May 22, 2024

അഗതി രഹിത കേരളം: ഗുണഭോക്താക്കള്‍ക്ക് സേവനങ്ങള്‍ ഉറപ്പാക്കാന്‍ നിര്‍ദേശം

0


അഗതി രഹിത കേരളം പദ്ധതിയുടെ പ്രയോജനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി പദ്ധതിയുടെ സേവനങ്ങള്‍ ഇതുവരെ നല്‍കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ ആഴ്ച തന്നെ സേവനങ്ങള്‍ ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ നിര്‍ദ്ദേശിച്ചു. പദ്ധതി നടത്തിപ്പുകാരായ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തദ്ദേശ സ്വയംഭരണ അധ്യക്ഷന്‍മാരുടെ അവലോകന യോഗത്തിലാണ് നിര്‍ദേശം. നിലവില്‍ കല്‍പ്പറ്റ, നെന്‍മേനി, മൂപ്പൈനാട്, മേപ്പാടി, മീനങ്ങാടി, നൂല്‍പ്പുഴ, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി എന്നീ എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാത്രമാണ് ഗുണഭോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കി തുടങ്ങിയത്. ജില്ലയില്‍ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 26 ജനറല്‍ പ്രൊജക്ടുകള്‍ക്കും 26 എസ്.ടി പ്രൊജക്ടുകള്‍ക്കും സര്‍ക്കാരിന്റെ അംഗീകാരവും ആദ്യ ഗഡുവും ഇതിനകം അനുവദിച്ചിട്ടുണ്ട്. 

അഗതി രഹിത കേരളം പദ്ധതി ഗുണഭോക്താക്കളായി ജനറല്‍ വിഭാഗത്തില്‍ 6848 പേരും ആദിവാസി വിഭാഗത്തില്‍ 7468 പേരുമടക്കം 14,316 പേരാണ് ജില്ലയിലുള്ളത്. ഇതിനോടകം ജനറല്‍ വിഭാഗത്തില്‍ 68 പേരും ആദിവാസി വിഭാഗത്തില്‍ 69 പേരുമടക്കം 137 ഗുണഭോക്താക്കള്‍ മരണപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ സേവനങ്ങള്‍ ലഭിക്കാതെ പോകുന്ന സാഹചര്യം ഒഴിവാക്കാനും പദ്ധതിയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനുമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. നിലവില്‍ ഗുണഭോക്താക്കളില്‍ എ.എ.വൈ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടാത്തവരുടെ പട്ടിക സമര്‍പ്പിക്കാനും പഞ്ചായത്തു തലത്തില്‍ മെഡിക്കല്‍ ക്യാമ്പു സംഘടിപ്പിക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. 

കുടുംബശ്രീ ജില്ലാ മിഷനു കീഴിലുള്ള ജില്ലയിലെ ബഡ്‌സ് സ്‌കൂളുകളുടെ നിലവിലെ സാഹചര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. ആകെയുള്ള 13 ബഡ്‌സ് സ്‌കൂളുകള്‍ക്കായി 12.50 ലക്ഷം രൂപ വീതം ആദ്യ ഗഡു അനുവദിച്ചിട്ടുണ്ട്. അനുമതി ലഭിച്ചിട്ടും സാങ്കേതിക പ്രശ്‌നങ്ങളാല്‍ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ബഡ്‌സ് സ്‌കൂളുകള്‍ക്ക് അനുകൂല സാഹചര്യം ഒരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രമിക്കണം. ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും പര്‍ച്ചേഴ്‌സ് നടപടിക്രമങ്ങള്‍ പാലിച്ച് അവ ഉടന്‍ ലഭ്യമാക്കി പ്രവര്‍ത്തനം തുടങ്ങാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹരിത അയല്‍കൂട്ട ക്യാമ്പയിനും യോഗം അവലോകനം ചെയ്തു. യോഗത്തില്‍ കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. സാജിത, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷര്‍, ഭരണസമിതി അംഗങ്ങള്‍, സെക്രട്ടറിമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *