May 6, 2024

മുന്നൊരുക്കങ്ങളില്ലാതെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം: കോൺഗ്രസ് എ.ഇ.ഒ. ഓഫീസ് മാർച്ച് നടത്തി.

0
02.jpg
ഒരു വിഭാഗം പുറത്തായത് സര്‍ക്കാരിന്‍റെ ഗുരുതവീഴ്ചയെന്ന് എന്‍ ഡി അപ്പച്ചന്‍
കല്‍പ്പറ്റ: മതിയായ മുന്നൊരുക്കങ്ങളില്ലാതെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിച്ച് വിദ്യാര്‍ത്ഥികളെ വഞ്ചിച്ച ഇടതുസര്‍ക്കാരിനെതിരെ കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എ ഇ ഒ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. കെ പി സി സി എക്സിക്യുട്ടീവ് അംഗം എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പിടിവാശി മൂലമാണ് യാതൊരുവിധ മുന്നൊരുക്കങ്ങളുമില്ലാതെ ജൂണ്‍ മാസം ഒന്ന് മുതല്‍ തന്നെ ഓണ്‍ലൈന്‍ പഠനം ആരംഭിക്കുമെന്ന് വാശിപിടിച്ചാണ് ഈ വര്‍ഷത്തെ വിദ്യാഭ്യാസം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പലരും അതിലുണ്ടാകാന്‍ പോകുന്ന പ്രായോഗിക വിഷമതകള്‍ ചൂണ്ടിക്കാണിച്ചിട്ടും തന്‍റെ ധാര്‍ഷ്ട്യത്തിന്‍റെ ഭാഗമായാണ് ഓണ്‍ലൈന്‍ പഠനം ആരംഭിച്ചത്. കേരളത്തിലെ ലക്ഷകണക്കിന് വരുന്ന ആദിവാസി, നിര്‍ധന വിദ്യാര്‍ത്ഥികളാണ് ഓണ്‍ ലൈന്‍ പഠനസൗകര്യമില്ലാതെ വിഷമത്തിലായത്. ഓണ്‍ലൈനില്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ അവര്‍ക്ക് അറിയാന്‍ സാധിക്കുന്നില്ല. ഇത്തരം സൗകര്യങ്ങളൊന്നുമില്ലാത്തതിന്‍റെ പേരിലാണ് മലപ്പുറത്ത് ദേവികയെന്ന പെണ്‍കുട്ടി ജീവനൊടുക്കിയത്. സഹപാഠികള്‍ പഠിക്കുമ്പോഴും തനിക്ക് അതിന് കഴിയാത്തതില്‍ മനംനൊന്താണ് ആ കുട്ടി ആത്മഹത്യ ചെയ്തത്. ആ പെണ്‍കുട്ടിയുടെ മരണത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ല. അതുകൊണ്ട് പാവപ്പെട്ടവര്‍ക്കും പിന്നോക്കവിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് വേണ്ട സൗകര്യം ഒരുക്കിക്കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. നാല് വര്‍ഷം പിന്നിട്ട പിണറായി സര്‍ക്കാരിന്‍റെ ഭരണത്തിന്‍റെ ബാക്കിപത്രമെന്ന് പറയുന്നത് അഴിമതിയും കെടുകാര്യസ്ഥതയുമാണ്. സര്‍ക്കാര്‍ ഖജനാവിലേക്ക് വരേണ്ട പണം കൊള്ളയടിക്കുന്ന ജോലി മാത്രമാണ് നടത്തിയത്. പാര്‍ട്ടിക്കാര്‍ക്ക് മാത്രം ആനുകൂല്യങ്ങളും സൗകര്യങ്ങളും ഒരുക്കിക്കൊടുക്കാന്‍ വേണ്ടി മാത്രമാണ് ഈ സര്‍ക്കാര്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്‍റെ കൊള്ളക്കെതിരെ പ്രതിപക്ഷനേതാവും, കോണ്‍ഗ്രസ് നേതാക്കന്മാരും ചൂണ്ടിക്കാണിച്ച മുഴുവന്‍ കാര്യങ്ങളും സത്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. സ്പ്രിംഗ്ളര്‍, ബേവ് ക്യൂ ആപ്പിലൂടെ ബാറുകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ സഹായിച്ചതും, പമ്പയാറിലെ മണല്‍ക്കൊള്ളയുമെല്ലാം പ്രതിപക്ഷം പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞുകഴിഞ്ഞിരിക്കുകയാണ്. ബേവ്ക്യൂ ആപ്പിലെ ടോക്കണുകള്‍ മുഴുവന്‍  ഇന്ന് പോകുന്നത് ബാറുകളിലേക്കാണ്. ബീവറേജസ് ഔട്ട്ലറ്റുകള്‍ നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. രാജ്യം ഭരിക്കുന്ന മോദിയും കേരളം ഭരിക്കുന്ന പിണറായിയും ഒരേ തൂവല്‍പക്ഷികളായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊറോണ മൂലം ലോകം വിറങ്ങലിച്ച് നില്‍ക്കുമ്പോഴും പ്രധാനമന്ത്രി കൈയ്യും കെട്ടിനോക്കിനില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 20 ലക്ഷം കോടിയുടെ പ്രഖ്യാപനം കൊണ്ട് സാധാരണക്കാര്‍ക്ക് ഒന്നും ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോര്‍പറേറ്റുകള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ പി സി സി അംഗവും, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റും  പി പി ആലി അധ്യക്ഷനായിരുന്നു. അഡ്വ. ടി ജെ ഐസക്, പി കെ അനില്‍കുമാര്‍, പോള്‍സണ്‍ കൂവക്കല്‍, ഗിരീഷ് കല്‍പ്പറ്റ, ആര്‍ ഉണ്ണികൃഷ്ണന്‍, കെ കെ രാജേന്ദ്രന്‍, പി വിനോദ്കുമാര്‍, എസ് മഹേഷ്, സാലി റാട്ടക്കൊല്ലി തുടങ്ങിയവര്‍ പങ്കെടുത്തു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *