April 29, 2024

മന്ദംകൊല്ലി ഡിവിഷന്‍ ഉപതരെഞ്ഞെടുപ്പിൽ സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുക്കെട്ട് വ്യക്തമായതായി മുസ്‌ലിംലീഗ്

0
14
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ മന്ദംകൊല്ലി ഡിവിഷന്‍ ഉപതരെഞ്ഞെടുപ്പിലൂടെ സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുക്കെട്ട് വ്യക്തമായതായി മുസ്‌ലിംലീഗ് ജില്ലാ നേതൃയോഗം ചൂണ്ടിക്കാട്ടി. 2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇതേ ഡിവിഷനില്‍ 82 ശതമാനം പോളിംഗ് നടന്നപ്പോള്‍ ബി.ജെ.പിക്ക് ലഭിച്ചത് 199 വോട്ടാണെങ്കില്‍ 93 ശതമാനം പോളിംഗ് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് നേടാനായത് കേവലം 81 ശതമാനം വോട്ടുകള്‍ മാത്രമാണ്. പരസ്യമായ വോട്ടുകച്ചവടം നടന്നുവെന്നതിന് ഇതിനപ്പുറം മറ്റുതെളിവുകള്‍ ആവശ്യമില്ലെന്നിരിക്കെ വര്‍ഗ്ഗീയതക്കെതിരെ സി.പി.എം നടത്തുന്ന പ്രചാരണങ്ങള്‍ രാഷ്ട്രീയ താല്‍പര്യത്തിന് വേണ്ടിമാത്രമാണ്. സി.പി.എമ്മിന്റെ പൊയ്മുഖം പ്രബുദ്ധരായ ജനങ്ങള്‍ തിരിച്ചറിയണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും, ഭവന നിര്‍മ്മാണത്തിനും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കുറ്റമറ്റ നിലയില്‍ ഉടന്‍ വിതരണം ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന മുസ്‌ലിംലീഗ് ജന.സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി.എ കരീം അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. എം.എ മുഹമ്മദ് ജമാല്‍, എന്‍.കെ റഷീദ്, പി ഇബ്രാഹിം മാസ്റ്റര്‍, സി മൊയ്തീന്‍കുട്ടി, റസാഖ് കല്‍പ്പറ്റ, പി.കെ അസ്മത്ത്, എം.എ അസൈനാര്‍, ടി. ഹംസ, അഹമ്മദ് മാസ്റ്റര്‍ സംസാരിച്ചു. കെ നൂറുദ്ദീന്‍ നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *