May 17, 2024

90കളുടെ സ്മരണകളുമായി ഒരു കുട്ടിക്കട

0
Einzkon82389.jpg
വെള്ളമുണ്ട :  സ്കൂൾ അടച്ചതോടെ ആര്യൻ കച്ചവടത്തിരക്കിലാണ്, അവന്റെ കളിപ്പീടികയിൽ. വെള്ളമുണ്ട എട്ടേനാൽ ടൗണിൽ നിന്ന് കല്ലോടി റോഡിലൂടെ ഒരു കിലോമീറ്റർ യാത്ര ചെയ്താൽ 90കളെ അനുസ്മരിപ്പിക്കുന്ന ഓലമേഞ്ഞ കുഞ്ഞു കട കാണാം. ഗ്രാമഫോൺ, ടേപ്പ് റെക്കോർഡർ, പലഹാരപ്പെട്ടി, ചായ തിളപ്പിക്കുന്ന സമാവർ എന്നിവയെല്ലാം കടയ്ക്കുള്ളിൽ ഉണ്ട്. പുറത്ത് ഓല കൊണ്ട് മറച്ച ഭാഗത്ത് പഴയ കാലത്തെ സിനിമാ പോസ്റ്റർ, 90കളിൽ നടന്ന പ്രധാന സംഭവങ്ങളുടെ പത്ര വാർത്താ കട്ടിങ്ങുകൾ എന്നിവ ഒട്ടിച്ചു വച്ചിട്ടുണ്ട്.
പഴയ കാലത്തെ സൂപ്പർ ഹിറ്റ് മിഠായികളും ഭരണികളിൽ വിൽപനയ്ക്കു വച്ചിട്ടുണ്ട്. സ്കൂൾ അവധിക്കാലത്ത് കുട്ടിക്കടകൾ സർവ സാധാരണമാണെങ്കിലും പഴമയിൽ തീർത്ത ആര്യന്റെ കട അവയിൽ‍ നിന്നെല്ലാം വേറിട്ടു നിൽക്കുകയാണ്. ഈ വഴി യാത്ര ചെയ്യുന്നവരിൽ ഒട്ടു മിക്കവരും കട സന്ദർശിക്കുകയും സാധനങ്ങൾ വാങ്ങുകയും ചെയ്യുന്നുണ്ട്. കെ.ആർ. ശ്രീജിത്ത്-അശ്വതി ദമ്പതികളുടെ മകനാണ് ഒന്നാം ക്ലാസുകാരൻ ആയ ആര്യൻ.
അവധിക്കാലത്തെ വിനോദമായി കഴിഞ്ഞ വർഷവും ആര്യൻ തിരഞ്ഞെടുത്തത് കുഞ്ഞു കച്ചവടം തന്നെ. ഇത്തവണയും കട തുടങ്ങണം എന്ന ആഗ്രഹം അറിയിച്ചതോടെ അതിനുള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുക്കുകയായിരുന്നു മാതാപിതാക്കളായ ശ്രീജിത്തും അശ്വതിയും. അവരുടെ കുട്ടിക്കാലത്ത് ഉണ്ടായിരുന്ന കടകളുടെ അന്തരീക്ഷം ഇന്നത്തെ കുട്ടികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മകന് കുഞ്ഞുകട ഒരുക്കി നൽകിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *