September 26, 2023

ശ്രദ്ധാകേന്ദ്രമായി മുട്ടിൽ: വിജയക്കൊടി നാട്ടാന്‍ കഠിനപ്രയത്‌നവുമായി മുന്നണികള്‍

0
IMG_20201205_173422.jpg
കല്‍പ്പറ്റ:കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയത്തര്‍ത്തിലൂടെ മാധ്യമശ്രദ്ധ നേടിയ മുട്ടില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ വിജയക്കൊടി നാട്ടാന്‍ കഠിനപ്രയത്‌നവുമായി മുന്നണികള്‍. ഡിവിഷനില്‍ തുടര്‍ച്ചയായ മൂന്നാംവട്ടവും ജനവിധി അനുകൂലമാക്കുന്നതിനു തുഴയെറിയുന്ന  യു.ഡി.എഫിനു കനത്ത വെല്ലുവിളി ഉയര്‍ത്തുകയാണ് എല്‍.ഡി.എഫും എന്‍.ഡി.എയും.അടവുകളെല്ലാം പുറത്തെടുത്താണ് മൂന്നു മുന്നണികളുടെയും തെരഞ്ഞെടുപ്പു പ്രചാരണം.


    യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഷംസാദ് മരയ്ക്കാര്‍,ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് പഞ്ചാര,ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.വി. ന്യൂട്ടണ്‍ എന്നിവരാണ് ഡിവിഷനില്‍ യഥാക്രമം യു.ഡി.എഫ്,എല്‍.ഡി.എഫ്  ,എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ കെ. മിനി 2,772 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ച മണ്ഡലമാണ് മുട്ടില്‍.ഇക്കുറി തര്‍ക്കങ്ങള്‍ക്കൊടുവില്‍ യുവനേതാവിനെ കളത്തിലിറക്കിയ കോണ്‍ഗ്രസ് മിന്നുന്ന വിജയമാണ് ഉന്നമിടുന്നത്.ഡിവിഷനില്‍ യു.ഡി.എഫിന്റെ കുത്തക തകര്‍ക്കാമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫും എന്‍.ഡി.എയും.


     മുട്ടില്‍ പഞ്ചായത്ത് പൂര്‍ണമായും(19 വാര്‍ഡുകള്‍) കോട്ടത്തറ പഞ്ചായത്തിലെ നാല്,അഞ്ച്,ആറ് വാര്‍ഡുകളും മേപ്പാടി പഞ്ചായത്തിലെ ഒന്ന്,രണ്ട്,മൂന്ന്,നാല്,21,22 വാര്‍ഡുകളും ചേരുന്നതാണ് മുട്ടില്‍ പഞ്ചായത്ത് ഡിവിഷന്‍.31,000നടുത്താണ് വോട്ടര്‍മാരുടെ എണ്ണം.കര്‍ഷകരും ആദിവാസികളും തോട്ടം തൊഴിലാളികളും ഉള്‍പ്പെടുന്നതാണ് സമ്മതിദായകരുടെ ഗണം.
അടിസ്ഥാന സൗകര്യങ്ങളുടേതടക്കം വികസനം വാഗ്ദാനം ചെയ്താണ് മൂന്നു മുന്നണികളും വോട്ടര്‍മാരെ സമീപിക്കുന്നത്.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭരണനേട്ടങ്ങളും കോട്ടങ്ങളും തെരഞ്ഞെടുപ്പു പ്രചാരണ വിഷയമാകുന്നുണ്ട്.
വോട്ടുറപ്പിക്കാന്‍ മൂന്നു സ്ഥാനാര്‍ഥികളും പരമാവധി വീടുകള്‍ കയറുകയാണ്.എന്‍ഡിഎ സ്ഥാനാര്‍ഥി ഇതിനകം 3,000ലധികം വീടുകളാണ് കയറിയത്.ഓരോ വീട്ടിലും  നേരിട്ടെത്താനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്,യുഡിഎഫ് സ്ഥാനാര്‍ഥികളും.


     മുട്ടില്‍ പഞ്ചാര ഹൗസ് പരേതരായ പോക്കര്‍-മറിയം ദമ്പതികളുടെ മകനാണ് ഐഎന്‍എല്ലിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ  മുഹമ്മദ് പഞ്ചാര.ഭാര്യ റഹ്‌യാനത്തും അഞ്ചു മക്കളും അടങ്ങുന്നതാണ് കുടുംബം.1980ല്‍ യൂത്ത് ലീഗിലൂടെയാണ് പൊതുരംഗത്തു എത്തിയത്.കേരള പ്രവാസി ലീഗ് ജില്ലാ ജോയിന്റ് സെക്രട്ടറി,എംഎസ്എസ് ജില്ലാ വൈസ് പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.


    വരദൂര്‍ ചോലയ്ക്കല്‍ മരയ്ക്കാര്‍-കുത്സു ദമ്പതികളുടെ മകനാണ് 33 കാരനായ ഷംസാദ.് ഭാര്യ സീനത്തും അടങ്ങുന്നതാണ് കുടുംബം.കെഎസ്‌യുവിലൂടെയാണ് പൊതുരംഗത്തു എത്തിയത്. സംഘടനയുടെ  ജില്ലാ വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗമാണ്.


     മുട്ടില്‍ പാറയ്ക്കല്‍ പി.എസ്. വെങ്കിടേശ്വരന്‍-ലീലമ്മാള്‍ ദമ്പതികളുടെ മകനാണ് 48കാരനായ ന്യൂട്ടണ്‍.ഭാര്യ ജഗദംബാളും സിദ്ധാര്‍ഥ്,നിവേദ്യ എന്നീ മക്കളും ഉള്‍പ്പെടുന്നതാണ് കുടുംബം.വര്‍ഷങ്ങളായി പൊതുരംഗത്തുള്ള ഇദ്ദേഹം 1987ല്‍  ബിജെപി മുട്ടില്‍ ടൗണ്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു.പാര്‍ട്ടി കല്‍പ്പറ്റ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്,ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.അഞ്ചു വര്‍ഷമായി ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റാണ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *