September 27, 2023

ജീവിതം വഴിമുട്ടി അരിവാൾ രോഗികൾ: പെന്‍ഷന്‍ ഉടന്‍ ലഭ്യമാക്കണം: സിക്കിള്‍സെല്‍ അനീമിയ പേഷ്യന്‍സ് അസോസിയേഷന്‍

0
IMG-20201204-WA0271.jpg
കല്‍പ്പറ്റ: അരിവാള്‍ കോശ രോഗികളുടെ മുടങ്ങികിടക്കുന്ന പെന്‍ഷന്‍ ഉടന്‍ ലഭ്യമാക്കണമെന്നും ചികിത്സാ സൗകര്യവും ഉടന്‍ അനുവദിക്കണമെന്ന് സിക്കിള്‍സെല്‍ അനീമിയ പേഷ്യന്‍സ് അസോസിയേഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ട്രൈബല്‍ വിഭാഗത്തില്‍ പെട്ട രോഗികള്‍ക്ക് 2500 രൂപയും അല്ലാത്തവര്‍ക്ക് 2000 രൂപയുമാണ് പ്രതിമാസ പെന്‍ഷന്‍. എന്നാല്‍ ട്രൈബല്‍ വകുപ്പ് നല്‍കുന്ന പെന്‍ഷന്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ലഭിച്ചിട്ടില്ല. സാമൂഹ്യ സുരക്ഷാ വകുപ്പ് നല്‍കുന്ന പെന്‍ഷനാകട്ടെ 2019 സെപ്തംബര്‍ മാസം മുതല്‍ കുടശ്ശികയാണ്. മറ്റു വരുമാന മാര്‍ഗമൊന്നുമില്ലാത്തതിനാല്‍ തന്നെ ഉള്‍ഗ്രാമങ്ങളിലടക്കമുള്ള അരിവാള്‍ രോഗികള്‍ക്ക് പെന്‍ഷന്‍ മാത്രമാണ് ഏക വരുമാനമെന്ന് അവര്‍ അറിയിച്ചു. ജില്ലാ ആശുപത്രി കൊറോണ പ്രതിരോധത്തിനായി സജ്ജീകരിച്ചതിനാല്‍ മറ്റുചികിത്സകള്‍ പനമരം, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മീനങ്ങാടി ആശുപത്രികളിലാണ് ലഭ്യമാക്കിയിരിക്കുന്നത്. യാത്രാ സൗകര്യമില്ലാത്തതിനാലും ആംബുലന്‍സുകള്‍ പരിമിതമായതിനാലും സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. 
   2009 ല്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അരിവാള്‍ രോഗികള്‍ക്കായി അനുവദിച്ച ഒരു വാര്‍ഡ് കൊവിഡിന് മുമ്പ് വരെ കോണ്‍ഫറന്‍സ് ഹാളായും സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഒരു വാര്‍ഡ് നിലവില്‍ അടച്ചിട്ട നിലയിലുമാണെന്നും കൂട്ടിച്ചേര്‍ത്തു. ഇവര്‍ക്ക് ഹെല്‍ത്ത് സെന്റര്‍ വഴി നല്‍കുന്ന ഡ്രോക്‌സിജെറ്റ് എന്ന ഗുളിക ഗുണനിലവാരമില്ലാത്തതാണെന്നും അവര്‍ അറിയിച്ചു. മുടങ്ങികിടക്കുന്ന ആറു മാസത്തെ പെന്‍ഷന്‍ അടിയന്തിരമായി അനുവദിച്ച് തരണമെന്നാവശ്യപ്പെട്ടു കൊണ്ട് ആരോഗ്യ വകുപ്പ് മന്ത്രിക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഏകദേശം അമ്പതോളം അപേക്ഷകള്‍ വിഷയം സംബന്ധിച്ച് വിവിധതല ഉദ്യാഗസ്ഥര്‍ക്ക് സമര്‍പ്പിച്ചതായും പറഞ്ഞു. പ്രസിഡന്റ് പി മണികണ്ഠന്‍, സെക്രട്ടറി സി ഡി സരസ്വതി, സി ആര്‍ അനീഷ്, എ എ അരുണ്‍, ഇ എന്‍ വിനയന്‍ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *