May 15, 2024

ആദിവാസികളുടെ പ്രശ്‌നങ്ങള്‍; മനുഷ്യാവകാശ കമ്മീഷന്‍ വിലയിരുത്തി

0
കല്‍പ്പറ്റ:പരിഹാരമില്ലാതെ നീളുന്ന ആദിവാസി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സജീവമായി ഇടപെടുന്നു. ജില്ലയില്‍  നടന്ന സിറ്റിങ്ങില്‍ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.മോഹന്‍ദാസ് കൂടുതല്‍ സമയവും ചെലവഴിച്ചത് ആദിവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു. ജില്ലയിലെ മുന്‍ഗണനാ റേഷന്‍കാര്‍ഡ് ഇതുവരെ ലഭ്യമായിട്ടില്ലാത്ത ആദിവാസി കുടുംബങ്ങള്‍ക്ക് കാര്‍ഡില്ലാതെ തന്നെ റേഷന്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം കൂടുതല്‍ കാര്യക്ഷമമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപ്പാക്കണമെന്ന്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇവര്‍ക്ക് കാര്‍ഡുകള്‍ ലഭ്യമാക്കാനുളള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു. 
മുന്‍ഗണനാകാര്‍ഡ് ഇല്ലാത്തത് ആദിവാസികള്‍ക്ക് മെച്ചപ്പെട്ട ചികിത്സതേടാന്‍ പോലും കഴിയാത്ത സാഹചര്യമുണ്ടാക്കുന്നതായി കമ്മീഷന്‍ പറഞ്ഞു. ജില്ലയിലെ ആദിവാസി ജനവിഭാഗത്തിനായി വിവിധ വകുപ്പുകള്‍ നടപ്പിലാക്കി വരുന്ന ആനുകൂല്യങ്ങള്‍, പദ്ധതികള്‍, തുടങ്ങിയ കാര്യങ്ങള്‍ വകുപ്പു മേധാവികളില്‍ നിന്ന്‍ ചോദിച്ചറിഞ്ഞു. വന്യജീവികളുടെ ആക്രമണം, വീടുകളുടെ പണി പൂര്‍ത്തീകരിക്കാത്ത പ്രശ്‌നങ്ങള്‍,വൈദ്യുതീകരണം തുടങ്ങിയ മറ്റ് വിഷയങ്ങളും ഊരുമൂപ്പന്‍മാരും പ്രതിനിധികളും കമ്മീഷനു മുമ്പില്‍ അവതരിപ്പിച്ചു. യോഗത്തില്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ്, ഡെപ്യൂട്ടി കളക്ടര്‍ ടി.സോമനാഥന്‍, കമ്മീഷന്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് റാഫി, സെക്ഷന്‍ ഓഫീസര്‍ ഷിജു, മനുഷ്യാവകാശ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന്‍ നടത്തിയ അദാലത്തില്‍ കമ്മീഷന്‍ 90 കേസുകള്‍ പരിഗണിച്ചു. ഏഴ് കേസുകള്‍ തീര്‍പ്പാക്കി. പുതുതായി അമ്പതോളം കേസുകളും അദാലത്തില്‍ ലഭിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *