April 29, 2024

ബത്തേരി നഗരത്തിൽ പട്ടയത്തിനായുള്ള 231 കുടുംബങ്ങളുടെ കാത്തിരിപ്പ് അനിശ്ചിതമായി നീളുന്നു. തിങ്കളാഴ്ച കലക്ട്രേറ്റ് ധർണ്ണ

0
Img 20180407 120357
— കല്‍പറ്റ-സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും ബത്തേരി ഫെയര്‍ലാന്‍ഡ്, സീക്കുന്ന് പ്രദേശങ്ങളിലെ കൈവശകുടുംബങ്ങള്‍ പട്ടയനിഷേധം നേരിടുന്നു. പട്ടയത്തിനായുള്ള 231 കുടുംബങ്ങളുടെ കാത്തിരിപ്പാണ് അനിശ്ചിതമായി നീളുന്നത്. കൈവശക്കാര്‍ ഇതിനകം നല്‍കിയ അപേക്ഷകളും പട്ടയാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭങ്ങളും  ഫലം ചെയ്തില്ല. അപക്ഷിച്ചതില്‍ 45 കുടുംബങ്ങള്‍ക്കു മാത്രമാണ് പല ഘട്ടങ്ങളിലായി പട്ടയം അനുവദിച്ചത്. ഒന്നര മാസം മുമ്പാണ് രണ്ടു കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചത്. 



ഫെയര്‍ലാന്‍ഡിലും സീക്കുന്നിലുമായി 18.8 ഹെക്ടര്‍ ഭൂമിയില്‍ പതിറ്റാണ്ടുകളായി താമസിച്ചുവരുന്നതാണ് കൈവശ കുടുംബങ്ങള്‍. 20 സെന്റില്‍ ചുവടെ ഭൂമി കൈവശം വയ്ക്കുന്നവരാണ് ഇവരില്‍ അധികവും. മുഴുവന്‍ കൈവശക്കാര്‍ക്കും പട്ടയം നല്‍കാന്‍ 2010 ഓഗസ്റ്റ് നാലിനാണ് സര്‍ക്കാര്‍ ഉത്തരവായത്. ഇത് പ്രാവര്‍ത്തികമാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വരുത്തിയ വീഴ്ചയാണ് കൈവശക്കാര്‍ക്ക് വിനയായത്. പട്ടയം ഇല്ലാത്തതിനാല്‍ കടുത്ത പ്രയാസങ്ങളാണ് കൈവശക്കാര്‍ അനുഭവിക്കുന്നത്. റേഷന്‍ കാര്‍ഡും വൈദ്യുതി-കുടിവെള്ള  കണക്ഷനും കൈവശക്കാര്‍ക്ക് നിഷേധിക്കുകയാണ്. മറ്റുള്ളവരെ അപേക്ഷിച്ച് ഭവന നികുതി മൂന്നിരട്ടിവരെ നല്‍കാനും കൈവശ കുടുംബങ്ങള്‍ നിര്‍ബന്ധിതരാകുകയാണ്. 
ഫെയര്‍ലാന്‍ഡ്-സീക്കുന്ന് പട്ടയപ്രശ്‌നം പരിഹരിക്കുന്നതിനു 2017 ഒക്ടോബര്‍ 11നു കല്‍പറ്റയില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ഒരു മാസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്ന് യോഗത്തില്‍ കലക്ടര്‍ ഉറപ്പുനല്‍കിയെങ്കിലും വെറുതെയായി. ഇതേത്തുടര്‍ന്ന്  ഫെബ്രുവരി 12നു ബത്തേരി മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ പട്ടയാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കൈവശ കുടുംബങ്ങള്‍ സമരം ചെയ്തിരുന്നു. അന്ന് പ്രശ്‌നത്തില്‍ ഇടപെട്ട ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണനും ഡപ്യൂട്ടി കലക്ടറും  അര്‍ഹരായ മുഴുവന്‍ കൈവശക്കാര്‍ക്കും മാര്‍ച്ച് 30നകം പട്ടയം ലഭിക്കുന്നതിനു  നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയതും വെറുതെയായി. 
ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്താനാണ് പട്ടയാവകാശ സംരക്ഷണ സമിതിയുടെ തീരുമാനമെന്ന് ചെയര്‍മാന്‍ പി. പ്രഭാകരന്‍ നായര്‍, കണ്‍വീനര്‍ നൗഫല്‍ കളരിക്കണ്ടി, ട്രഷറര്‍ സി.വി.എസ്. നായര്‍, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ ഷമീര്‍ ബാബു, കെ.പി. അഷ്‌കര്‍ എന്നിവര്‍ പറഞ്ഞു. രാവിലെ 11നു ആരംഭിക്കുന്ന ധര്‍ണയില്‍ പട്ടയനിഷേധം നേരിടുന്ന മുഴുവന്‍ കൈവശ കുടുംബങ്ങളും പങ്കെടുക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *