മാധ്യമ ശില്പശാല വാര്‍ത്തകളുടെ വസ്തുതാ പരിശോധനയ്ക്ക് സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തണം

കൽപ്പറ്റ:നിര്‍മ്മിത ബുദ്ധിയുടെയും മത്സരാധിഷ്ടിത മാധ്യമ പ്രവര്‍ത്തനത്തിന്റെയും കാലത്ത് വാര്‍ത്തകള്‍ ശരിയായ രീതിയില്‍ അവതരിപ്പിക്കാന്‍ വസ്തുതാ പരിശോധന അനിവാര്യമെന്ന് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമ വിദഗ്ധന്‍ സുനില്‍ പ്രഭാകര്‍. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും വയനാട് പ്രസ് ക്ലബും സംയുക്തമായി ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച മാധ്യമ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയയുടെ കാലഘട്ടത്തില്‍ തെറ്റായതും അപൂര്‍ണ്ണമായതുമായ വിവരങ്ങള്‍ പങ്കുവെക്കപ്പെടുന്നത് സമൂഹത്തില്‍ ഗുരുതര പ്രശ്നങ്ങള്‍ സൃഷ്ടിക്കും. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വസ്തുതാ വിരുദ്ധമായ വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്ക് പ്രത്യേക താല്‍പര്യങ്ങള്‍ ഉണ്ടാകും. സാധാരണജനങ്ങള്‍ വിവരങ്ങള്‍ക്കായി ഏറെ വിശ്വാസത്തോടെ ആശ്രയിക്കുന്ന മാധ്യമങ്ങള്‍ വിഷയാവതരണത്തില്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടതും ശരിയായ വിവരങ്ങള്‍ അവതരിപ്പിക്കേണ്ടതും സാമൂഹിക ഉത്തരവാദിത്ത്വമാണ്. വിവര സ്രോതസുകളെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കും മുമ്പ് വസ്തുതാ പരിശോധനക്കായി ഇന്റര്‍നെറ്റ് ടൂളുകളെ കൂടി ആശ്രയിക്കാവുന്നതാണ്. ശരിയായ വാര്‍ത്തകള്‍ കണ്ടെത്താന്‍ യുക്തിബോധവും അനുഭവങ്ങളും മാധ്യമ പ്രവര്‍ത്തകര്‍ക്ക് കരുത്താകുമെന്നും ഗൂഗ്ള്‍ ന്യൂസ് ഇനീഷ്യേറ്റീവ് പരിശീലകന്‍ കൂടിയായ സുനില്‍ പ്രഭാകര്‍ പറഞ്ഞു. വസ്തുതാ പരിശോധനയ്ക്ക് സഹായകരമാകുന്ന സൈറ്റുകളെയും ഇന്റര്‍നെറ്റ് ടൂളുകളെയും അദ്ദേഹം മാധ്യമ പ്രവര്‍ത്തകര്‍ക്കു പരിചയപ്പെടുത്തി.
കല്‍പ്പറ്റ വൈന്‍ഡ്വാലിയില്‍ നടന്ന ശില്‍പശാല ജില്ലാ കളക്ടര്‍ എ.ഗീത ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ മാധ്യമങ്ങളുടെ സ്വാധീനം ശക്തമായതിനാല്‍ മത്സരബുദ്ധിയോടെ വാര്‍ത്തകള്‍ അവതരിപ്പിക്കേണ്ടി വരുമ്പോഴും മാധ്യമ പ്രവര്‍ത്തകര്‍ അര്‍ദ്ധ സത്യങ്ങളുടെ വാഹകരാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഓര്‍മ്മിപ്പിച്ചു. വയനാട് പ്രസ്‌ക്ലബ് പ്രസിഡന്റ് കെ. സജീവന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് സ്വാഗതവും പ്രസ്‌ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുളള നന്ദിയും പറഞ്ഞു.



Leave a Reply