April 29, 2024

പ്രളയ പുനരധിവാസം: വാസയോഗ്യമായ ഭൂമി കണ്ടെത്താന്‍ ഊര്‍ജ്ജിതശ്രമം: മന്ത്രി ഇ.ചന്ദ്രശേഖരന്‍

0

പ്രളയത്തെ തുടര്‍ന്ന് കിടപ്പാടം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. പുല്‍പ്പള്ളി പാടിച്ചിറയില്‍ ജില്ലാ ഭരണകൂടം പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി നിര്‍മ്മിച്ച മൂന്ന് വീടുകളുടെ താക്കോല്‍ ദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയുടെ ലഭ്യത കുറവാണ് പുനരധിവാസത്തിനുള്ളള വെല്ലുവിളികള്‍. സമതല പ്രദേശങ്ങള്‍ കുറവായ വയനാട്ടിലും ഇടുക്കിയിലും വാസയോഗ്യമായ ഭൂമി ലഭ്യമാക്കുന്നതിന് സാവകാശം ആവശ്യമാണ്. പ്രത്യേക  പഠനം നടത്തി മാത്രമാണ് ഇതിനായി സ്ഥലം ഏറ്റെടുക്കുക. കുറ്റമറ്റ രീതിയില്‍ ഇവിടെ പുനരധിവാസം നടപ്പാക്കും. ത്രിതല പഞ്ചായത്തുകള്‍ പ്രദേശത്തെ ഭൂമി കണ്ടെത്താന്‍ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തണം. സ്ഥലം വാങ്ങി നല്‍കാന്‍ സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. അതിനെ തുടര്‍ന്ന് ഈവര്‍ഷവും പ്രളയം ആഘാതമായി. കേരളം ഒറ്റക്കെട്ടായി നിന്നാണ് ഈ പ്രതിസന്ധികളെയെല്ലാം നേരിട്ടത്. സര്‍ക്കാര്‍ മാതൃകാപരമായി അതിജീവനത്തിനായി നാടിനൊപ്പം നിലകൊണ്ടു. ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്കുള്ള അടിയന്തര ധനസഹായം പതിനായിരം രൂപ എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളില്‍ താമസിയാതെ എത്തും. ഇതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്. ദുരന്തത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട്   ഇനിയും നമ്മള്‍ക്ക് മുന്നേറണ്ടതുണ്ട്. സംയോജിതമായ പ്രവര്‍ത്തനങ്ങളാണ് ഇതിനായി വേണ്ടതെന്നും മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. 
2018 ലെ പ്രളയത്തില്‍ വീടുകള്‍ നഷ്ടപെട്ട പെരിക്കല്ലൂര്‍ കോപ്പറമ്പില്‍ വീട്ടില്‍ ഷംസുദ്ദീന്‍, പാറാളിയില്‍ വീട്ടില്‍ സജി, കിശിങ്കല്‍ വീട്ടില്‍ കെ.ആര്‍ ബിനീഷ് എന്നിവര്‍ക്കാണ് പുതിയ വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത്. മന്ത്രി ഇ.ചന്ദ്രശേഖരനില്‍ നിന്നും ഇവര്‍ പുതിയ വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങി. പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വീടിന്റെ ഉടമസ്ഥാവകാശ രേഖകള്‍ ഇവര്‍ക്ക് കൈമാറി. പാടിച്ചിറ വില്ലേജില്‍ സി.പി പോള്‍സണ്‍ സൗജന്യമായി നല്‍കിയ എട്ട് സെന്റ് സ്ഥലത്താണ് വീട് ഉയര്‍ന്നത്. ചടങ്ങില്‍ പോള്‍സനെയും ആദരിച്ചു. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാര്‍, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം വര്‍ഗ്ഗീസ് മൂരിയന്‍കാവില്‍, ബ്ലോക്ക് പഞ്ചായത്തഗം ഷിനു കച്ചിറയില്‍, ഗ്രാമ പഞ്ചായതത്ത് വൈസ് പ്രസിഡന്റ് പി.ശിവരാമന്‍, എ.ഡി.എം കെ. അജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *