April 29, 2024

ലഹരിക്കെതിരെയുള്ള കരുതല്‍ : സാനന്ദ് കൃഷ്ണക്ക് ആദരം

0
Img 20221006 163847.jpg
പനങ്കണ്ടി : സ്വന്തം വിദ്യാലയത്തില്‍ നിന്ന് ലഹരിവിരുദ്ധ പോരാട്ടങ്ങള്‍ക്ക് പുതിയ മുഖം നല്‍കി ശ്രദ്ധേയനാവുകയാണ് പനങ്കണ്ടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി സാനന്ദ് കൃഷ്ണ. ആരുടെയും പ്രേരണയില്ലാതെ സ്വന്തം മനസ്സില്‍ ഉദിച്ച ചിന്തകളാണ് സാനന്ദിനെ ലഹരി വിരുദ്ധ പോരാട്ടങ്ങളുടെ  വേറിട്ട പാതയിലേക്ക് നയിച്ചത്. നാടിനെ വിഴുങ്ങുന്ന ലഹരിക്കെതിരെയുള്ള പോസ്റ്ററുകള്‍ സ്വയം നിര്‍മ്മിച്ച്  സ്‌കൂളുകളിലും വീടുകളിലും വിതരണം ചെയ്യും. പഠനത്തിന്റെ ഇടവേളകളിലും അവധി ദിവസങ്ങളിലും പൊതു ഇടങ്ങളില്‍ പോസ്റ്റര്‍ ഒട്ടിച്ചാണ് സാനന്ദ് തന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നേറ്റമുണ്ടാക്കിയത്. സാനന്ദിന് കൂട്ടായി സ്‌കൂളിലെ സഹപാഠികളായ ദക്ഷും യദു കൃഷ്ണയും അണിചേര്‍ന്നു. ഇതോടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിശാലമായി.  
സ്വന്തം വിദ്യാലയത്തില്‍ നടന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ  ജില്ലാതല ഉദ്ഘാടന വേദിയില്‍ അര്‍ഹിച്ച ആദരവ് സാനന്ദിനെയും കൂട്ടുകാരെയും തേടിയെത്തി. മന്ത്രി എ.കെ ശശീന്ദ്രന്റെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ എ.ഗീത സാനന്ദിനെയും കൂട്ടുകാരെയും ഉപഹാരം നല്‍കി ആദരിച്ചു. സാനന്ദിന്റെ ലഹരി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് സ്‌കൂള്‍ അധികൃതരും പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. അധ്യാപകരായ അച്ഛനും അമ്മയും സാനന്ദിന്റെ പോരാട്ടങ്ങള്‍ക്ക് ശക്തി പകരുന്നുണ്ട്. ലഹരി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് പുറമെ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുമായും മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണ് സാനന്ദും കൂട്ടരും. സമൂഹ മാധ്യമങ്ങള്‍ വഴിയും ലഹരി വിരുദ്ധ പ്രചാരണങ്ങള്‍ ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കുഞ്ഞു നായകന്‍. ലഹരിയുടെ കാണാക്കയങ്ങളിലേക്ക് പുതുതലമുറ വഴുതി വീഴുമ്പോള്‍ ലഹരിക്കെതിരെ സ്വയം കാവലാളായി മാറുകയാണ് ഈ വിദ്യാര്‍ത്ഥി. പോരാട്ടത്തില്‍ കൂട്ടുകാരും അണിനിരക്കുന്നതോടെ പനങ്കണ്ടി സ്‌കൂളും പുതിയ ചരിത്രമെഴുതുകയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *