May 6, 2024

പ്രളയബാധിതര്‍ക്ക് ധനസഹായം ലഭ്യമാക്കാത്തത് സര്‍ക്കാരിന്റെ പിടിപ്പുകേട്; സി പി എം വയനാട്ടിലെ സമാധാനന്തരീക്ഷം തകര്‍ക്കുന്നു: എന്‍ ഡി അപ്പച്ചന്‍

0

കല്‍പ്പറ്റ: സി പി എം ക്യാംപസുകളില്‍ അക്രമികളെ സൃഷ്ടിച്ചുകൊണ്ട് ജില്ലയിലെ സമാധാനന്തരീക്ഷം തകര്‍ക്കുകയാണെന്ന് യു ഡി എഫ് ജില്ലാകണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ കുറ്റപ്പെടുത്തി. മുസ്ലീംലീഗ് ജില്ലാ ഓഫീസിന് നേരെയുണ്ടായ ആക്രമണവും, മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരെ പടക്കമെറിഞ്ഞ സംഭവവും ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദ്ദാഹരണമാണ്.  ജനാധിപത്യ പ്രകൃയ്യയില്‍ നടക്കേണ്ട തിരഞ്ഞെടുപ്പ് അട്ടിമറിച്ചുകൊണ്ട് കെ എസ് യു, എം എസ് എഫ് വിദ്യാര്‍ത്ഥികളെ അതിക്രൂരമായി മര്‍ദ്ദിച്ച് സംഘടനപ്രവര്‍ത്തനത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനുള്ള ശ്രമങ്ങളാണ് നടന്നത്. ഇതിന് സി പി എം ജില്ലാനേതൃത്വം പിന്തുണ പ്രഖ്യാപിക്കാതെ തിരുത്താനാണ് ശ്രമിക്കേണ്ടതാണ്. എന്നാല്‍ അതുണ്ടാവുന്നില്ല. ബത്തേരി സെന്റ്‌മേരീസ് കോളജിലും, മറ്റ് കോളജ് ക്യാംപസുകളിലുമെല്ലാം കെ എസ് യുവിന്റെ വിദ്യാര്‍ത്ഥികളെ മാരകായുധങ്ങള്‍ ഉപയോഗിച്ച് തല്ലി പരിക്കേല്‍പ്പിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായില്ല. മൂന്നര വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ നീതി നടപ്പിലാക്കേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണ്. ജില്ലയിലെയും സംസ്ഥാനത്തെയും ക്രമസമാധാനനില സര്‍ക്കാരിന്റെ പിടിപ്പുകേട് കാരണം തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
ജില്ലയിലെ പ്രളയബാധിതര്‍ക്ക് നാളിതുവരെയായി ധനസഹായം ലഭ്യമാക്കാന്‍ ഈ സര്‍ക്കാരിനായിട്ടില്ല. പ്രളയത്തെ തുടര്‍ന്ന് ജില്ലയില്‍ മുപ്പതിനായിരത്തിലധികം പേരെ മാറ്റിപാര്‍പ്പിച്ചിരുന്നു. കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് പതിനായിരം രൂപ വെച്ച് മാനദണ്ഡങ്ങളില്ലാതെ തന്നെ നല്‍കാമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ്. വയനാട്ടില്‍ നൂറ് കുടുംബങ്ങള്‍ക്ക് പോലും ഈ പതിനായിരം രൂപ തികച്ച് കിട്ടിയിട്ടില്ല. ഉരുള്‍പ്പൊട്ടലിലും മഴവെള്ളപാച്ചിലിലും വീടുകള്‍ ഒലിച്ചുപോയവര്‍ക്ക് സര്‍ക്കാര്‍ സ്ഥലം കണ്ടെത്തി വീടുകള്‍ നിര്‍മ്മിച്ച് നല്‍കി അവരെ പുനരധിവസിപ്പിക്കുമെന്നാണ് പറഞ്ഞിരുന്നത്. വീടില്ലാത്തവര്‍ക്ക് താമസിക്കുന്നതിന് വേണ്ടി മറ്റ് സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഏറ്റവുമധികം ദുരിതമുണ്ടായ മേപ്പാടി, വൈത്തിരി, പൊഴുതന, മുട്ടില്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ പോലും ഇതുവരെ വീട് നഷ്ടപ്പെട്ടവര്‍ക്ക് താമസിക്കാന്‍ യാതൊരു വിധ സൗകര്യവും ഒരുക്കികൊടുക്കാന്‍ പഞ്ചായത്തുകളോ സര്‍ക്കാരുകളോ തയ്യാറാകുന്നില്ല. കാര്‍ഷികവിളകള്‍ പൂര്‍ണമായി തന്നെ നശിച്ചിട്ടും അതിന്റെ വ്യക്തമായ കണക്കെടുക്കാനോ, അവരെ സഹായിക്കാനോ ബന്ധപ്പെട്ടവര്‍ ഒരു ചെറിയ ശ്രമം പോലും നടത്തിയിട്ടില്ല. അതുകൊണ്ട് അടിയന്തരമായി പ്രളയബാധിതര്‍ക്ക് സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *