ജില്ലയിലെ വിദ്യാഭ്യാസ ഓഫിസർമാരുടേയും, കുട്ടികളുടേയും കൊഴിഞ്ഞു പോക്ക് ; സർക്കാർ മറുപടി പറയണം -കാംപസ് ഫ്രണ്ട്
കൽപ്പറ്റ:ജില്ലയിൽ വർധിച്ചു വരുന്ന വിദ്യാഭ്യാസ ഓഫിസർമാരുടേയും, കുട്ടികളുടേയും കൊഴിഞ്ഞു പോക്കിൽ സർക്കാർ മറുപടി പറയണമെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വയനാട് ജില്ലാ സെക്രട്ടറി ഷബീർ കെ.സി. ജില്ലയിൽ ഡിസംബറിൽ സ്കൂളിലെത്താത്ത വിദ്യാർഥികളുടെ എണ്ണം പതിനായിരത്തിലേറെയെന്നാണ് അനൗദ്യോഗിക കണക്ക്. നവംബറിൽ 9545 കുട്ടികൾ സ്കൂളിലെത്താതിരുന്നിട്ടും വിദ്യാഭ്യാസ വകുപ്പ് ഇടപെടൽ നടത്താതിരുന്നത് കൊണ്ടാണ് കൊഴിഞ്ഞു പോകുന്നവരുടെ എണ്ണം വർധിച്ചത്.ഇത് പരിഹരിക്കാൻ ചുക്കാൻ പിടിക്കേണ്ട വിദ്യഭ്യാസ വകുപ്പ് ആവട്ടെ നാഥനില്ലാതെ നട്ടം തിരിയുകയുമാണ്.വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടവും എകോപനവും നടത്തേണ്ട വിദ്യഭ്യാസ ഉപ ഡയറക്ടർ(ഡി.ഡി.ഇ), ജില്ലാ വിദ്യാഭ്യാസ ഓഫിസർ(ഡി.ഇ.ഒ), അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫിസർ(എ.പി.എഫ്.ഒ) തുടങ്ങി വിദ്യാഭ്യാസ ഓഫിസിലെ മൂന്ന് സുപ്രധാന കസേരകളിൽ നിലവിൽ ആളില്ല.ഈ വിഷയം മുൻപും കാംപസ് ഫ്രണ്ട് അടക്കമുള്ള വിദ്യാർഥി സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അന്നേരം ആരെയെങ്കിലും തല്ക്കാലിക ചുമതല ഏൽപ്പിച്ച് ആളുകളെ കണ്ണിൽ പൊടിയിടലാണ് പതിവ്.നിലവിൽ രണ്ടു വർഷം മാത്രം സർവീസുള്ള അക്കൗണ്ട്സ് ഓഫിസർക്കാണ് ചുമതലയുള്ളത്.
അത് കൊണ്ട് തന്നെ ജനസംഖ്യ ഏറ്റവും കുറവായിട്ടും ഏറ്റവും കൂടുതൽ കുട്ടികൾ സ്കൂളിൽ വരാത്ത ജില്ലയുമായും എൽ.എസ്.എസ്, യു.എസ്.എസ്,എസ്.എസ്.എൽ.സി, പ്ലസ് ടു തുടങ്ങിയ പരീക്ഷകളിൽ വിജയ ശതമാനം ഏറ്റവും കുറവുമുള്ള ജില്ലയുമായി വയനാട് മാറിയിരിക്കുകയാണ്.
അതിനാൽ സംസ്ഥാന സർക്കാർ ഇടപെട്ട് കൊണ്ട് ജില്ലയിലെ വിദ്യാഭ്യാസ ഓഫിസിൽ ഒഴിവുള്ള ഓഫിസർ തസ്തികളിലേക്ക് നിയമനങ്ങൾ നടത്തണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾക്ക് കാംപസ് ഫ്രണ്ട് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Reply