടി, ചേരമ്പാടി, ഗൂഡല്ലൂർ, ഊട്ടി, മേട്ടുപാളയം  വഴി കോയമ്പത്തൂരിലേക്ക് സർവീസ് നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതുവഴിയുള്ള സർവീസിനെ എതിർത്ത്  പാസഞ്ചേഴ്സ് അസോസിയേഷനിലെ ഒരു വിഭാഗവും ഡയറക്ടർ ബോർഡ് അംഗവും രംഗത്ത് എത്തിയതോടെയാണ് റൂട്ടിനെച്ചൊല്ലി തർക്കമായതെന്നാണ് വിവരം. പനമരം, കല്പറ്റ വഴി മാറ്റി പടിഞ്ഞാറത്തറ , കല്പറ്റ വഴി ബസ് കോയമ്പത്തൂരിലേക്ക് ഓടമെന്നായിരുന്നു ഈ  വിഭാഗത്തിന്റെ ആവശ്യം. റോഡ് പണി നടക്കുന്നതിനാൽ പടിഞ്ഞാറത്തറ വഴിയുള്ള സർവീസ് ലാഭകരമാവില്ലെന്നും ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാവുക പനമരം, കല്പറ്റ വഴിയുള്ള സർവീസാണെന്നും അഭിപ്രായമുണ്ടായി.  റൂട്ടിനെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ ഉന്നതാധികൃതർ തയ്യാറാവാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ശനിയാഴ്ച മുതൽ ബസ്  പനമരം, കല്പറ്റ വഴി   ഓടാൻ തീരുമാനമായിരുന്നു. എന്നാൽ അവസാന നിമിഷത്തിൽ തീരുമാനം മാറ്റുകയായിരുന്നു. പനമരം കല്പറ്റ വഴിയുള്ള സർവീസിനെ എതിർക്കുന്ന വിഭാഗക്കാരുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം മാറ്റിയതെന്നും ആരോപണമുണ്ട്. 
കേരളാ – തമിഴ്നാട്  അന്തസ്സംസ്ഥാന ഗതാഗതക്കരാർ പ്രകാരം ഇരു സംസ്ഥാനങ്ങളും  പുതിയ സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മാനന്തവാടി – കോയമ്പത്തൂർ സർവീസും അനുവദിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *