വയനാട്ടിലെ കല്ലമ്പലങ്ങളില്‍ നിധി ഒളിച്ചിരിപ്പുണ്ടോ?
✍️റിപ്പോർട്ട്. ഹുസ്ന റമീഷ്
കല്‍പറ്റ∙ വയനാട്ടിലെ കല്ലമ്പലങ്ങളില്‍ നിധി ഒളിച്ചിരിപ്പുണ്ടോ? പറഞ്ഞുകേള്‍ക്കുന്ന അഭ്യൂഹങ്ങളില്‍ വിശ്വസിച്ച് ഒട്ടേറെപ്പേരാണു വയനാട്ടിലെ കല്ലമ്പലങ്ങളായ ജനാര്‍ദനഗുഡിയിലേക്കും വിഷ്ണുഗുഡിയിലേക്കും എത്തുന്നത്. ആര്‍ക്കിയോളജി വകുപ്പ് ഏറ്റെടുത്ത ഈ രണ്ട് പുരാതന ചരിത്രസ്മാരകങ്ങളും നവീകരിച്ചു സംരക്ഷിക്കുന്നതിന്റെ ഭാഗമായി അടുത്തിടെ പൊളിച്ചു തുടങ്ങിയിരുന്നു. ശിലാപാളികളുള്‍പ്പെടെ പൊളിച്ചുനീക്കി പുനര്‍നിര്‍മിക്കുകയാണു ലക്ഷ്യം.
പൊളിക്കുമ്പോള്‍ നിധി കിട്ടിയാല്‍ ചുളുവില്‍ കൈക്കലാക്കാം എന്ന വ്യാമോഹമാണ് ആളുകളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. കാലപ്പഴക്കത്താല്‍ നശിച്ചുതുടങ്ങിയ കല്ലമ്പലങ്ങള്‍ക്കുള്ളിലെ നിധി തേടി പണ്ടുകാലത്തും ആളുകള്‍ എത്തുമായിരുന്നു. ആരും കാവലില്ലാതെ കിടന്ന ചരിത്രസ്മാരകങ്ങള്‍ വളരെ വേഗം നശിക്കാനിടയാക്കിയതിനു പിന്നില്‍ ഇവിടെയെത്തി നിധി തിരഞ്ഞവരുടെ പങ്കും ചെറുതല്ല.
കനത്ത സുരക്ഷാവലയത്തിലാണ് ഇപ്പോള്‍ കല്ലമ്പലങ്ങള്‍ പൊളിക്കുന്നത്. ഇവിടെയെത്തി ചുറ്റിപ്പറ്റി നില്‍ക്കുന്നവരെയാരെയും അനുമതിയില്ലാതെ അങ്ങോട്ടേയ്ക്ക് അടുപ്പിക്കുന്നില്ല. എങ്കിലും തകർന്ന ക്ഷേത്രങ്ങള്‍ പൊളിക്കുന്നതു കാണാനെത്തിയ പലർക്കും സ്വർണനാണയവും മറ്റും ലഭിച്ചുവെന്നു കഥയിറക്കുന്നവര്‍ കുറവല്ല. പനമരം-നടവയല്‍ റോഡില്‍ കായക്കുന്ന് പുത്തങ്ങാടിയിലെ കാപ്പിത്തോട്ടത്തിനുള്ളിലാണു വിഷ്ണുഗുഡിയുള്ളത്. പുഞ്ചവയല്‍ -നീര്‍വാരം റോഡരികിലായി ജനാര്‍ദനഗുഡിയും സ്ഥിതി ചെയ്യുന്നു. 700 മീറ്ററോളം അകലത്തിലാണു രണ്ടു ക്ഷേത്രങ്ങളും. ദേവസുന്ദരികളും അവതാരങ്ങളും ആരാധനാമൂര്‍ത്തികളുമെല്ലാം കല്ലില്‍ കൊത്തിവച്ച മനോഹര കാഴ്ച.
12-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണു കല്ലമ്പലങ്ങളെന്നാണു പഠനങ്ങള്‍. ദീര്‍ഘചതുരാകൃതിയില്‍ വെട്ടിയെടുത്ത ശിലാപാളികള്‍ ചേര്‍ത്തുവച്ച ഭിത്തിയും മേല്‍ക്കൂരയുമാണ് ഇവയ്ക്ക്. മനോഹരമായ ചിത്രപ്പണികളോടുകൂടിയ കരിങ്കല്‍ത്തൂണുകളുമുണ്ട്. ഏറെക്കാലമായി ജീര്‍ണിച്ചു നശിക്കുകയായിരുന്നു ഇത്തരം കല്ലമ്പലങ്ങള്‍. ജനാര്‍ദനഗുഡിയുടെ കവാടം പൂര്‍ണമായും മുഖമണ്ഡപം ഭാഗികമായും നിലംപൊത്തി. ജൈനമതക്കാര്‍ കര്‍ണാടകയില്‍നിന്നും ആന്ധ്രയില്‍നിന്നുമെല്ലാം വയനാട്ടിലേക്കു കുടിയേറിയ കാലത്തോളം പഴക്കമുണ്ടാകും ഇവയ്ക്ക്. പണ്ടുകാലത്തെ ജൈന വ്യാപാര കേന്ദ്രങ്ങള്‍ ഇതോടു ചേര്‍ന്നു സ്ഥിതി ചെയ്തിരുന്നതായും പറയപ്പെടുന്നു.
മുത്തും പവിഴവും തേടി
ജൈനമത പ്രചാരകരായ ഹൊയ്സാല രാജാക്കന്മാരാണു കല്ലമ്പലങ്ങള്‍ പണിതീര്‍ത്തതെന്നും അതല്ല മുത്തുവ്യാപാരികളാണു കല്ലമ്പലങ്ങളുണ്ടാക്കിയതെന്നും പറയപ്പെടുന്നു. ദക്ഷിണ കന്നഡയില്‍നിന്ന് വയനാട് വഴി പടിഞ്ഞാറു കടല്‍ത്തീരത്തു പോയി വന്നിരുന്ന കച്ചവട സംഘങ്ങളാണു കല്ലമ്പലങ്ങളുടെ സൃഷ്ടാക്കളെന്നും ചില അഭിപ്രായങ്ങളുണ്ട്. ഇതു സംബന്ധിച്ച കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നാലേ കൃത്യമായ നിഗമനത്തിലെത്താനാകൂ.
മൈസൂരുവില്‍നിന്നും കനറയില്‍നിന്നും മുത്തും പവിഴവും രത്നക്കല്ലുകളും പട്ടുതുണികളുമെല്ലാം വയനാട്ടിലേക്കെത്തി അതുവഴി കടല്‍ കടന്നുവത്രേ. പുത്തങ്ങാടിയിലാണു വിഷ്ണുഗുഡി സ്ഥിതി ചെയ്യുന്നത്. പഴയ മുത്തങ്ങാടിയാണു പിന്നീട് പുത്തങ്ങാടിയായി മാറിയതെന്നും പറയപ്പെടുന്നു. തകര്‍ന്നടിഞ്ഞ പവിഴ വ്യാപാരകേന്ദ്രത്തിന്റെ ശേഷിപ്പുകളും കല്ലമ്പലങ്ങളോടു ചേര്‍ന്നുണ്ടാകുമെന്ന അഭ്യൂഹമാണ് വ്യാപകമായി പ്രചരിക്കുന്നത്.
പടയോട്ടങ്ങളുണ്ടാകുമ്പോള്‍ പെട്ടെന്നു കൊള്ളയടിക്കപ്പെടാതിരിക്കാന്‍ രാജാവിന്റെയും പ്രഭുക്കന്മാരുടെയും സമ്പത്ത് ക്ഷേത്രങ്ങളിലാണല്ലോ സൂക്ഷിച്ചിരുന്നത്. കല്ലമ്പലങ്ങളിലും ഇത്തരത്തില്‍ വിലമതിക്കാനാകാത്ത സ്വര്‍ണനിക്ഷേപമുണ്ടാകാനിടയുണ്ടെന്നും പ്രചാരണമുണ്ട്. ടിപ്പുവിന്റെ പടയോട്ടത്തെയും അതിജീവിച്ചതാണ് ജനാർദനഗുഡിയിലെ കല്ലമ്പലമെന്നതും ജനങ്ങളുടെ ഭാവനയ്ക്കു മേൽ വളമേകിയിട്ടുണ്ട്.
ആര്‍ക്കിയോളജി വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ജീര്‍ണോദ്ധാരണ പ്രവൃത്തികള്‍ തുടങ്ങിയതോടെ നിധിതേടി ആളുകളും എത്തിത്തുടങ്ങി. കല്ലമ്പലങ്ങളിലെ ശിലാപാളികള്‍ ഇളക്കിമാറ്റി പുനസ്ഥാപിക്കുകയാണ് ആര്‍ക്കിയോളജി വകുപ്പിന്റെ ലക്ഷ്യം. ശ്രീകോവിലുള്‍പെടെ പൊളിക്കുന്നുണ്ട്. അനുമതിയില്ലാതെ ആരെയും കല്ലമ്പലങ്ങളിലേക്കു പ്രവേശിപ്പിക്കില്ലെങ്കിലും സമീപത്തെങ്ങാനും കിടന്നു മുത്തും പവിഴവും കിട്ടിയാലോ എന്നോര്‍ത്താകും നിധിനോട്ടക്കാരുടെ വരവ്.
ഏറെക്കാലമായി ഉപേക്ഷിക്കപ്പെട്ടുകിടന്ന ഈ പുരാതന ജൈനക്ഷേത്രങ്ങളുടെ പരിസരത്തുനിന്നു പണ്ടുകാലത്ത് കുറെപ്പേര്‍ക്കു വിലമതിക്കാനാകാത്ത പുരാവസ്തുക്കള്‍ കിട്ടിയിരുന്നു. ചരിത്രശേഷിപ്പുകള്‍ മണ്‍മറഞ്ഞുപോകുന്നുവെന്ന ആശങ്ക പലകോണുകളില്‍നിന്നും ഉയര്‍ന്നതോടെയാണു പുനരുദ്ധാരണ നടപടികള്‍ക്കു തുടക്കമായത്.
‘പഞ്ചലോഹ’ വിഗ്രഹത്തിനു പിന്നിലെന്ത്?
അതിനിടെ, ജനാര്‍ദനഗുഡിയിലെ ശ്രീകോവില്‍ പൊളിക്കുമ്പോള്‍ പഞ്ചലോഹ വിഗ്രഹം കിട്ടിയതായും അഭ്യൂഹമുണ്ടായി. എന്നാൽ, അധികൃതർ സംഭവം ഇതു വരെ സ്ഥിരീകരിച്ചിട്ടില്ല. കിട്ടിയ വിഗ്രഹം പരിശോധിച്ചാലേ ഏതു ലോഹം കൊണ്ടാണു നിര്‍മിച്ചതെന്ന് അറിയാനാകൂ. വിഗ്രഹം ലഭിച്ചതിനെ തുടർന്ന് ക്ഷേത്രം പൊളിക്കുന്ന പ്രവൃത്തികൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
എന്നാല്‍, ക്ഷേത്രം പൊളിക്കുന്നതിനിടെ കടന്നല്‍ക്കൂട് ഇളകിയതുകൊണ്ടാണു പണി താല്‍ക്കാലികമായി നിര്‍ത്തിയതെന്നാണ് ഔദ്യോഗികഭാഷ്യം. വലിയ കല്ലുകൾ മാറ്റിയിരുന്ന ക്രെയിൻ ഇവിടെനിന്ന് മാറ്റുകയും ക്ഷേത്രത്തിനടുത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞ് ബോർഡ് വയ്ക്കുകയും ചെയ്തിട്ടുണ്ട്. വലിയ വല കൊണ്ടു ക്ഷേത്രത്തിനു ചുറ്റും മറച്ചുകെട്ടിയിട്ടുണ്ട്. ശക്തമായ കാവലും ഏര്‍പെടുത്തി.
ഇവിടെ പുനര്‍ജനിക്കും ചരിത്രം
വിഷ്ണു ഗുഡി 2015ലും ജനാർദനഗുഡി 2016ലുമാണ് ദേശീയ സ്മാരകമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വിജ്ഞാപനം ചെയ്തത്. പുഞ്ചവയൽ നീർവാരം റോഡിലെ ചരിത്ര സ്മാരകമായ ജനാർദനഗുഡിയാണ് ആദ്യം പൊളിച്ചുതുടങ്ങിയത്. ശ്രീകോവിലും അന്തരാളവും പൊളിച്ചുനീക്കിക്കൊണ്ടിരിക്കുന്നു. അടുത്ത ദിവസം തന്നെ 4 തൂണുകളോടുകൂടിയ മഹാമണ്ഡപവും തുടർന്ന് 2 തൂണുകളോടുകൂടിയ മുഖമണ്ഡപവും ഒടുവിൽ സോപനവും പൊളിക്കും.
ജനാർദനഗുഡി പൊളിച്ച് നീക്കുന്നതിന് ചുരുങ്ങിയത് 2 ആഴ്ചയെങ്കിലും എടുക്കുമെന്നാണ് തൊഴിലാളികൾ പറയുന്നത്. വിദഗ്ധ പരിശീലനം ലഭിച്ച കര്‍ണാടകക്കാരും പ്രദേശവാസികളില്‍ ചിലരും ചേര്‍ന്നാണു ശിലാപാളികള്‍ നീക്കുന്നത്. ജീർണോദ്ധാരണ പ്രവൃത്തികൾക്ക് മുന്നോടിയായുള്ള നടപടിക്രമങ്ങൾ ആഴ്ചകൾക്ക് മുൻപ് തന്നെ പൂർത്തിയാക്കി, ഓരോ ശിലയ്ക്കും പ്രത്യേകം നമ്പറിട്ട് സ്ഥലവും പരിസരവും വൃത്തിയാക്കിയിരുന്നു.
നിലവിലുള്ള ശിലാപാളികൾക്ക് കേടുപാടുകൾ പറ്റാതെ അതിസൂക്ഷ്മമായാണ് പൊളിച്ചെടുക്കുന്നത്. കല്ലമ്പലത്തിൽ നിന്ന് പൊളിക്കുന്ന ശിലകൾ ക്രെയിന്‍ ഉപയോഗിച്ചു നീക്കി അടുക്കിവയ്ക്കും. പൂർണമായും പൊളിച്ചു മാറ്റിയതിനു ശേഷമേ നിർമാണ പ്രവൃത്തി ആരംഭിക്കൂ. കൽത്തൂണുകളിൽ കൊത്തിവച്ച ശിൽപങ്ങളും ചിത്രങ്ങളും അതേപടി നിലനിർത്തിയാണ് പുനർനിർമിക്കുക. നിർമാണ ശേഷം കല്ലമ്പലങ്ങള്‍ കേന്ദ്ര പുരാവസ്തു വകുപ്പ് വീണ്ടും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.
Leave a Reply