May 17, 2024

വയനാടിനോട് ഈ സര്‍ക്കാര്‍ കാട്ടിയത് കടുത്ത അവഗണന; ജനങ്ങളെ കേള്‍ക്കാതെയുള്ള നവകേരളസദസ് അപഹാസ്യം: എന്‍.ഡി.അപ്പച്ചന്‍

0
Img 20231121 183654

 

കല്‍പ്പറ്റ: ജനങ്ങളെ കേള്‍ക്കാതെയുള്ള നവകേരളസദസ്സ് അപഹാസ്യമാണെന്ന് ഡി.സി.സി പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍. വയനാട്ടിലെ ജനങ്ങളുടെ നിരവധിയായ പ്രശ്‌നങ്ങളോട് കഴിഞ്ഞ ഏഴ് വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. യു ഡി എഫ് സര്‍ക്കാരിന്‍റെ കാലത്ത് തറക്കല്ലിട്ട മെഡിക്കല്‍ കോളജ് പദ്ധതി അട്ടിമറിച്ചുവെന്ന് മാത്രമല്ല, മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളജായി ഉയര്‍ത്തിയെങ്കിലും മതിയായ ചികിത്സാസൗകര്യം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

അത്യാസന്ന നിലയിലുള്ള രോഗികളെയും കൊണ്ട് ഇന്നും ഗതാഗതകുരുക്കുള്ള ചുരമിറങ്ങേണ്ട ഗതികേടിലാണ് വയനാട്ടുകാര്‍. പാതിവഴിയില്‍ ജീവന്‍ നഷ്ടമാവുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോഴും സര്‍ക്കാര്‍ അതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.

കാര്‍ഷികമേഖല സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ്. കടബാധ്യത മൂലം കര്‍ഷക ആത്മഹത്യകള്‍ വയനാട്ടില്‍ തുടര്‍ക്കഥയാകുമ്പോഴും അനുകൂല നടപടികളൊന്നും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. വിളനാശവും വിലത്തകര്‍ച്ചയും മൂലം വായ്പ തിരിച്ചടക്കാനാവാതെ ദിനേനയെന്നോണം ജപ്തി നോട്ടീസ് കര്‍ഷകര്‍ക്ക് ലഭിക്കുമ്പോഴും സര്‍ക്കാര്‍ നിസംഗത തുടരുകയാണ്. കാര്‍ഷികമേഖലയിലും വനാതിര്‍ത്തിഗ്രാമങ്ങളിലും വന്യമൃഗശല്യം രൂക്ഷമായി തുടരുമ്പോഴും ആശ്വാസകരമായ യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടില്‍ നേരിട്ടെത്തി പ്രഖ്യാപിച്ച ഏഴായിരം കോടി രൂപയുടെ പാക്കേജില്‍ ഒരു രൂപ പോലും ഇതുവരെ നല്‍കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചുരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമായി ബൈപ്പാസ്-ബദല്‍പാതകള്‍ക്കായി പ്രതിഷേധം ശക്തമാകുമ്പോഴും അനുകൂലമായി ഒരു നടപടിയോ മറുപടിയോ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. വയനാടന്‍ജനതയുടെ സ്വപ്നപദ്ധതികളിലൊന്നായ വയനാട്-നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാത ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് അട്ടിമറിക്കപ്പെട്ടത്. സി പി എം അധീനതയിലുള്ള ബ്രഹ്‌മഗിരി സൊസൈറ്റിയിലെ നിക്ഷേപകര്‍ക്ക് 68 കോടി രൂപയാണ് നല്‍കാനുള്ളത്. സര്‍ക്കാര്‍ ഓരോ ബജറ്റിലും കോടികളാണ് സൊസൈറ്റിക്ക് വേണ്ടി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ കോടികള്‍ നല്‍കിയിട്ടും കെടുകാര്യസ്ഥതയാണ് സൊസൈറ്റിയെ തകര്‍ച്ചയിലേക്ക് നയിച്ചതെന്നാണ് നിക്ഷേപകര്‍ പറയുന്നത്.

പാര്‍ട്ടി നേതൃത്വം കൈമലര്‍ത്തിയതോടെ നിക്ഷേപകര്‍ സമരം ആരംഭിച്ചിരിക്കുകയാണ്. ചികിത്സക്ക് പോലും പണമില്ലാതെ ഇന്ന് നിക്ഷേപകര്‍ ഒന്നാകെ ദുരിതത്തിലാണ്. ഇത്തരത്തില്‍ വയനാടിന്റെ സര്‍വമേഖലകളും തകര്‍ന്നുതരിപ്പണമായി കിടക്കുമ്പോഴാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും നവകേരള സദസ്സിനായി വയനാട്ടിലേക്ക് വരുന്നത്. ജില്ലയോട് എക്കാലത്തും ഈ സര്‍ക്കാര്‍ കാട്ടിയത് അവഗണന മാത്രമാണ്. ഉമ്മന്‍ചാണ്ടി ജനങ്ങളെ കേട്ടും അവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞും ജനസമ്പര്‍ക്കപരിപാടിയിലൂടെ തത് സമയമായിരുന്നു പരിഹാരം കണ്ടിരുന്നതെങ്കില്‍ പിണറായി വിജയന്റെ നവകേരളസദസ് ജനങ്ങള്‍ക്ക് മുമ്പില്‍ വന്ന് അവരുടെ സങ്കടം കേള്‍ക്കാതെ വീരവാദം മുഴക്കല്‍ മാത്രമായി മാത്രമായി മാറി.

സഹകരണ മേഖലയെ കൊള്ളയടിച്ച സർക്കാർ പാവപെട്ട കർഷകരോട് കാണിക്കുന്നത് കൊടും കക്രൂരതയാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് കാർഷിക വായ്പ്പകൾക്ക് പലിശ ഇനത്തിൽ നബാർഡിന്‍റെ സബ്സിഡി ഉൾപ്പടെ ആറുശതമാനം പലിശ ഇളവ് ലഭിച്ചിരുന്നു. ഈ സബ്സിഡി പിണറായി സർക്കാർ നിർത്തലാക്കിയിരിക്കുകയാണ്. കർഷകരെ ദ്രോഹിക്കുന്ന ഇതുപോലൊരു സർക്കാർ ഇതിനു മുൻപ് കേരളം ഭരിച്ചിട്ടില്ല. യുപിഎ സർക്കാരിന്‍റെ കാലത്ത് പാവപ്പെട്ട കർഷകരെ സഹായിക്കാൻ 73000 കോടി രൂപ കാർഷിക വായ്‌പ എഴുതി തള്ളിയിരുന്നു. കടക്കെണിയിൽ അകപെട്ടവരെ സഹായിക്കാൻ യുഡിഎഫ് സർക്കാരിന്‍റെ കാലത്തും കർഷക വായ്‌പകൾ എഴുതി തള്ളിയിട്ടുണ്ട് .എന്നാൽ നിലവിലെ സർക്കാർ ജനദ്രോഹ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണെന്ന് ഡിസിസി നേതൃയോഗം അഭിപ്രായപ്പെട്ടു. ഡിസിസി പ്രസിഡണ്ട് എൻ.ഡി അപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു .പി.കെ ജയലക്ഷ്മി, പിപി ആലി, വി.എ മജീദ്, ടിജെ ഐസക്, കെ.വി പോക്കർ ഹാജി, ഒവി. അപ്പച്ചൻ, എംഎ ജോസഫ്, പി.ഡി. സജി എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *