May 20, 2024

രക്താർബുദം ബാധിച്ച കുട്ടിയുടെ കുടുംബത്തെ നാട്ടുകാർ ടൂറിസ്റ്റു ഹോമിലാക്കി.

0
കൽപ്പറ്റ: : രക്താര്‍ബുദം (ലൂക്കീമിയ) ബാധിച്ച ഒമ്പത് വയസുകാരന്‍ തീരാദുരിതത്തില്‍. സ്വന്തമായി സ്ഥലവും വീടുമില്ലാത്ത കുടുംബം നാട്ടുകാരുടെ സഹായത്തോടെ കഴിയുന്നത് പുല്‍പ്പള്ളിയിലെ ടൂറിസ്റ്റ് ഹോമില്‍. മുള്ളന്‍കൊല്ലി ചണ്ണോത്തുകൊല്ലി സഞ്ജുവിന്റെ മകന്‍ ആദര്‍ശാണ് ലുക്കീമിയ രോഗം മൂലം ദുരിതത്തിലായിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും ചികിത്സ നടത്തി തിരികെയെത്തിയ ശേഷം ജീവിക്കാന്‍ യാതൊരു വഴിയുമില്ലാത്ത അവസ്ഥയിലാണ് ഈ കുടുംബം. പിതാവ് എട്ട് വര്‍ഷം മുമ്പ് ഉപേക്ഷിച്ച് പോയതിന് ശേഷം സഞ്ജു കൂലിപ്പണി ചെയ്താണ് കുടുംബത്തെ പോറ്റിയിരുന്നത്. 
        ആദര്‍ശിനെ കൂടാതെ മൂന്നാംക്ലാസില്‍ പഠിക്കുന്ന പത്തുവയസുകാരനായ ആകാശ് എന്ന മറ്റൊരു മകന്‍ കൂടി സഞ്ജുവിനുണ്ട്. ആദര്‍ശിന് രോഗം മൂര്‍ച്ഛിച്ചതോടെ കുടുംബം എന്ത് ചെയ്യണമെന്ന അവസ്ഥയിലായി. ജോലിക്ക് പോകാന്‍ സാധിക്കാതെ വന്നതോടെ കടുത്ത സാമ്പത്തിക പ്രയാസത്തിലുമായി. പലപ്പോഴും നാട്ടുകാരാണ് ചികിത്സക്കും മറ്റുമായി സഹായിച്ചത്. 
         ശരീരം ചൊറിഞ്ഞുതടിപ്പിക്കുന്നതും, അഞ്ചാംപനിയുള്‍പ്പെടെ വരുകയും ചെയ്തതിനെ തുടര്‍ന്ന് ആദര്‍ശിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീടാണ് രോഗം ലുക്കീമിയ ആണെന്ന് തിരിച്ചറിയുന്നത്. ആദര്‍ശിന്റെ ചികിത്സ നടക്കുന്നതിനിടെ സഞ്ജുവിന് ഗര്‍ഭപാത്രത്തിലുണ്ടായ മുഴയെ തുടര്‍ന്ന് ഓപ്പറേഷന്‍ നടത്തേണ്ടി വന്നു. പിന്നീട് ഓപ്പറേഷന്‍ ചെയ്ത മുറിവ് പഴുത്തതോടെ സ്ഥിതി വഷളായി. അവിടെയും സഹായവുമായെത്തിയത് നാട്ടുകാര്‍ തന്നെയായിരുന്നു.
        വിദഗ്ധമായ ചികിത്സ ലഭ്യമായാല്‍ ആദര്‍ശിന് ഇനിയും ജീവിതത്തിലേക്ക് തിരിച്ചുവരാനാവും. എന്നാല്‍ സാമ്പത്തികശേഷിയില്ലാത്തതില്‍ അതിനുള്ള സാഹചര്യം നിലവിലില്ല. രോഗബാധയുള്ളതിനാല്‍ പൊടിയും മറ്റും കലര്‍ന്ന അന്തരീക്ഷത്തില്‍ കഴിയാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇത് തിരിച്ചറിഞ്ഞ പ്രദേശവാസികളാണ് കുടുംബത്തെ പുല്‍പ്പള്ളി ടൗണിലെ തറയില്‍ ടൂറിസ്റ്റ് ഹോമില്‍ എത്തിക്കുന്നത്. 
          മരുന്നുകളും മറ്റും കഴിക്കുന്നുണ്ടെങ്കിലും അടിയന്തരമായി വിദഗ്ധ ചികിത്സ ലഭ്യമാക്കിയാല്‍ മാത്രമെ ആദര്‍ശിന് ജീവിതത്തിലേക്ക് തിരിച്ചുവരാനാകൂ. പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് യു പി സ്‌കൂളില്‍ ഇത്തവണ ഒന്നാംക്ലാസില്‍ ആദര്‍ശിനെ ചേര്‍ത്തിരുന്നു. മുമ്പ് രോഗബാധയെ തുടര്‍ന്ന് ആദര്‍ശിന് സ്‌കൂളില്‍ പോകാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ രോഗം വീണ്ടും മൂര്‍ച്ഛിച്ചതോടെ ഇപ്പോള്‍ സ്‌കൂള്‍ പോകാന്‍ സാധിക്കാത്ത അവസ്ഥയുമാണ്. സ്വന്തമായി സ്ഥലത്തിലും വീടിനുമായി കയറിയിറങ്ങാത്ത സ്ഥലങ്ങളില്ലെന്ന് കരഞ്ഞുകൊണ്ട് സഞ്ജു പറയുന്നു. ജില്ലാകലക്ടറുടെ മുമ്പില്‍ വരെയെത്തി എല്ലാ വിവരങ്ങളും ധരിപ്പിച്ചു എന്നാല്‍ ഒരു നടപടിയുമുണ്ടായിട്ടില്ല. റേഷന്‍കാര്‍ഡിന് വേണ്ടിയും കുറെ നടന്നെങ്കിലും അതും ശരിയായില്ല. അതുകൊണ്ട് തന്നെ മറ്റ് ആനുകൂല്യങ്ങളും ലഭ്യമായില്ല. 
         ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി, കാരുണ്യ ചിക്തിസ പദ്ധതിയടക്കം സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നുണ്ടെങ്കിലും അതൊന്നും ഈ കുടുംബത്തിന് ഇതുവരെ ലഭ്യമായിട്ടില്ല. സന്മസുകള്‍ സഹായിക്കുമെന്ന ഏകപ്രതീക്ഷയിലാണ് ഈ കുടുംബം ഇപ്പോള്‍ ജീവിക്കുന്നത്. ഫോണ്‍ നമ്പര്‍: 7356539523.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *