വയനാട് ജില്ലാ പഞ്ചായത്ത്: മുള്ളന്‍കൊല്ലിയില്‍ കൊമ്പുകോര്‍ത്ത് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും

കല്‍പ്പറ്റ:വയനാട് ജില്ലാ പഞ്ചായത്തിലെ മുള്ളന്‍കൊല്ലി വനിതാ സംവരണ ഡിവിഷനില്‍ കൊമ്പുകോര്‍ക്കുന്നതു കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും.രൂപീകരണകാലം മുതല്‍ യുഡിഎഫിനൊപ്പം നില്‍ക്കുന്ന മണ്ഡലത്തില്‍ ഇക്കുറി വിധിയെഴുത്തു എങ്ങനെയാകുമെന്നു പറയാന്‍ വോട്ടെണ്ണല്‍ കഴിയണം.അത്രയ്ക്കു ഉശിരന്‍ പോരാട്ടമാണ് ഡിവിഷനില്‍ ഇടതു,വലതു മുന്നണികള്‍ കാഴ്ചവയ്ക്കുന്നത്.
കോണ്‍ഗ്രസിലെ ബീന കരുമാംകുന്നേലും കേരള കോണ്‍ഗ്രസ്-എമ്മിലെ ഗോള്‍ഡ തോമസുമാണ് മണ്ഡലത്തിലെ മുഖ്യസ്ഥാനാര്‍ഥികള്‍.എല്‍ഡിഎഫ് കേരള കോണ്‍ഗ്രസ്-എമ്മിനു നല്‍കിയ ഏക ജില്ലാ പഞ്ചായത്ത് ഡിവിഷനാണ് കര്‍ണാടകയുമായി അതിരിടുന്ന മുള്ളന്‍കൊല്ലി.ബിജെപി സംസ്ഥാന സമിതിയംഗം ആശ ഷാജിയാണ് എന്‍ഡിഎയ്ക്കുവേണ്ടി മത്സരരംഗത്ത്.
മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 14-ഉം പുല്‍പള്ളി പഞ്ചായത്തിലെ മൂന്നും പൂതാടി പഞ്ചായത്തിലെ നാലും വാര്‍ഡുകള്‍ ഡിവിഷന്റെ ഭാഗമാണ്.30,000നടുത്താണ് വോട്ടര്‍മാരുടെ എണ്ണം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ വര്‍ഗീസ് മുരിയന്‍കാവിലായിരുന്നു വിജയി. 2,800 വോട്ടായിരുന്നു ഭൂരിപക്ഷം. മണ്ഡലം നിലനിര്‍ത്താന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്.എല്‍ഡിഎഫും വിജയപ്രതീക്ഷയിലാണ്.കേരള കോണ്‍ഗ്രസിനു വേരോട്ടമുള്ളതാണ് ഡിവിഷനിലെ മുള്ളന്‍കൊല്ലി, പാടിച്ചിറ പ്രദേശങ്ങള്‍.വോട്ടെണ്ണം വര്‍ധിപ്പിക്കുകയാണ് ബിജെപി ലക്ഷ്യം.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡിവിഷനില്‍ 4,800 വോട്ടാണ് എന്‍ഡിഎയ്ക്കു ലഭിച്ചത്..
മുള്ളന്‍കൊല്ലി കരുമാംകുന്നേല്‍ ജോസിന്റെ ഭാര്യയാണ് 48കാരിയായ ബീന.അരുണ്‍ ജോസ്,അമല്‍ ജോസ് എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം. നിലവില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ ട്രഷററാണ്.കെഎസ്‌യുവിലും യൂത്ത് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.എസ്എസ്എയില്‍ സേവനം ചെയ്തിട്ടുണ്ട്.
മരക്കടവ് മുകളേല്‍ ജിന്‍സിന്റെ ഭാര്യയാണ് 45കാരിയായ ഗോള്‍ഡ.ജസ്വിന്‍ ജിന്‍സ്,ജാസ്മിന്‍ ജിന്‍സ് എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.പട്ടാണിക്കൂപ്പ് സെന്റ് തോമസ് സ്‌കൂള്‍ അധ്യാപികയാണ്. കുടുംബശ്രീ പ്രവര്‍ത്തകയുമായ ഇവര്‍ ആദ്യമായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി ശശിമല കുഴിമുള്ളോരത്ത് ഷാജിയുടെ ഭാര്യയാണ് 46കാരിയായ ആശ.അഞ്ജു കൃഷ്ണ,അമലു കൃഷ്ണ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.ബാലഗോകുലത്തിലൂടെ പൊതുരംഗത്തു എത്തിയ ആശ മഹിള മോര്‍ച്ച ജില്ലാ പ്രസിഡന്റായിരുന്നു.നിലവില്‍ സംസ്ഥാന സമിതിയംഗമാണ്.



Leave a Reply