May 8, 2024

കല്‍പ്പറ്റ നഗരസഭാ ഹരിത കര്‍മ്മസേനയുടെ കലക്ഷന്‍ പിരിവിലും, ചെലവുകളിലും ക്രമക്കേട് നടന്നതായി പ്രതിപക്ഷ ആരോപണം.

0
Municipalitty.jpg

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭാ ഹരിത കര്‍മ്മസേനയുടെ കലക്ഷന്‍ പിരിവിലും, ചെലവുകളിലും ക്രമക്കേട് നടന്നതായി പ്രതിപക്ഷ ആരോപണം. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നഗരസഭാ സെക്രട്ടറി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. നഗരസഭാ സൂപ്രണ്ട്, അക്കൗണ്ടന്റ് എന്നിവര്‍ക്കാണ് രേഖാമൂലം നിര്‍ദേശം നല്‍കിയിരിക്കുന്നത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാപര്‍ എന്നിവര്‍ക്കും ഇതിന്റ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. നേരിട്ടുള്ള പരിശോധനയില്‍ ഹരിത കര്‍മ്മസേനയുടെ കലക്ഷന്‍ പിരിവിലും, ചെലവുകളിലും പ്രഥമദൃഷ്ട്യ പാകപ്പിഴകളുള്ളതായി കണ്ടെത്തിയ സാഹചര്യത്തില്‍ നാളിതുവരെയുള്ള രസീത് ബുക്കുകള്‍, വരവ് ചെലവ് കണക്കുകള്‍ എന്നിവ  ഇന്റേണല്‍ ഓഡിറ്റ് നടത്തി സമയ ബന്ധിതമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്. ഇതിന് രസീത് ബുക്കുകള്‍, രജിസ്റ്ററുകള്‍ എന്നിവ അക്കൗണ്ടന്റ് ഏറ്റെടുക്കണമെന്നും സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്. 
 നഗരസഭാ ഹരിത കര്‍മ്മസേനയുടെ കലക്ഷന്‍ പിരിവില്‍ ലക്ഷങ്ങളുടെ തിരിമറി നടന്നതായാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഒന്നര വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് നടത്തുകയോ, ബന്ധപ്പെട്ട അധികൃതര്‍ പരിശോധിക്കുകയോ ചെയ്തിട്ടില്ല. രസീത് നല്‍കി പിരിച്ച പണം മാത്രം ഒരു ലക്ഷത്തിലധികം വരും. എന്നാല്‍ ഈ തുക പോലും ഇന്നുവരെ ബാങ്കില്‍ നിക്ഷേപിച്ചിട്ടില്ല. അതാത് ദിവസം ഹരിത കര്‍മ്മസേനാംഗങ്ങള്‍ പിരിക്കുന്ന തുക മുനിസിപ്പാലിറ്റി മുഖേന ബാങ്കില്‍ നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇത്തരത്തില്‍ റസീതി നല്‍കി പിരിച്ച പണം പോലും ഇതുവരെ ബാങ്കിലടച്ചില്ലെന്നാണ് ആരോപണം. റസീതി നല്‍കാതെ വന്‍കിട കല്യാണ മണ്ഡപങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്നും ഭീമമായ തുകയാണ് ഈടാക്കുന്നത്. ലക്ഷങ്ങള്‍ വരുന്ന ഈ സംഖ്യയും ഇതുവരെ മുനിസിപ്പാലിറ്റിയിലെത്തുകയോ, ബാങ്കിലടക്കുകയും ചെയ്തിട്ടില്ല. നഗരസഭാ പരിധിയിലെ വീടുകള്‍, ഷോപ്പുകള്‍, കല്യാണ മണ്ഡപങ്ങള്‍, ഹോട്ടലുകള്‍, മറ്റു വിവിധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് ദിനേന ഹരിത കര്‍മ്മസേനാംഗങ്ങള്‍ മാലിന്യം ശേഖരിക്കുന്നതിന് പണം ഈടാക്കുന്നത്. വീടുകളില്‍ നിന്നും, ഷോപ്പുകളില്‍ നിന്നും 100 രൂപ വീതമാണ് പിരിച്ചെടുക്കുന്നത്. മാലിന്യ ശേഖരണത്തിന് ഈടാക്കേണ്ട തുക നഗരസഭാ കൗണ്‍സില്‍ ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ 100 രൂപ രസീതി നല്‍കി പിരിച്ചെടുക്കുമ്പോള്‍ വന്‍കിട ഹോട്ടലുകളില്‍ നിന്നും, കല്യാണമണ്ഡപങ്ങളില്‍ ഭീമമായ തുകയാണ് രസീതി നല്‍കാതെ ഈടാക്കുന്നത്. യാതൊരു മാനദണ്ഡവുമില്ലാതെ ഇത്തരത്തില്‍ ലക്ഷങ്ങള്‍ പിരിച്ചെടുക്കുന്ന സംഭവം പ്രതിപക്ഷം നിരവധി തവണ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചിട്ടും ഭരണ സമിതി തീരുമാനമെത്തിട്ടില്ല. 
 കഴിഞ്ഞ യു.ഡി.എഫ് ഭരണ സമിതിയാണ് 31 അംഗ ഹരിത കര്‍മ്മസേനയെ കുടുംബശ്രീയുടെ സഹായത്തോടെ പരിശീലനം നല്‍കി സജ്ജമാക്കിയത്. എന്നാല്‍ സേന സേവന ആരംഭിക്കുന്നതിന് മുമ്പേ ഭരണ സമിതി മാറുകയായിരുന്നു. തുടര്‍ന്ന് ഭരണത്തിലെത്തിയ എല്‍.ഡി.എഫ് ഭരണ സമിതി രാഷ്ട്രീയ പ്രേരിതമായ യാതൊരു പരിശീലനം ലഭിക്കാത്തവരെയും ഹരിത കര്‍മ്മസേനയില്‍ അംഗങ്ങളാക്കുകയുണ്ടായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ ഭര്‍ത്താവിനെ പോലും ഇത്തരത്തിലാണ് ഹരിത കര്‍മ്മസേനയില്‍ അംഗമാക്കിയത്. ഈ ഭരണ സമിതിയുടെ കാലത്താണ് മാലിന്യ ശേഖരണം ആരംഭിച്ചതും. എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഹരിതകര്‍മ്മസേനയുടെ കലക്ഷന്‍ പിരിവിലും, ചെലവുകളിലുമാണ് ഇപ്പോള്‍ തിരിമറി നടന്നതായി ആരോപണമുയര്‍ന്നിരിക്കുന്നത്. 
 ഹരിത കര്‍മ്മസേനയുടെ കലക്ഷന്‍ പിരിവില്‍ നടന്ന ക്രമക്കേട് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് നഗരസഭാ മുസ്‌ലിംലീഗ് കൗണ്‍സില്‍മാരുടെ യോഗം ആവശ്യപ്പെട്ടു. കലക്ഷന്‍ യഥാസമയം നഗരസഭയിലും, ബാങ്കിലും അടക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എ.പി ഹമീദ്, കെ.കെ കുഞ്ഞമ്മദ്, ഉമൈബ മൊയ്തീന്‍കുട്ടി, ഒ സരോജിനി, വി ശ്രീജ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *