മാംഗല്യം-വിവാഹ സംഗമം: ആറ് കുടുംബങ്ങള്‍ക്ക് ആശ്വാസ തണലാകും
കല്‍പ്പറ്റ :
കല്‍പ്പറ്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിവാഹ സംഗമങ്ങള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പാവപ്പെട്ട കുടുംബങ്ങളിലെ ആറ് പെണ്‍കുട്ടികളെയാണ് അവരവരുടെ വീടുകളില്‍ നിന്ന് ഈ വര്‍ഷം വിവാഹം നടത്തുന്നത്.വൈത്തിരി താലൂക്കിലെ ആറ് വീടുകളില്‍ വെച്ച് ഞായറാഴ്ച ഒരേ സമയത്ത് വിവാഹം നടത്തുന്ന മാതൃകാ പരിപാടിയാണ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ സഹായത്തോടെ നടക്കുന്നത്.
2022 ഫെബ്രുവരി 20 ഞായറാഴ്ച ഒരേസമയം ആറ് വീടുകളിലും വരന്മാര്‍ വധുവിനെ അവരവരുടെ വിശ്വാസ പ്രകാരം സ്വീകരിക്കും.
കോവിഡ് പ്രോട്ടോകോള്‍
പൂർണ്ണമായി പാലിച്ചായിരിക്കും ചടങ്ങുകൾ നടക്കുക.
വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആറു വീടുകളിലും വിവാഹ സദ്യ കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തകര്‍ വിതരണം ചെയ്യും.
വിവാഹിതരാവുന്ന ഓരോ വീടുകളിലെയും പെണ്‍കുട്ടികള്‍ക്ക് 5 പവന്‍ സ്വര്‍ണാഭരണം സൊസൈറ്റി നല്‍കും കൂടാതെ വരനും വധുവിനും ധരിക്കാനുള്ള വസ്ത്രം വിവാഹ ദിവസത്തെ ചെലവുകള്‍ തുടങ്ങിയവയും ചാരിറ്റബിള്‍ സൊസൈറ്റി യുടെ പ്രവര്‍ത്തകര്‍ എത്തിച്ച് നല്‍കുന്നതാണ്. എട്ട് വര്‍ഷത്തിനിടക്ക് 27 കുടുംബങ്ങളിലെ പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹ ദിവസം സ്വര്‍ണാഭരണങ്ങളും വസ്ത്രമടക്കമുള്ള മറ്റു സഹായങ്ങളും ആവശ്യത്തിനനുസരിച്ച് എത്തിച്ചുകൊടുക്കുന്ന നടപടി സൊസൈറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. ഇത്തവണ ഇതാദ്യമായാണ് ഒരുമിച്ച് ഒരു ദിവസം അവരവരുടെ വീടുകളില്‍ വിവാഹ സംഗമമായി നടത്തുന്നത്. 2013 മുതല്‍ കല്‍പ്പറ്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സൊസൈറ്റി വിവിധങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. എട്ട് വര്‍ഷമായി കൈനാട്ടി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ സൗജന്യ കഞ്ഞി മുടക്കം കൂടാതെ വിതരണം നടത്തുന്നു. വിശേഷ ആഘോഷ ദിവസങ്ങളില്‍ വിഭവസമൃദ്ധമായ ഭക്ഷണവും വിതരണം ചെയ്ത് വരുന്നുണ്ട്.
കിഡ്‌നി,ക്യാന്‍സര്‍,കിടപ്പ് രോഗികള്‍ക്ക് മരുന്ന് ഇതര ചികില്‍സാ സഹായങ്ങളും നല്‍കി വരുന്നു.
കോവിഡ് ബാധിച്ച് മരണമടഞ്ഞ വിവിധ വിശ്വാസികളായ 19 പേരുടെ മരണാനന്തര കര്‍മ്മങ്ങള്‍ക്ക് കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുകയുണ്ടായി. പത്രസമ്മേളനത്തില്‍ കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് യു.കെ.ഹാഷിം, മാംഗല്യം കണ്‍വീനര്‍ സലീം അറക്കല്‍, കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റി ജോയന്റ് സെക്രട്ടറി വി.വി.സലീം, എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.വാസു, അഷ്‌റഫ് മൂപ്പറ്റ പങ്കെടുത്തു.
Leave a Reply