May 5, 2024

കടുത്ത വേനലിന്റെ തളർച്ചയിൽ തളരാതെ, ജനാധിപത്യത്തിന്റെ മഹോത്സവം ആഘോഷിക്കപ്പെടുമ്പോൾ

0
Img 20240425 151508

കൽപ്പറ്റ: ബൂത്തിലെത്തി വോട്ടു ചെയ്യാനാവാത്തവരുടെ വീട്ടിലെത്തി വോട്ടു ചെയ്യിപ്പിച്ചപ്പോഴുള്ള വോട്ടർമാരുടെ സന്തോഷം കൊണ്ടുണ്ടായ ചാരിതാർത്ഥ്യവും നിർവൃതിയും കൊണ്ട് ഹൃദയം നിറഞ്ഞ പനമരം ടീം 24 ലെ പോളിംഗ് അസിസ്റ്റന്റ് ബിജു പി. കെയുടെ മനോഹരമായ ഒരു തെരഞ്ഞെടുപ്പോർമ.

“ഓർഡർ സോഫ്റ്റ് വെയറിലെ രണ്ടാം റാന്റമൈസേഷനും കഴിഞ്ഞു, ഹാവൂ; ഇത്തവണ ഇല്ല..! ഇലക്ഷൻ ഡ്യൂട്ടിയോടുള്ള ഇഷ്ടകുറവുകൊണ്ടല്ല. താമസിക്കുന്നിടവും ജോലി ചെയ്യുന്നിടവും ഒഴിവാക്കി അമ്പത് കിലോമീറ്റർ അപ്പുറത്തുമാത്രം ജോലിക്ക് നിയമിച്ച് പരമാവധി ബുദ്ധിമുട്ടിക്കുക എന്ന രീതിയോടുള്ള പൊരുത്തക്കേട് കൊണ്ടുമാത്രം. അങ്ങനെ ആശ്വാസപുറത്ത് കത്തിക്കാളുന്ന പൊരിവെയിലിന്റെ തീക്ഷ്ണതയും വേനൽമഴ മടിച്ചു നിൽക്കുന്നതിന്റെ കഷ്ടതയും ചർച്ച ചെയ്ത് ഓഫീസിൽ ഫാനിന്റെ ചുവട്ടിൽ ചൂടിനെ പഴിച്ച് പതിവ് ജോലികളും ചെയ്തിരിക്കുമ്പോൾ അതാ വില്ലേജ് ഓഫീസറുടെ വരവ്.

കൈയ്യിൽ ഒരു കടലാസ്, അന്വേഷിക്കുന്നത് എന്നേയും. കൈയ്യിലെ കടലാസ് എന്നെയേൽപ്പിച്ച് ഒപ്പും വാങ്ങി ഒരു പുഞ്ചിരിയും സമ്മാനിച്ച് അദ്ദേഹം മടങ്ങിയപ്പോൾ. ഞാൻ ആകാംഷയോടെ പേപ്പറിൽ കണ്ണോടിച്ചു. ബൂത്തിലെത്തി വോട്ടു ചെയ്യാൻ ബുദ്ധിമുട്ടുള്ളവരെ വീട്ടിലെത്തി വോട്ടുചെയ്യിക്കുന്ന സംഘാംഗമായി നിയമിച്ചിരിക്കുന്നു. സർവീസിൽ പ്രവേശിച്ചതു മുതൽ എല്ലാ തെരഞ്ഞെടുപ്പിലും ജോലി എന്ന പതിവ് ഇത്തവണ തെറ്റി; എന്ന വിശ്വാസം അങ്ങനെ തകിടം മറിഞ്ഞു.

ഒരു ദിവസത്തെ പരിശീലനത്തിന് ശേഷം, പിറ്റേന്ന് സർവ്വ സന്നാഹങ്ങളുമായി വീടുകളിലേക്ക്. മൈക്രോ ഒബ് സർവ്വർ, പോളിംഗ് ഓഫീസർ, പോളിംഗ് അസ്റ്റിസ്റ്റൻ്റ്, പോലീസ് ഓഫീസർ, വീഡിയോ ഗ്രാഫർ, ഡ്രൈവർ വിത്ത് വണ്ടി. വഴി കാട്ടാൻ ബൂത്ത് ലെവൽ ഓഫീസർമാർ, ടീം 24 റെഡി.

പനമരത്ത് കാത്ത് നിന്ന ബി.എൽ.ഒ. യേയും കൂട്ടി ആദ്യ വോട്ടറുടെ അടുത്തേക്ക്. അദേഹത്തിന്റെയും തിരിച്ചറിയൽ കാർഡിന്റെയും സഹായത്തോടെ വോട്ടറെ തിരിച്ചറിഞ്ഞ് നടപടിക്രമങ്ങൾ വിശദീകരിച്ച്. സത്യവാങ്മൂലം ഒപ്പിട്ട്, അനുവദിച്ച ബാലറ്റുമായി വോട്ടർ വീട്ടിലൊരുക്കിയ കമ്പാർട്ട്മെന്റിലേക്ക്. മറ്റാരും കാണാതെ രഹസ്യ സ്വഭാവം പൂർണമായും പാലിച്ച് വോട്ട് ചെയ്ത് ചെറിയ കവറിലിട്ട് ഒട്ടിച്ച്.. ആ കവർ.. സത്യവാങ്മൂലം അടക്കം മറ്റൊരു വലിയ കവറിലിട്ട് അതും ഒട്ടിച്ച്. ആദ്യ കുറച്ച് വോട്ടുകൾ ഒച്ചിഴയും വേഗത്തിലായിരുന്നു. പൂരിപ്പിക്കേണ്ട ഫോമുകൾ. നടപടി ക്രമങ്ങൾ. എല്ലാം വഴങ്ങാൻ അല്പം നേരമെടുത്തു. പതുക്കെ പതുക്കെ അങ്ങനെ ട്രാക്കിലായി.

ഞങ്ങളോട് അനുകമ്പ തോന്നിയിട്ടെന്നപോലെ ഇടയ്ക്ക് മേഘങ്ങൾ തണലൊരിക്കുയിരുന്നെങ്കിലും. അതിനേയും മറികടന്നെത്തിയ സൂര്യന്റെ കത്തിക്കാളുന്ന തീക്ഷ്ണ രശ്മികളോട് പൊരുതി വൈകുന്നേരത്തോടെ 23 വോട്ടുകൾ പൂർത്തീകരിച്ചു. ഡ്രൈവർ ചന്ദ്രേട്ടന്റെ 22 വർഷത്തെ പരിചയത്തിന്റെ ബലത്തിൽ ഊടുവഴികളും ഇടവഴികളും കയറ്റിറക്കങ്ങളും മഹീന്ദ്ര ജീപ്പ് സാഹസികമായി കയറിയിറങ്ങിയെങ്കിലും വൈകുന്നേരമായപ്പോഴേക്കും എല്ലാവരും തളർന്നു പോയിരുന്നു.

പങ്കു കച്ചവടക്കാരന്റെ പക 20 വർഷമായി ഓർമ്മകളും സ്ഥലകാലബോധവും കെടുത്തി വീൽചെയറിലാക്കിയ ജീവിതം.. നാല് ആൺമക്കളും സ്വന്തം കാര്യം നോക്കി പോയപ്പോൾ ഒറ്റയ്ക്കായി പോയ ഒരു പിതാവ്. ജൻമനാ അരയ്ക്കു താഴെ തളർന്നു പോയ വനിത.

കാഴ്ചയില്ലാതെ. ചെവികേൾക്കാതെ.. പ്രായം തളർത്തിയവർ. “ആരേയും ബുദ്ധിമുട്ടിക്കാതങ്ങെന്ന് പോയാൽ മതി” എന്ന് നെടുവീർപ്പിടുന്നവർ.

അയഞ്ഞപേശികളും ചുളിങ്ങിയ ദേഹവുമായി വിറച്ചു നീങ്ങുന്നവർക്കിടയിൽ ഇപ്പോഴും തൊഴിലുറപ്പ് ജോലിക്ക് പോകുന്ന ആമിനുമ്മയുടെ പല്ലില്ലാമോണകാട്ടി നാണത്തോടെയുള്ള നിഷ്കളങ്കമായ ചിരി.

പ്രായമായവരുടെ പരിചരണവും സംരക്ഷണവും എന്ന സാമൂഹ്യ പ്രശ്നത്തിൽ ഭരണതലത്തിൽ ഉണ്ടാവേണ്ട ഇടപെടലിന്റെ ആവശ്യകത എടുത്തു പറയുന്നതായിരുന്നു പല വീട്ടിലേയും അവസ്ഥ. ഒറ്റപ്പെട്ടു പോയവരെ ഒരുമിച്ചു നിർത്താനും. ജീവിത സായാഹ്നം ആഹ്ലാദകരമാക്കാനും. എന്തിന് ഒന്ന് “മിണ്ടി പറയാനും” പര്യാപ്തമായ പുനരധിവാസ കേന്ദ്രങ്ങൾക്ക് വളരെ പ്രാധാന്യം ഉണ്ടെന്ന് തോന്നിപോയി.

അവരെ പരിചരിക്കാൻ വേണ്ടി മാത്രം വീട്ടിൽ തളയ്ക്കപ്പെട്ടവരുടെ ദൈന്യതയ്ക്കും അതൊരു മോചനമാകും. ജോലി തേടി മറ്റു രാജ്യങ്ങളിൽ ചേക്കേറിയവരും. കൂടെ ഉണ്ടായിട്ടും കൂട്ടാവാത്തവരും. അങ്ങനെ പുകയുന്ന പലപ്രശ്നങ്ങൾക്കും ഗൗരവമായ ഒരു പുനർചിന്തനം ആവശ്യമാണെന്ന് തോന്നി.

ബൂത്തിലെത്താനാവാത്ത അവരെ വീട്ടിലെത്തി വോട്ടുചെയ്യിച്ചപ്പോൾ അവർക്കുണ്ടായ സന്തോഷം.. ഒരു പൗരനും അവന്റെ സമ്മതിദാനാവകാശം നിഷേധിക്കപ്പെടരുത് എന്ന തെരഞ്ഞെടുപ്പ് കമ്മീഷണന്റെ തീരുമാനത്തിലെ അന്ത:സത്ത ഉൾകൊണ്ട് മൂന്ന് ദിവസത്തെ തീവ്രശ്രമഫലമായി. ഏൽപ്പിച്ച എല്ലാം വോട്ടുകളും ചെയ്യിച്ച് മടങ്ങുമ്പോൾ.

വെയിലിന്റെയും മഴയില്ലാത്തതിന്റെയും വറുതി വിതറിയ തളർച്ചയ്ക്കും ആശങ്കകൾക്കും അപ്പുറത്ത്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ഭരണ കർത്താക്കളെ തീരുമാനിക്കുന്ന അതിവിപുലമായ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യം സർവ്വ ക്ഷീണത്തേയും മറികടന്ന് ഉള്ളിൽ അഭിമാനമായി നിറഞ്ഞു നിന്നിരുന്നു”.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *