May 8, 2024

വിഭജന രാഷ്ട്രീയത്തെ ചെറുക്കാൻ സേവാദള്ളിനെ ശക്തിപ്പെടുത്തുമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് ലാല്‍ജി ദേശായി

0
Img 20190918 Wa0159.jpg
കല്‍പ്പറ്റ: രാഷ്ട്രീയ, സാമൂഹ്യ ബോധമുള്ള കര്‍മ്മനിരതരായ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുകയെന്നതാണ് സേവാദളിന്റെ ലക്ഷ്യമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് ലാല്‍ജി ദേശായി. കല്‍പ്പറ്റയില്‍ സേവാദള്‍ സംസ്ഥാനനേതൃക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത് ഏറ്റവുമധികം യുവജനങ്ങളുള്ള രാജ്യം ഇന്ത്യയാണ്. യുവജനങ്ങളുടെ സേവനം നാടിന്റെ പുരോഗതിക്ക് ആവശ്യമാണ്. ഇതിനായി കര്‍മ്മനിരതരായ യുവജനങ്ങളെ അണിനിരത്താനാണ് സേവാദള്‍ ലക്ഷ്യമിടുന്നത്. ഇതുവരെ കണ്ട പ്രവര്‍ത്തനശൈലിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ രീതിയിലാണ് ഭാവി പദ്ധതികള്‍ സേവാദള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. യുവാക്കളെ കൂടുതല്‍ സേവാദളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. യുവാക്കളായ സേവാദള്‍ അംഗങ്ങളുടെ വസ്ത്രധാരണത്തില്‍ പോലും മാറ്റങ്ങള്‍ കൊണ്ടുവന്നുകഴിഞ്ഞു. നീല ജീന്‍സും, വെള്ള ടീ ഷര്‍ട്ടും, സ്‌പോര്‍ട്‌സ് തൊപ്പിയുമാണ് സേവാദളിലെ യുവജനങ്ങളുടെ വേഷവിധാനം. ബ്ലോക്ക് തലത്തില്‍ 40, ജില്ലാതലത്തില്‍ 45, സംസ്ഥാനതലത്തില്‍ 55 വയസ് എന്നിങ്ങനെ സേവാദളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രായം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം തന്നെ പുരുഷന്മാരുടെയും, വനിതകളുടെയും പ്രത്യേക വിംഗും പ്രവര്‍ത്തിക്കും. ബി ജെ പിയും, ആര്‍ എസ് എസും രാജ്യത്ത് നടപ്പിലാക്കുന്ന വിഭജനരാഷ്ട്രീയത്തെ എതിര്‍ത്തുകൊണ്ട് വിമുക്തഭടന്മാരടക്കം സേവാദളില്‍ അംഗത്വമെടുത്ത് കഴിഞ്ഞു. കേരളത്തില്‍ കഴിഞ്ഞ രണ്ട് തവണയുണ്ടായ പ്രളയത്തിലും സേവാദള്‍ അംഗങ്ങള്‍ സന്നദ്ധപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു. പുനരധിവാസം, വികസനപ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് പുറമെ രക്ഷാദൗത്യത്തിലും സേവാദളിന്റെ പ്രവര്‍ത്തകരെ സജ്ജമാക്കേണ്ടതുണ്ട്. ഇതിനായി സേവാദള്‍ ഭടന്മാര്‍ക്ക് പരിശീലനം നല്‍കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഭാവിയില്‍ എന്തെങ്കിലും തരത്തിലുള്ള ദുരന്തങ്ങളുണ്ടായാല്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനായി സേവാദള്‍ പ്രവര്‍ത്തകരെ പൂര്‍ണ സജ്ജരാക്കാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സേവാദള്‍ ഭടന്മാരുടെ ജോലി നേതാക്കളെ സല്യൂട്ട് ചെയ്യലും, അവരെ പരിചരിക്കലുമല്ല. സ്വന്തമായ തീരുമാനമെടുക്കാനുള്ള പൂര്‍ണ അവകാശമുള്ള സംഘടനയാണിത്. അതുകൊണ്ട് തന്നെ പ്രവര്‍ത്തനശൈലിയില്‍ അടിമുടി മാറ്റം വരുത്തി കരുത്തുറ്റ സംഘടനയാക്കി സേവാദളിനെ വളര്‍ത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ കോണ്‍ഗ്രസ് സേവാദളിന്റെ ജില്ലാ പ്രവര്‍ത്തകസമിതിയോഗവും ഇതോടൊപ്പം നടന്നു. കൂടാതെ പ്രളയബാധിത പ്രദേശങ്ങളില്‍ നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിച്ചവരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് സേവാദളിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കോളനികളില്‍ കിറ്റ് വിതരണം നടത്തി. സംസ്ഥാന പ്രസിഡന്റ് എം എ സലാം, കേരളത്തിന്റെ ചുമതല വഹിക്കുന്ന അഖിലേന്ത്യാ സെക്രട്ടറി രേണുകാപ്രസാദ്, സംസ്ഥാന മഹിളാ ഓര്‍ഗനൈസര്‍ ആര്‍ ജയകുമാരി, കെ പി സി സി സെക്രട്ടറി കെ കെ അബ്രഹാം, കെ പി സി സി അംഗം പി പി ആലി, സേവാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ബാബു, യംഗ് ബ്രിഗേഡ് കണ്‍വീനര്‍ സിജി കൊട്ടാരത്തില്‍, സംസ്ഥാന ട്രഷറര്‍ യൂസഫ് ഷാജി, ജില്ലാപ്രസിഡന്റ് അനില്‍ എസ് നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *