May 8, 2024

ഇന്ന് പഴശ്ശി വീരാഹുതി ദിനം.. കേരളസിംഹത്തിന്റെ മരണം ഇന്നും ദുരൂഹമായ സത്യം

0
Img 20181125 152712 1
സി.വി.ഷിബു
 കല്‍പ്പറ്റ: 
വിദേശ സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ അടരാടിയ വീരകേരള വര്‍മ്മ പഴശ്ശി
രാജാവിന്റെ 213ാം വീരാഹുതി വാര്‍ഷികമാണ് ഇന്ന്. കേരള സിംഹം
എന്നറിയപ്പെടുന്ന പഴശ്ശിരാജാവിന്റെ മരണം എങ്ങനെയായിരുന്നതിന്റെ സത്യം
രണ്ട് നൂറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ദുരൂഹമായി തുടരുകയാണ്. ഒട്ടേറെ
ചരിത്രകാരന്മാരും ഗവേഷകരും പഴശ്ശിയെക്കുറിച്ച് പഠിച്ചെങ്കിലും മരണകാരണം
കണ്ടെത്താന്‍ ഇനിയും ആര്‍ക്കുമായിട്ടില്ല. വയനാട്ടിലെയും കണ്ണൂരിലെയും
തദ്ദേശീയ ഗോത്ര ജനതയെയും നായര്‍ പടയെയും കൂടെകൂട്ടി ബ്രിട്ടീഷ്
അധിനിവേശത്തിനെതിരെ ഒരു പതിറ്റാണ്ടോളം ബഹുജന സമരം നയിച്ച വീരകേരള വര്‍മ്മ
പഴശ്ശി രാജാവ് 1805 നവംബര്‍ 30ന് പുല്‍പ്പള്ളിക്കടുത്ത മാവിലാംതോടിന്റെ
കരയില്‍ മരിച്ചു എന്നാണ് ചരിത്രം. ചരിത്രപുസ്തകങ്ങളില്‍ പലതിലും
അദ്ദേഹത്തിന്റെ അന്ത്യം സംബന്ധിച്ച് നിലനില്‍ക്കുന്ന വൈരുദ്ധ്യങ്ങള്‍ക്ക്
രണ്ട് നൂറ്റാണ്ടും ഒന്നര പതിറ്റാണ്ടുമായിട്ടും ഇതുവരെ
മാറ്റമുണ്ടായിട്ടില്ല. പഴശ്ശിയുടെ മരണം സംബന്ധിച്ച പല വാദപ്രതിവാദങ്ങളും
നിലനില്‍ക്കുന്നുണ്ടെങ്കിലും സത്യം സ്ഥിതീകരിക്കാന്‍ ഒരു ചരിത്രകാരനും
ആയിട്ടില്ലെന്നതാണ് യഥാര്‍ത്ഥ വസ്തുത. ബ്രിട്ടീഷ് സൈന്യത്താല്‍
വളയപ്പെട്ട പഴ്ശ്ശിരാജാവ് സൈന്യത്തിനുമുമ്പില്‍ കീഴടങ്ങാന്‍
ഇഷ്ടപ്പെടാത്തതിനാല്‍ തന്റെ മോതിരത്തിലെ വൈരക്കല്ല് വിഴുങ്ങി ആത്മഹത്യ
ചെയ്തു എന്നാണ് ഒരു നിഗമനം. അതല്ല, മറിച്ച മാവിലാംതോടിന്റെ കരയില്‍വെച്ച്
ബ്രീട്ടീഷ് സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു എന്നാണ് ഈസ്റ്റ് ഇന്ത്യ
കമ്പനി അവകാശപ്പെട്ടത്. എഴുത്തുകാരനായ മുണ്ടക്കയം ഗോപി എഴുതിയ
അറിയപ്പെടാത്ത വയനാട് എന്ന ഗ്രന്ഥത്തില്‍പഴശ്ശിയുടെ അന്ത്യം ഒരു കടങ്കത
എന്ന അധ്യായത്തില്‍ കേരളവര്‍മ്മ പഴശ്ശിരാജാവ് വൈരക്കല്ല് വിഴുങ്ങി
ആത്മഹത്യചെയ്തതായുള്ള രേഖകള്‍ മാനന്തവാടി വില്ലേജ് ഓഫീസില്‍
ഉണ്ടായിരുന്നതായും എന്നാല്‍ പിന്നീടത്ത് നഷ്ടപ്പെട്ടതായും പറയുന്നു.
മാവിലാംതോടിന്റെ കരയില്‍വെച്ച് നടന്ന സൈനിക
ഏറ്രുമുട്ടലില്‍പഴശ്ശിരാജാവിന്റെ അനുയായികളില്‍ പ്രമുഖനായ കൊട്ടിയോട്ട്
ആറളത്ത് കുട്ടിനമ്പ്യാര്‍ അടക്കമുള്ള അഞ്ച് പേരേയും വധിച്ചതിനെക്കുറിച്ച്
മിലിട്ടറി ഓപ്പേറേഷന് നേതൃത്വം നല്‍കിയ സബ്കലക്ടര്‍ തോമസ് ഹാര്‍വേ ബാബര്‍
ഫോര്‍ട്ട് സെന്റ് ജോര്‍ജ്ജിലുള്ള സര്‍ക്കാര്‍ ചീഫ് സെക്രട്ടറിക്ക് അയച്ച
കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ പഴശ്ശി രാജാവ് എങ്ങനെ മരിച്ചു
എന്നതിനെ സംബന്ധിച്ച് പരാമര്‍ശമില്ല. ബാബര്‍ അന്നത്തെ മലബാര്‍
പ്രിന്‍പിപ്പല്‍ കലക്ടര്‍ തോമസ് വാര്‍ഡന് പഴശ്ശിയുടെ അന്ത്യം സംബന്ധിച്ച്
എഴുതിയ കത്തിലും ഏറ്റുമുട്ടലില്‍ മരിച്ചുവെന്നേ പറയുന്നുള്ളൂവെന്ന്
മുണ്ടക്കയം ഗോപി എഴുതുന്നു. മാവിലാംതോടിന്റെ കരയില്‍ നിന്നും ഓടി
രക്ഷപ്പെടാന്‍ ശ്രമിച്ച പഴശ്ശിയെ തടഞ്ഞുനിര്‍ത്തിയ ബാബറുടെ ബൃത്യന്‍
കണാരമേനോനെ നെഞ്ചിനുനേരെ തോക്കുചൂണ്ടി അടുത്തു വരരുത് തൊട്ട്
അശുദ്ധമാക്കരുത് എന്ന് പറഞ്ഞതായും ബാബറിന്റ കത്തിലുണ്ട്.
വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ പഴശ്ശിയുടെ ജീവിതത്തിന് അന്ത്യം
കുറിച്ചത് സ്വന്തം തോക്കിലെ വെടിയുണ്ടതന്നെയാണെന്ന് ഗോപി പുസ്തകത്തില്‍
പറയുന്നു. ബാബര്‍ തന്റെ കത്തില്‍ മുഖ്യ എതിരാളിയായ രാജാവിനുനേരെ ആര്
വെടിവെച്ചു എന്ന് ആര് വാള്‍ വീശി എന്നും പറയുന്നില്ലെന്നും
പരാമര്‍ശമുണ്ട്.
മാനന്തവാടിയിലുള്ള പഴശ്ശി കുടീരത്തില്‍ പഴശ്ശിരാജാവ് ആത്മഹത്യ ചെയ്തുന്ന
എന്നാണ് പുരാവസ്തു ചരിത്രവിഭാഗം രേഖപ്പെടുത്തിയിരിക്കുന്നത്.
പഴശ്ശിരാജാവിന്റെ അന്ത്യം ചരിത്രവസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും
കര്‍ണാടക സംസ്ഥാനത്തിന്റെ ഭാഗമായ  കങ്കാരു  പുഴയോരത്താണ് പഴശ്ശി
മരിച്ചതെന്നും ഗോപി വാദിക്കുന്നു. എന്നാല്‍ വര്‍ഷങ്ങളായി പഴശ്ശി അനുസ്മരണ
പരിപാടികള്‍ നടത്തുന്ന ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള സംഘടനകളും
കേരളത്തിലെ മറ്റ് ചരിത്രകാരന്മാരും പഴശ്ശി ചാരിറ്റബിള്‍ ട്രസ്റ്റും
മാനന്തവാടിയിലെ പൊതുജനങ്ങളും പറയുന്നത് പഴശ്ശിരാജാവ് മരിച്ചത്
മാവിലാംതോട്ടില്‍വെച്ചുതന്നെയാണന്നാണ്. . എന്നാല്‍ മരണകാരണം സമര്‍ത്ഥിച്ച്
തെളിയിക്കാന്‍ ആര്‍ക്കും ആയിട്ടില്ല.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *