May 5, 2024

മൊത്ത വ്യാപാര സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കി: വാളാട് ആശങ്കാജനകമായ സാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി.

0
വയനാട് ജില്ലയില്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് ആശങ്കാജനകമായ സാഹചര്യമാണുള്ളത്. ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ എട്ടു പേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് 98 പേരുടെ സാമ്പിളെടുത്ത് പരിശോധിച്ചതില്‍ 42 പേര്‍ കൂടി പോസിറ്റീവായി. പഞ്ചായത്ത് ഇന്നലെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ച വാളാട് സ്വദേശിയുടെ മരണാനന്തര ചടങ്ങിനു ശേഷം അടുത്ത ദിവസങ്ങളില്‍ നാട്ടില്‍ രണ്ട് വിവാഹ ചടങ്ങുകള്‍ കൂടി നടക്കുകയും നിരവധി പേര്‍ പങ്കെടുക്കുകയും ചെയ്തതാണ് വ്യാപനം കൂടാന്‍ ഇടയാക്കിയത്. ഈ ചടങ്ങുകളില്‍ പങ്കെടുത്ത എല്ലാവരോടും ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി.
ലാര്‍ജ് ക്ലസ്റ്ററിലേക്കു നീങ്ങുന്ന ബത്തേരിയിലും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമ്പര്‍ക്ക വ്യാപനത്തിന് കാരണമായ മൊത്ത വ്യാപാര സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് തുടര്‍ച്ചയായി ചരക്കു ലോറികള്‍ വരുന്ന സ്ഥാപനമാണിത്.
വയനാട് ജില്ലയില്‍ വെള്ളമുണ്ട പഞ്ചായത്തിലെ വാരാമ്പറ്റ മഹല്ല് കമ്മിറ്റി കാണിച്ച മാതൃകയും ശ്രദ്ധേയമാണ്. ബാംഗ്ലൂരില്‍ നിന്ന് തലശ്ശേരിയിലേക്കുള്ള യാത്രാമദ്ധ്യേ ബത്തേരിയില്‍ മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം കൊണ്ടുപോകാന്‍ തടസ്സമുള്ളതിനാല്‍ വാരാമ്പറ്റ പള്ളി ഖബര്‍സ്ഥാനത്ത് മറവു ചെയ്യാന്‍ മഹല്ല് കമ്മിറ്റി സമ്മതിക്കുകയായിരുന്നു. കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ഒത്തൊരുമയോടെയാണ് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ മൃതദേഹം മറവു ചെയ്യാന്‍ മുന്നില്‍ നിന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *