May 20, 2024

ഡിജെ പാര്‍ട്ടിയിലെ സംഘര്‍ഷം: നാശനഷ്ടങ്ങളുണ്ടായതായി ഓള്‍ കേരളാ ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍

0
കല്‍പ്പറ്റ: അമ്പലവയലില്‍ പൂപ്പൊലിയുടെ ഭാഗമായി നടന്ന ഡിജെ പാര്‍ട്ടിയുടെ മറവില്‍ നടന്ന സംഘര്‍ഷങ്ങളില്‍ ജില്ലയിലെ പന്തല്‍, സൈറ്റ് ആന്‍ഡ് സൗണ്ട് ഉടമകള്‍ക്ക് വന്‍നാശനഷ്ടങ്ങളുണ്ടായതായി ഓള്‍ കേരളാ ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലൈറ്റ്, കസേര, പന്തല്‍ തുടങ്ങിയ സാധന സാമഗ്രികള്‍ അക്രമത്തില്‍ തകര്‍പ്പെട്ടതിലൂടെ ഏകദേശം ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച്  സമഗ്രമായ അന്വേഷണം നടത്താനോ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. പൂപ്പൊലിയുടെ സംഘാടകര്‍ 30 രൂപ നിരക്കില്‍ ടിക്കെറ്റെടുത്തവര്‍ക്ക് ഡിജെ പാര്‍ട്ടിക്കും അനുമതി നല്‍കിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. അക്രമങ്ങളില്‍ നിരവധി പന്തല്‍, ലൈറ്റ് തൊഴിലാളികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. 
ഒരോ പരിപാടിയുടെയും വിജയ-പരാജയങ്ങളുടെ പേരില്‍ തങ്ങളുടെ സാധന സാമഗ്രികള്‍ തല്ലിത്തകര്‍ക്കുകയും ജീവനക്കാരെ അക്രമിക്കുകയും ചെയ്യുന്ന പ്രവണതയാണുള്ളത്. ഇതു അവസാനിപ്പിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നും വാടക്കെടുക്കുന്ന വസ്തുക്കള്‍ക്കും തൊഴിലാളികള്‍ക്കും ആവശ്യമായ സംരക്ഷണം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ നടക്കുന്ന സര്‍ക്കാര്‍ പരിപാടികള്‍ക്ക് ലൈറ്റ്, സൗണ്ട് അടക്കമുള്ള സാധനങ്ങള്‍ ഇനിമുതല്‍ വാടകക്ക് നല്‍കില്ലെന്നും ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാത്രി 10ന് ശേഷം മൈക്ക്‌സെറ്റ് ഒരുകാരണാവശാലും പ്രവര്‍ത്തിപ്പിക്കുകയില്ലെന്നും അവര്‍ പറഞ്ഞു. 10ന് ശേഷം നടക്കുന്ന പരിപാടികളില്‍ സംഘാടകരുടെ പേരില്‍ നടപടിയെടുക്കണം. സാധന സാമഗ്രികള്‍ കണ്ടുക്കെട്ടുന്നതുള്‍പ്പെടെയുള്ള പ്രവണന അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍.എ. ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഷിബു കരണി, ട്രഷറര്‍ പി.സി. രാജു, സെക്രട്ടറിമാരായ ഷറഫുദ്ദീന്‍ കമ്പളക്കാട്, യാക്കൂബ് മടക്കിമല, മൂസ കല്‍പ്പറ്റ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *