May 4, 2024

റിലേഷന്‍ഷിപ്പ് കേരളയുമായി കുടുംബശ്രീ

0


സേവനങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ടവരിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി റിലേഷന്‍ഷിപ്പ് കേരളയുമായി കുടുംബശ്രീ. വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്റേഴ്‌സ് തുടങ്ങി സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം. ഈ വിഭാഗങ്ങള്‍ക്ക് സാമൂഹ്യ, സാമ്പത്തിക, വൈകാരിക പിന്തുണകള്‍ ഉറപ്പാക്കും. പ്രത്യേകം അയല്‍ക്കൂട്ടങ്ങള്‍ രൂപികരിച്ച് അവരെ കൂടി കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുകയും സാമ്പത്തിക പിന്തുണയും ഉപജീവന സാധ്യതകള്‍ കണ്ടെത്തുകയും ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാണ് റിലേഷന്‍ഷിപ്പ് കേരള യാഥാര്‍ത്ഥ്യമാക്കുക. 
ലഹരി വില്‍പന
ഏക്‌സൈസ് വകുപ്പ് പരിശോധന ശക്തമാക്കും 
ഓണത്തിന് മുന്നോടിയായി ജില്ലയില്‍ വ്യാജമദ്യം,മയക്ക് വില്‍പനക്കെതിരെ പരിശോധന ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കളക്‌ട്രേറ്റില്‍ ചേര്‍ന്ന വിമുക്തി യോഗത്തിലാണ് നടപടി. ഓണാഘോഷങ്ങളുടെ ഭാഗമായി വ്യജമദ്യ ലോബി പിടിമുറുക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. മയക്ക് മരുന്നു ഉപയോഗവും കടത്തും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന വേണം. ഇതോടൊപ്പം പോലീസ്,റവന്യൂ ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തിയുളള സംയുക്ത പരിശോധനകളും ശക്തിപ്പെടുത്തണം. പെരിക്കല്ലൂര്‍ ഭാഗങ്ങളില്‍ സ്ഥിരമായി പട്രോളിംഗ് നടത്തുന്നതിന് ഒരു യൂണിറ്റിനെ നിയോഗിക്കണമെന്നും കളക്ടര്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്ക് പരാതികളും വിവരങ്ങളും അറിയിക്കാന്‍ പ്രത്യേകം സജ്ജീകരണം ഒരുക്കിയതായി എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ മാത്യൂസ് ജോണ്‍ അറിയിച്ചു. പരാതികളും വിവരങ്ങളും കണ്‍ട്രോള്‍ റൂമിലെ 04936 248850 എന്ന നമ്പറില്‍ അറിയിക്കാമെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. ടോള്‍ ഫ്രീ നമ്പര്‍: 1800 425 2848, ഹോട്ട്‌ലൈന്‍ നമ്പര്‍: 155358. 

    എക്‌സൈസ് വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളും യോഗത്തില്‍ വിലയിരുത്തി. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എക്‌സൈസ്  ജൂണ്‍ മാസത്തില്‍ മാത്രം 608 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വിവിധ കേന്ദ്രങ്ങളില്‍ 326 റെയ്ഡുകളും നടത്തി. പോലിസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുമായി സഹകരിച്ച് നടത്തിയത് 21 റെയ്ഡുകളാണ്. 53 അബ്കാരി കേസുകളും 50 എന്‍.ഡി.പി.എസ് കേസുകളും രജിസ്റ്റര്‍ ചെയ്തു. കോട്പാ കേസുകളുടെ എണ്ണം 505. അബ്കാരി, എന്‍.ഡി.പി.എസ് കേസുകളിലായി യഥാക്രമം 33, 49 പ്രതികളെ അറസ്റ്റ് ചെയ്തു. കോട്പാ കേസില്‍ 90,000 രൂപ പിഴയീടാക്കി. തൊണ്ടിമുതലായി 9 ലിറ്റര്‍ ചാരായവും അനധികൃതമായി സൂക്ഷിച്ച 112 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും പിടിച്ചെടുത്തു. 196 ലിറ്റര്‍ വാഷും 6.345 കിലോഗ്രാം കഞ്ചാവും ഇക്കാലയളവില്‍ പിടികൂടി. 51 ലിറ്റര്‍ അന്യസംസ്ഥാന നിര്‍മിത മദ്യവും 277 കിലോഗ്രാം പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ലഹരിക്കായി ഉപയോഗിക്കുന്ന 1392 സ്പാസ്‌മോ പ്രോക്‌സിവോണ്‍ ഗുളികകളും 2 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തത്. വിവിധ സ്ഥലങ്ങളിലായി 17565 വാഹനങ്ങള്‍ പരിശോധിച്ചു.  മുത്തങ്ങ ചെക്‌പോസ്റ്റില്‍ 7684 വാഹനങ്ങളാണ് പരിശോധിച്ചത്. ബാവലിയില്‍ 1600 ഉം തോല്‍പ്പെട്ടിയില്‍ 2,158ഉം വാഹനങ്ങള്‍ പരിശോധിച്ചു. വിവിധ കള്ളുഷാപ്പുകളില്‍ നിന്നായി 75 സാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. 165 കോളനികള്‍ സന്ദര്‍ശിച്ച് ലഹരിവിരുദ്ധ സന്ദേശം കൈമാറി. 61 ബോധവല്‍ക്കരണ പരിപാടികളാണ് ഇക്കാലയളവില്‍ ജില്ലയില്‍ സംഘടിപ്പിച്ചത്. ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി 17 ജനകീയ കമ്മിറ്റി യോഗങ്ങളും ചേര്‍ന്നു. യോഗത്തില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാതമ്പി, പൊതുപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *