May 18, 2024

വയനാടിന്‍റെ വികസന പ്രതിസന്ധിക്ക് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റുകള്‍ നടപടി സ്വീകരിക്കണം.കെ.ഫ്രാന്‍സിസ് ജോര്‍ജ്

0
6x4

 സംസ്ഥാനത്തെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന 85% കര്‍ഷകരും ആദിവാസികളും കര്‍ഷക തൊഴിലാളികളും അധിവസിക്കുന്ന കാര്‍ഷിക ജില്ലയായ വയനാടിന്‍റെ വികസന പ്രതിസന്ധിക്കും ജില്ലയിലെ കര്‍ഷകര്‍ വര്‍ഷങ്ങളായി നേരിടുന്ന അതി രൂക്ഷമായ കാര്‍ഷീക പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുവാന്‍ ഇനിയെങ്കിലും കേന്ദ്രസംസ്ഥാന ഗവണ്‍മെന്‍റുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്‌ സംസ്ഥാന ചെയര്‍മാന്‍ അഡ്വ.കെ. ഫ്രാന്‍സിസ് ജോര്‍ജ് എക്സ്. എം.പി. ആവശ്യപ്പെട്ടു.

മാറി മാറി അധികാരത്തില്‍ വന്ന കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റുകള്‍ വയനാടിനോട് കടുത്ത അവഗണന തുടരുന്നതായി വയനാട്ടിലെ ജനങ്ങള്‍ പരാതിപ്പെടുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അതിദാരുണമായ കാര്‍ഷീക തകര്‍ച്ചയാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷത്തെ അതി കഠിനമായ കാലവര്‍ഷ-ക്കെടുതിയില്‍ ആയിരക്കണക്കിനു കര്‍ഷകരുടെ വാഴ, നെല്ല്, കപ്പ, കമുങ്ങ് തുടങ്ങിയ കൃഷികള്‍ പൂര്‍ണ്ണമായി നശിച്ചിരിക്കുകയാണ്. കര്‍ഷകരുടെ നിലനില്‍പ്പ്‌ തന്നെ അപകടത്തിലാകുന്ന ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടില്ലെങ്കില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന ജില്ലയായി വയനാട് വീണ്ടും അറിയപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കാര്‍ഷീക വിളകളുടെ നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിച്ച ഗവര്‍ണമെന്‍ന്‍റിന്‍റെ  നടപടി സ്വാഗതാര്‍ഹമാണെങ്കിലും നഷ്ടപരിഹാരത്തുക കാലവിളംബമില്ലാതെ വിതരണം ചെയ്യുവാന്‍ കളക്ടറേറ്റില്‍ പ്രത്യേക അടിയിന്തര സഹായ സെല്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര ഗവര്‍ണമെന്റ്റ് കുരുമുളകിന് 500 രൂപാ കുറഞ്ഞ ഇറക്കുമതി വില  പ്രഖ്യാപിച്ചുവെങ്കിലും കര്‍ഷകര്‍ക്ക് ഇപ്പോള്‍ 270/- രൂപ മാത്രമാണ് ലഭിക്കുന്നതി. റബ്ബര്‍, ഏലം, കാപ്പി, തേയില, ഇഞ്ചി തുടങ്ങിയ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവ് കര്‍ഷകരെ ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു. വയനാട്ടിലെ കാര്‍ഷിക മേഖലയിലെ രൂക്ഷമായ പ്രതിസന്ധിക്ക് പരിഹാരം എന്നാ നിലയില്‍ വയനാട്ടിലെ കര്‍ഷകര്‍ക്ക് പ്രത്യക പാക്കേജും കടാശ്വാസ പദ്ധതികളും പ്രഖ്യാപിക്കണമെന്നും, വിലയിടിവിന് കാരണമായ ഇറക്കുമതി നയം കേന്ദ്ര ഗവര്‍ണമെന്‍റ് പുന:പരിശോധിച്ച് കര്‍ഷകരുടെ രക്ഷക്ക് എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2006 ല്‍ കേന്ദ്രം നടപ്പിലാക്കിയ വിദര്‍ഭ പാക്കേജിനു ശേഷം കഴിഞ്ഞ 12 വര്‍ഷമായി യാതൊരു പദ്ധതിയും വയനാട്ടിലെ കര്‍ഷകര്‍ക്ക് കേന്ദ്രം അനുവദിച്ചിട്ടില്ല. വയനാടിന്‍റെ സമഗ്ര വികസനം ആവശ്യപ്പെട്ടുകൊണ്ട് ജനാധിപത്യ കേരളാ കോണ്ഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി വ്യാപാരി ഭവനില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 

വയനാടിനെ കര്‍ണ്ണാടകയുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന ഗോണിക്കുപ്പ, മാനന്തവാടി, കുറ്റ്യാടി, കോഴിക്കോട് റോഡ്‌ പ്രധാനമന്ത്രിയുടെ ഭരത്മാല  പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദേശീയ പാതയായി പ്രഖ്യാപിക്കുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാത്രികാല യാത്രാ നിരോധനവും ചുരത്തിലെ ഗതാഗത തടസ്സവും ഇല്ലാത്ത റോഡാണിത്. താമരശ്ശേരി ചുരത്തില്‍ ഗതാഗത തടസ്സമുണ്ടായപ്പോള്‍ കുറ്റ്യാടി ചുരം വഴിയാണ് വാഹനങ്ങള്‍ തിരിച്ചുവിട്ടത്. ഈ റോഡിലൂടെയുള്ള കുത്തനെയുള്ള കയറ്റം കുറക്കുകയും, വീതി അല്പം കൂട്ടുകയും ചെയ്താല്‍ വലിയ വാഹനങ്ങളും ഈ വഴി കടത്തി വിടുവാന്‍ കഴിയും.

വികസന സെമിനാറില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് ചെയര്‍മാന്‍ പി.സി. ജോസഫ്, എക്സ്.എം.എല്‍.എ മോഡറേറ്റര്‍ ആയിരുന്നു. ജില്ലാ പ്രസിഡണ്ട്‌ കെ.എ.ആന്‍റണി വികസന രേഖ അവതരിപ്പിച്ചു.

1.       പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ റോഡ്‌ ഉടന്‍ യാഥാര്‍ത്ഥ്യമാക്കുക.

2.       കര്‍ണ്ണാടകയും തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന വയനാടിന്‍റെ മുഴുവന്‍ വനാര്‍ത്തികളിലും റെയില്‍ പാളി നിര്‍മ്മിച്ച് വന്യമൃഗ ശല്യത്തിന് ശ്വാശത പരിഹാരം കാണുക.

3.       ദേശീയ പ്രാധാന്യമുള്ള നഞ്ചന്‍കോഡ്-നിലമ്പൂര്‍ റെയില്‍ പാത യാഥാര്‍ത്ഥ്യമാക്കുക.

4.       മൈസൂര്‍-മാനന്തവാടി-കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ KSRTC ബസ്സ്‌ സര്‍വ്വീസ് ആരംഭിക്കുക.

5.       റെയില്‍വേ പിങ്കു ബുക്കില്‍ ഇടം പിടിച്ച തലശ്ശേരി-മൈസൂര്‍ റോഡിന് കേന്ദ്രം അനുമതി നല്‍കുക.

6.       മെഡിക്കല്‍ കോളേജ് നിര്‍മ്മാണം ത്വരിതപ്പെടുത്തുക തുടങ്ങിയ വികസന ആവശ്യങ്ങളും യോഗം ഉന്നയിച്ചു. വയനാട്ടിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി സകല അഭിപ്രായ വ്യത്യാസങ്ങളും വെടിഞ്ഞ്, രാഷ്ട്രീയത്തിനതീതമായി ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ വയനാടിന്‍റെ വികസനം സാധ്യമാകുമെന്ന് വികസന സെമിനാര്‍ ആവശ്യപ്പെട്ടു.

കെ.എം ജോസഫ്, വി.എസ്. ചാക്കോ, വിത്സണ്‍ നെടുംകൊമ്പില്‍, ജോസ് വി.എ. തുടങ്ങിയവര്‍ വിവിദ വിഷയങ്ങളെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.പി. പോളി, അഡ്വ.എ.ജെ. ജോസഫ്, ബിജു എം.എം., പൗലോസ്‌ കെ.എം., പി.ജെ.റെജി, ടി.പി.കുര്യാക്കോസ്‌, ജോര്‍ജ് എരമംഗലത്ത്, അഡ്വ.ജോര്‍ജ് വാതുപരമ്പില്‍, ജോസഫ് എം.ഒ., മാത്യു പുതുപ്പറമ്പില്‍, അഗസ്റ്റിന്‍ സി.ജെ., സുനില്‍ അഗസ്റ്റിന്‍, ജോയി തോമസ്‌, പി.ജെ.സെബാസ്റ്റ്യന്‍,  ജോണ്‍സന്‍ സി.ജെ., തോമസ്‌ ഇ.റ്റി., അനൂപ്‌ ചേലൂര്‍, പി.ജെ. ചാക്കോ, ജോയി സി.ജെ., അനൂപ്‌ തോമസ്‌  തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *