April 29, 2024

തീര്‍ഥാടന ടൂറിസം: 91.72 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രത്തിന്‍റെ അംഗീകാരം

0
                                                                
തീര്‍ഥാടന ടൂറിസം: 91.72 കോടി രൂപയുടെ പദ്ധതിക്ക്
കേന്ദ്രത്തിന്‍റെ അംഗീകാരം
തിരുവനന്തപുരം: വിനോദസഞ്ചാര വികസനത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ 147 തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 91.72 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും. 
ഈ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സമര്‍പ്പിച്ച പദ്ധതിക്ക് കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കി. വിശദമായ പദ്ധതിരേഖ ഉടന്‍ തയാറാക്കി സമര്‍പ്പിക്കുമെന്ന് സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
തീര്‍ത്ഥാടന ടൂറിസം മൂന്നാം സര്‍ക്യൂട്ടിന്‍റെ വികസനത്തിന്‍റെ ഭാഗമായാണ് ഇത് നടപ്പിലാക്കുക. ഏഴ് ക്ലസ്റ്ററുകളായി തിരിച്ച് ജില്ലകളിലെ പ്രധാനപ്പെട്ട ഹിന്ദു,  ക്രിസ്ത്യന്‍, മുസ്ലിം തീര്‍ഥാടന  കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കും. കമ്മ്യൂണിറ്റി ഹാളുകള്‍, അന്നദാന മണ്ഡപങ്ങള്‍, ശുചിമുറികള്‍, വിശ്രമമുറികള്‍, ഭക്ഷണശാലകള്‍ തുടങ്ങി തീര്‍ത്ഥാടകരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള  സൗകര്യങ്ങളാണ് ഒരുക്കുക. 
10.91 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുന്ന കാസര്‍കോഡ് ജില്ലയാണ് ഒന്നാം ക്ലസ്റ്ററിലുള്ളത്. വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ ചേരുന്ന രണ്ടാം ക്ലസ്റ്ററില്‍ 9.29 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും. പാലക്കാട്, മലപ്പുറം ജില്ലകള്‍ അടങ്ങുന്ന മൂന്നാം ക്ലസ്റ്ററില്‍ 9.03 കോടി രൂപയുടെ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. 
14.24 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുന്ന നാലാം ക്ലസ്റ്ററില്‍ തൃശ്ശൂര്‍, എറണാകുളം,ഇടുക്കി ജില്ലകളാണുള്ളത്. കോട്ടയവും ആലപ്പുഴയും  അടങ്ങുന്ന അഞ്ചാം ക്ലസ്റ്ററില്‍ 19.91 കോടി രൂപയുടെ വികസന പദ്ധതികള്‍ ആവിഷ്കരിക്കും. ആറാം ക്ലസ്റ്ററിലെ പത്തനതിട്ട ജില്ലയില്‍ 11.80 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുക. കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ ചേരുന്ന ഏഴാം ക്ലസ്റ്ററില്‍ 12.16 കോടി രൂപയുടെ പദ്ധതികളുമാണ് വിഭാവനം ചെയ്തിട്ടുള്ളത്.
കാസര്‍കോട് അനന്തപത്മനാഭസ്വാമി ക്ഷേത്രം, മലപ്പുറം തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, പൊന്നാനി വലിയപള്ളി ജുമാ മസ്ജിദ്, കല്‍പാത്തി ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രം, പട്ടാമ്പി തളി ശിവക്ഷേത്രം, തൃശൂര്‍ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങള്‍, എരുമേലി അയ്യപ്പ സേവാസംഘം, കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി, ചമ്പക്കുളം  സെന്‍റ്. മേരീസ് ചര്‍ച്ച്, തിരുവല്ല മാര്‍ത്തോമാ ചര്‍ച്ച്, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം തുടങ്ങിയവ പദ്ധതിയിലെ ആരാധനാലയങ്ങളില്‍ പെടുന്നു. സംസ്ഥാനത്ത് തീര്‍ത്ഥാടന ടൂറിസം വികസനത്തിന് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള സമഗ്ര പദ്ധതികള്‍ നടപ്പിലാക്കുമെന്ന്  കടകംപള്ളി സുരേന്ദ്രന്‍  അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *