April 29, 2024

കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫി പാര്‍ക്ക്: ആശയക്കുഴപ്പത്തില്‍ വയനാടന്‍ ജനത

0
കല്‍പറ്റ-വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ കല്‍പറ്റയില്‍ ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ച കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫി പാര്‍ക്കുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നീങ്ങാതെ വയനാന്‍ ജനത. എവിടെയാണ് മന്ത്രി ഉദ്ഘാടനം ചെയ്ത കോഫി പാര്‍ക്കെന്നു ജനത്തിനു തിട്ടമില്ല. പാര്‍ക്കില്‍ കാപ്പി ഉത്പാദനവും സംസ്‌കരണവും എപ്പോള്‍ തുടങ്ങുമെന്നു  പിടിയില്ല. പാര്‍ക്കുകൊണ്ട് സാധാരണ കാപ്പിക്കര്‍കര്‍ക്കു എന്തു ഗുണമെന്ന ചോദ്യത്തിനു മറുപടിയില്ല.  വയനാട് എപ്പോള്‍ കാര്‍ബണ്‍ തുലിതമാകുുമെന്ന സന്ദേഹവും  അവരെ ചുറ്റിവരിയുന്നു. സംശയം ഇല്ലാത്തതു സര്‍ക്കാരിനും ഭരണകൂടത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ക്കും മാത്രം. 
            സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി വയനാടിനു നല്‍കിയ സമ്മാനമാണ് കോഫി പാര്‍ക്കെന്നാണ് കല്‍പറ്റ എം.എല്‍.എ സി.കെ. ശശീന്ദ്രന്റെ പക്ഷം. സര്‍ക്കാര്‍ റീബില്‍ഡ് കേരള പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയ 25 പദ്ധതികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കോഫി പാര്‍ക്കെന്നും അദ്ദേഹം അഭിമാനം കൊള്ളുന്നു. കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജും കോഫി പാര്‍ക്കും മലബാര്‍ കോഫി എന്ന ബ്രാന്‍ഡ് നാമത്തില്‍ നടത്തുന്ന കാപ്പി വില്‍പനയും വയനാട്ടില്‍ കര്‍ഷകജീവിതം അടിമുടി മാറ്റിമറിക്കുമെന്നതില്‍ വ്യവസായ മന്ത്രിക്കും  തര്‍ക്കമില്ല. ഇതേ അഭിപ്രായമാണ് കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രചര്‍ ഡലവപ്പ്‌മെന്റ് കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വിംഗ് കമാന്‍ഡര്‍ കെ.എ. സന്തോഷ്‌കുമാറിനും. വയനാട്ടില്‍ വിളയുന്ന കാപ്പിക്കു ഉയര്‍ന്ന വില കിട്ടാന്‍ പാര്‍ക്ക് ഉതകുമെന്നും അദ്ദേഹം പറയുന്നു. എന്നിരിക്കെയാണ് സാധരണക്കാരുടെ മനസില്‍ ശങ്കകള്‍  നങ്കുരമിടുന്നത്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ശിലാസ്ഥാപനം നടത്തിയ വയനാട് മെഡിക്കല്‍ കോളേജിന്റെ ഗതിയാകുമോ കോഫി പാര്‍ക്കിനും  കാപ്പി ബ്രാന്‍ഡിംഗിനുമെന്നു അവരില്‍  ചിലര്‍ ചോദിക്കുന്നു. 2015ല്‍ ശിലാസ്ഥാപനം നടത്തിയ മെഡിക്കല്‍ കോളേജിനായി സര്‍ക്കാര്‍ ഭൂമി അന്വേഷിക്കുകയാണ് ഇപ്പോള്‍. 
        കല്പറ്റയില്നിന്നു ഏതാനും കിലോമീറ്റര്‍ അകലെ വാര്യാട് സ്വകാര്യ ഉടമസ്ഥതയില്‍ ഏകദേശം 400 ഏക്കര്‍ കാപ്പിത്തോട്ടമുണ്ട്. വി.എസ്. അച്യുതാന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രഖ്യാപിച്ച വയനാട് മെഗാ ഫുഡ് പാര്‍ക്കിനായി കണ്ടെത്തിയതാണ് ഈ തോട്ടം. സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ ഉടമകള്‍ വ്യവഹാരത്തിനിറങ്ങിയപ്പോള്‍ മെഗാ ഫുഡ് പാര്‍ക്ക്  ഔട്ടായി. ഇപ്പോള്‍ വ്യവഹാരം അവസാനിപ്പിക്കാനും സ്ഥലം സര്‍ക്കാരിനു വിലയ്ക്കു നല്‍കാനും മാനേജ്‌മെന്റ് സമ്മതം മൂളിയതായാണ് ഭരണതലത്തിലുള്ളവരുടെ വാദം. 
വാര്യാട് എസ്റ്റേറ്റിന്റെ ഭാഗമായതില്‍ 100 ഏക്കര്‍ എറ്റെടുത്ത് കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫി പാര്‍ക്കു യാഥാര്‍ഥ്യമാക്കുമെന്നാണ് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ പറയുന്നത്. ഇതിനാവശ്യമായ പണം ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഏറ്റെടുക്കുന്ന നൂറ് ഏക്കറില്‍   ഒന്നര ലക്ഷം കാപ്പിത്തൈകള്‍ നട്ടുവളര്‍ത്തി അവയില്‍ വിളയുന്ന കാപ്പി  പാര്‍ക്കിലെതന്നെ ഫാക്ടറിയില്‍ സംസ്‌കരിച്ച് ബ്രാന്‍ഡ് ചെയ്തു വിദേശ വിപണികളിലടക്കം വില്‍പയ്ക്കു ലഭ്യമാക്കുന്നതാണ് കാര്‍ബണ്‍ ന്യൂടല്‍ കോഫി പാര്‍ക്കെന്നു വിശദീകരിക്കാനും അദ്ദേഹം മടിക്കുന്നില്ല. 
നിലവില്‍ വാര്യാട് എസ്റ്റേറ്റിന്റെ ഭാഗമായതില്‍ നൂറു ഏക്കര്‍ ഏപ്പോള്‍ സര്‍ക്കാരിന്റെ കൈവശത്തിലാകുമെന്നതില്‍ വ്യക്തതയില്ല. ഭൂമി കൈമാറ്റം പൂര്‍ത്തിയാകുന്ന മുറയ്‌ക്കേ സ്ഥലം കാര്‍ബണ്‍ ന്യൂട്രലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടാനാകൂ. 100 ഏക്കര്‍ ഭൂപ്രദേശം കാര്‍ബണ്‍ തുലിതമാകണമെങ്കില്‍ ധാരാളം  മരങ്ങള്‍ നട്ടുവളര്‍ത്തണം. സ്ഥലത്തു നല്ലനിലയില്‍ നട്ടുപരിപാലിക്കുന്ന കാപ്പിത്തൈകളില്‍നിന്നു വിളവ് ലഭിക്കുന്നതിനു കുറഞ്ഞതു മൂന്നു വര്‍ഷമെടുക്കും. അപ്പോഴേക്കും ഫാക്ടറി നിര്‍മാണവും പൂര്‍ത്തിയാകണം. എന്നിരിക്കെ ജനിക്കുന്നതിനു മുമ്പേ കുഞ്ഞിന്റെ ജാതകം എഴുതുന്നതിനു തുല്യമായി കോഫി പാര്‍ക്ക് ഉദ്ഘാടനമെന്നു അഭിപ്രായപ്പെടുന്നവര്‍ ഏറെ. 
കോഫി പാര്‍ക്കില്‍ കാപ്പി ഉത്പാദനം തുടങ്ങിയാല്‍ത്തന്നെ കാപ്പി ബ്രാന്‍ഡിംഗിന്റെ മെച്ചം  കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജിനു പുറത്തുള്ള കര്‍ഷകര്‍ക്കു ലഭിക്കില്ല. കാര്‍ബണ്‍ സമതുലിതമാക്കിയ പ്രദേശത്തു ഉത്പാദിപ്പിക്കുന്നതും പുറമേ വിളയുന്നതുമായ കാപ്പിയുടെ ഗുണനിലവാരം വ്യത്യസ്തമായിരിക്കും. സാധാരണ തോട്ടങ്ങളില്‍ ഉത്പാദിപ്പിക്കുന്ന കാപ്പി  സംസ്‌കരിച്ച്  മലബാര്‍ ബ്രാന്‍ഡില്‍ വിറ്റഴിക്കാന്‍ കഴിയില്ല. ഈ സാഹചര്യം മാറണമെങ്കില്‍ കോഫി പാര്‍ക്കിനു പുറത്തുള്ള കാപ്പിത്തോട്ടങ്ങളും കാര്‍ബണ്‍ സമതുലിതമാകണം. കാപ്പി ഉത്പാദനം ജൈവരീതിയാണെന്ന ഔദ്യോഗിക ഏജന്‍സികളുടെ സാക്ഷ്യപത്രവും കര്‍ഷകര്‍ സമ്പാദിക്കണം. 
         സര്ക്കാരും ഭൂവുടമകളും ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമാണ് വയനാട് ആകെ കാര്‍ബണ്‍ തുലിതമാകുക. കഴിഞ്ഞ രണ്ടു മൂന്നു പതിറ്റാണുകള്‍ക്കിടെ ജില്ലയിലെ ചെറുകിട, ഇടത്തരം കൃഷിയിടങ്ങളില്‍ ലക്ഷക്കണക്കിനു വന്‍മരങ്ങള്‍ക്കാണ് കോടാലി വിണത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട കര്‍ഷകര്‍ ചെറുമരങ്ങള്‍ അടക്കം മുറിച്ചു വില്‍ക്കാന്‍ നിര്‍ബന്ധിതരായി. ഭൂരിപക്ഷം കര്‍ഷകരുടെയും ഭൂമിയില്‍ നാമമാത്രമാണ് മരങ്ങള്‍. ഈ സാഹചര്യത്തില്‍ കൈവശഭൂമി കാര്‍ബണ്‍ തുലിതമാക്കാന്‍ ഓരോ കര്‍ഷകനും നേരത്തേ മുറിച്ചുവിറ്റതിലും അധികം മരങ്ങള്‍ നട്ടു വര്‍ഷങ്ങളോളം പരിപാലിക്കണം. 
        മീനങ്ങാടി പഞ്ചായത്തിനെ കാര്‍ബണ്‍ തുലിതമാക്കുന്നതിനുള്ള പ്രവര്‍ത്തനം നടന്നുവരികയാണ്. മരങ്ങള്‍ നട്ടുവളര്‍ത്തുന്ന കര്‍ഷകര്‍ക്കു വായ്പ നല്‍കുന്നതിനായി സര്‍ക്കാര്‍  10 കോടി രൂപ മീനങ്ങാടിയിലെ സഹകരണ ബാങ്കിനു ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ജില്ലയിലാകെ കര്‍ഷകര്‍ക്കു വായ്പ നല്‍കണമെങ്കില്‍ സര്‍ക്കാര്‍ അനേകം കോടി രൂപ ബാങ്കുകള്‍ക്കു ലഭ്യമാക്കണം. എന്നാല്‍ വയനാടിനെ ഇന്ത്യയിലെ ആദ്യത്തെ കാബര്‍ണ്‍ ന്യൂട്രല്‍ ജില്ലയാക്കുമെന്നു ആവര്‍ത്തിക്കുന്നവര്‍ ഇത് എങ്ങനെ സാധ്യമാകുമെന്നു വിശദീകരിക്കാത്തതില്‍ പന്തികേടു കാണുന്നവരും ഏറെയാണ്. 
          കാര്ബണ് ന്യൂട്രല്‍ വില്ലേജ് കോഫി പാര്‍ക്ക് പദ്ധതി നിര്‍വഹണത്തിനു സ്‌പെഷല്‍ ഓഫീസറെയും രണ്ടു കണ്‍സള്‍ട്ടന്റുമാരെയും നിയോഗിച്ചതായാണ്  ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം അറിയിച്ചത്. അതേസമയം ഇവര്‍ ആരൊക്കെയെന്നു വിശദമാക്കുന്നുമില്ല. കോഫി പാര്‍ക്കിനെക്കുറിച്ചു ചോദിച്ചപ്പോള്‍ ധാരണ പോരെന്നാണ് കോഫി ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാള്‍ പ്രതികരിച്ചത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *