April 29, 2024

വയനാട്ടിൽ മാലിന്യ നിർമാർജ്ജനത്തിന് സംഘടിത ശ്രമം: പത്ത് ദിവസം കൊണ്ട് വയനാടിനെ മാലിന്യ മുക്തമാക്കും.

0
Img 20180901 Wa0064
കൽപ്പറ്റ: പ്രളയാനന്തരം വയനാട് ജില്ലയെ സമ്പൂർണ്ണമായി മാലിന്യ മുക്തമാക്കുന്നതിന് ഊർജ്ജിതവും സംഘടിതവുമായ ശ്രമം തുടങ്ങി. ആദ്യ ഘട്ടമായി ആഗസ്റ്റ് 30-ന് നടന്ന ക്ലീൻ അപ് വയനാട് യജ്ഞം വിജയമായിരുന്നുവെന്ന് അധികൃതർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ   വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ശുചിത്വമിഷൻ, ഹരിത കേരള മിഷൻ, ക്ലീൻ കേരള കമ്പനി, കേരള സ്ക്രാപ് മർച്ചന്റ്സ് അസോസിയേഷൻ എന്നിവർ ചേർന്ന് സന്നദ്ധ പ്രവർത്തകരെ ഏകോപിപ്പിച്ചു കൊണ്ടാണ്  പദ്ധതി നടപ്പാക്കുന്നത്.  മാലിന്യ ശേഖരണവും തരം തിരിക്കലും  ഗതാഗതവും സംസ്കരണവും ചിട്ടയായി നടത്തുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ആസ്റ്റ് 30-ന് സന്നദ്ധ പ്രവർത്തകർ ശേഖരിച്ച് എല്ലാ തരം  മാലിന്യവും തരം തിരിച്ച് ഗ്രാമപ്രദേശങ്ങളിൽ നിന്ന് പത്ത് ദിവസം കൊണ്ട് നീക്കം ചെയ്ത് തീർക്കും. ആദ്യഘട്ടത്തിൽ 75000 പേർ വയനാടിനെ ശുചീകരിക്കാൻ രംഗത്തിറങ്ങി. ഇനി ശേഖരിച്ച മാലിന്യം  വേർതിരിക്കലാണ് പ്രധാന ജോലി. അതിന് സ്ക്രാപ് മർച്ചന്റ്സ് അസോസിയേഷനിലെ നൂറ് അംഗങ്ങളുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തനം നടക്കും.സംസ്കരിച്ച്  വീണ്ടും ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ പറ്റുന്നവ കേരളത്തിന് പുറത്തേക്ക് കൊണ്ടു പോകും.  ഇവിടെ തന്നെ സംസ്കാരിക്കാൻ പറ്റുന്നവ സംസ്കരിക്കും. ശേഖരിക്കുന്ന മാലിന്യം സൂക്ഷിക്കാൻ സൗകര്യമില്ലാത്തതാണ് ഇപ്പോഴത്തെ വെല്ലു വിളിയെന്ന് ഇവർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് തലത്തിലും ബ്ലോക്ക് തലത്തിലും പരിശീലനം നേടിയ സന്നദ്ധ പ്രവർത്തകർ ഉണ്ടെങ്കിലും സൗകര്യം ആവശ്യത്തിന് ഇല്ല. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പദ്ധതി വിഹിതത്തിന്റെ പത്ത് ശതമാനം  തുക മാലിന്യ നിർമ്മാർജ്ജനത്തിന് വിനിയോഗിക്കണമെന്ന വ്യവസ്ഥ പാലിച്ചാൽ ഇതിന് ശാശ്വത പരിഹാരമാകും. 

    പത്രസമ്മേളനത്തിൽ ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ സുധീർ കിഷൻ, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോഡിനേറ്റർമാരായ എ.കെ. രാജേഷ്, എം.ബി. രാജേന്ദ്രൻ,  ക്ലീൻ കേരള കമ്പനി ജില്ലാ കോഡിനേറ്റർ സുധീഷ് തൊടുവയിൽ , സ്ക്രാപ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ആറ്റക്കോയ തങ്ങൾ, സംസ്ഥാന രക്ഷാധികാരി ടി. അബ്ദുൾ റസാഖ് എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *