April 28, 2024

ഇന്ന് വിണ്ടുകീറിയത് നാളെ വീഴാനുള്ളത്: അലി അക്ബര്‍

0
Ali Akber

കല്‍പ്പറ്റ: വയനാട്ടില്‍ ഇന്ന് വിണ്ടുകീറിനില്‍ക്കുന്നതെല്ലാം നാളെ വീഴാനുള്ളതാണെന്ന് പ്രശസ്ത സിനിമാസംവിധായകന്‍ അലി അക്ബര്‍. ദേശീയ സേവാഭാരതി കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സേവാപ്രവര്‍ത്തക സംഗമവും അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. ധാരാളം ഇടങ്ങളില്‍ ഉരുള്‍പൊട്ടി, ആയിരകണക്കിന് മണ്ണിടിച്ചലുകള്‍, കെട്ടിടങ്ങള്‍ താനെ താഴ്ന്നുപോകുന്നു. ഭൂമി പലയിടത്തും വിണ്ടുകീറിനില്‍ക്കുന്നു, ഇതെല്ലാം നാളെത്തേക്കുള്ള റിഹേഴ്‌സലാണെന്നും അദ്ദേഹം വിലയിരുത്തി.
പണ്ട് വയനാട്ടില്‍നിന്ന് നിരനിരയായി നിര്‍ത്തിയിട്ട കാളവണ്ടികളില്‍ വാഴക്കുലകളും ഇഞ്ചിയും മറ്റ് വിഭവങ്ങളും കര്‍ണാടകയിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് പരിപ്പും പയറും ഇങ്ങോട്ടുംവന്നു. തുടര്‍ച്ചയായി മഴ ലഭിച്ചിരുന്ന ലക്കിടി ഇന്നില്ല. ചുരത്തിലെ കോടയും അപ്രത്യക്ഷം. മനുഷ്യന്റെ ആര്‍ത്തിക്കേറ്റ പ്രഹരമാണ് പ്രകൃതിയിലുണ്ടായത്. അനിയന്ത്രിതമായി ക്വാറികള്‍ തുറന്നത്, തോടുകള്‍ അടച്ചത്, മലകള്‍ തുരന്നതുമെല്ലാം വയനാടിന്റെ ദുരന്തത്തിന് ആക്കം കൂട്ടി.
ഒരു തുള്ളി വെള്ളം ജലസേചനത്തിന് ലഭിക്കാത്ത കോടികള്‍ ചെലവിട്ട കാരാപ്പുഴ അണകെട്ട് നമുക്ക് ദുരന്തം വരുത്തി. കനത്ത മഴ മുന്‍പും ഉണ്ടായിട്ടുണ്ട്. പനമരം പുഴ നിറഞ്ഞ് വയലില്‍ വെള്ളം കയറുമ്പോള്‍ വാള പിടിക്കാന്‍പോകുന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു. ഇന്ന് വാള തന്നെ പുഴയില്‍ ഇല്ലാതായി, പുഴ മലിനമായി, മണ്ണ് മലിനമായി, വെള്ളം കുടിക്കാന്‍പറ്റാത്തതായി, നേന്ത്രവാഴക്കുലയുടെ തണ്ടില്‍ വരെ ടിമിറ്റ് തിരുകികയറ്റി, കാപ്പി പറിച്ച് റബ്ബര്‍ നട്ടു, റബ്ബര്‍ മാറ്റി വാനില നട്ടു, വാനില മാറ്റി കൊക്കോ നട്ടു. സംസ്ഥാനത്ത് ഇത്രയധികം ഉഴുതുമറിക്കപ്പെട്ട മണ്ണ് വയനാട്ടിലല്ലാതെ മറ്റൊരിടത്തുമുണ്ടാകില്ല. കര്‍ഷകന്‍ നിസ്സംഗരായി വയനാട്ടില്‍ ഇന്നും കഴിയുന്നു. റിസോര്‍ട്ട് സംസ്‌ക്കാരം ജീവിതചര്യയെ മാറ്റി. മൗനമാണ് ദുരന്തത്തിന് ഏക കാരണമെന്ന് വയനാട്ടുകാര്‍ തിരിച്ചറിയണം.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ആരും വായിച്ചില്ല. വായിക്കാതെതന്നെ ഗാഡ്ഗിലിനെ കെട്ടുകെട്ടിച്ചു. ഇന്ന് കാടിന്റെ ഇരമ്പല്‍ കേള്‍ക്കാനില്ല. കാടെവിടെ മക്കളെ, വീടെവിടെ മക്കളെ എന്ന കവിത ഇന്നും അന്വര്‍ത്ഥമാണ്. കാടിന്റെ നന്മ നമ്മള്‍ തിരിച്ചറിയണം. കയ്യേറ്റത്തിനേറ്റ തിരിച്ചടിയാണ് നാമിന്ന് ചുരത്തില്‍ കാണുന്നത്. 
560 ജീപ്പ് ബുക്ക് ചെയ്ത പുല്‍പ്പള്ളി ആരും മറന്നുകാണില്ല. മണ്ണിനെ സ്‌നേഹിക്കണം, പ്രകൃതിയെ ആരാധിക്കണം, പ്രകൃതി വിഭവങ്ങള്‍ ആവശ്യത്തിന് മാത്രം ഉപയോഗിക്കണം. വിഷുക്കണി ദര്‍ശനത്തില്‍ ആദ്യം കണി കാണിക്കുന്നത് തൊഴുത്തും പശുക്കളെയുമൊക്കെയാണ്. അതിനുശേഷം പ്രകൃതിയെ. അവസാനംമാത്രമാണ് വീട്ടിലുള്ളവര്‍ കണികാണുക. ഇതായിരുന്നു ഭാരതീയ സങ്കല്‍പ്പം. ഇത് മാറിയതാണ് ദുരന്തങ്ങള്‍ക്ക് വഴിവെച്ചത്. ചേമ്പുംചേനയും താളും തകരയുമെല്ലാം നമുക്ക് വേണം. പയര്‍ നട്ടാല്‍ നമ്മുടെ മണ്ണില്‍ മുളയ്ക്കണം. അതിനുള്ള പ്രവര്‍ത്തനമായിരിക്കണം ഇനി സേവാഭാരതി ഏറ്റെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന ദുരന്തം ഭീകരമാണ്. ഇവിടെ സേവാഭാരതി ഉണര്‍ന്നുപ്രവര്‍ത്തിക്കണം. ദുരന്തത്തെ ഒഴിവാക്കാന്‍, അദ്ദേഹം പറഞ്ഞു.
വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. ദേശീയ സേവാഭാരതി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വക്കറ്റ് കെ.എ.അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. പീപ്പ് ഡയറക്ടര്‍ എസ്.രാമനുണ്ണി, വി.ചന്ദ്രന്‍, കെ.ജി.സതീശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *