May 9, 2024

മുഖ്യമന്ത്രിയും സി പി എമ്മും സ്വീകരിക്കുന്നത് മൃദുമോദിത്വ സമീപനം: അഡ്വ. ടി സിദ്ധിഖ് എംഎല്‍എ

0
Img 20240317 174746

കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയനും, സി പി എമ്മും സ്വീകരിക്കുന്നത് മൃദുമോദിത്വ സമീപനമാണെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ. വയനാട്ടിലെത്തിയ മുഖ്യമന്ത്രി ജനങ്ങളുടെ കാതലായ ഒരു പ്രശ്‌നവും പരാമര്‍ശിക്കാതെ പ്രസംഗത്തിലുടനീളം സമയം കണ്ടെത്തിയത് രാഹുല്‍ഗാന്ധിയെ വിമര്‍ശിക്കാനായിരുന്നു. മോദിയുടെ നയങ്ങള്‍ക്കെതിരെ അതിശക്തമായ പോരാട്ടം നടത്തുകയും, രാജ്യത്ത ജനങ്ങളില്‍ ആത്മവിശ്വാസം പകരുന്നതിനായി ഭാരത് ജോഡോ യാത്ര നടത്തുകയും ചെയ്ത രാഹുല്‍ഗാന്ധിക്കെതിരായ വാക്കുകള്‍ മോദിയെ സുഖിപ്പിക്കാനാണെന്നും കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിദ്ധിഖ് പറഞ്ഞു.

വയനാട് എംപി യുടെ പേരെടുത്ത് പറഞ്ഞ മുഖ്യമന്ത്രി ഒരിടത്ത് പോലും പ്രധാനമന്ത്രിയുടെ പേര് പരാമര്‍ശിക്കാന്‍ തയ്യാറായില്ല. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ പാര്‍ലമെന്റിന് അകത്തും പുറത്തും ഈ നിയമത്തിനെതിരെ അതിശക്തമായ പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തിയത്. രാഹുല്‍ഗാന്ധി എം പി അതിശക്തമായ ഭാഷയിലാണ് ഈ നിയമത്തിനെതിരെ പ്രതികരിച്ചത്. വയനാട്ടില്‍ ആയിരക്കണക്കിന് ആളുകളെ അണിനിരത്തിക്കൊണ്ട് സി എ എക്കെതിരെ ഭരണഘടനാ സംരക്ഷണയാത്രക്ക് നേതൃത്വം നല്‍കിയ രാഹുല്‍ഗാന്ധി, പാര്‍ലമെന്റിന് മുന്നിലെ ഗാന്ധിപ്രതിമക്ക് മുമ്പില്‍ നടന്ന പ്രതിഷേധത്തിനും നേതൃത്വം നല്‍കി. ശശിതരൂര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എം പിമാര്‍ പാര്‍ലമെന്റിനകത്തും ഈ വിഷയത്തിലെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് സംസാരിച്ചു.

നിയമസഭയില്‍ സി എ എയുമായി ബന്ധപ്പെട്ട് നിരവധി പ്രമേയങ്ങളുള്‍പ്പെടെ വന്നെങ്കിലും ആര്‍ എസ് എസിനും സംഘപരിവാറിനുമെതിരെ ഒന്നും പറയാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ തയ്യാറായില്ല. പൗരത്വനിയമഭേദഗതിക്കും മോദിക്കുമെതിരെ കേരളത്തിലെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികളും സംഘടനകളും സമരം നടത്തിയപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ നിരവധി കേസുകളാണ് എടുത്തത്.

പൗരത്വ നിയമഭേഗതിക്കെതിരെ ഏറ്റവുമധികം കേസെടുത്ത മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ എസ് എസിനും, മോദിക്കുമെതിരെ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ രാജ്യത്തുടനീളം രാഹുല്‍ഗാന്ധി എം പിക്കെതിരെ കേസുകളുണ്ട്. മോദിക്കെതിരെ സംസാരിച്ചതിന്റെ പേരില്‍ പാര്‍ലമെന്റില്‍ നിന്നും എം പിയെ അയോഗ്യനാക്കി. ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന രാഹുല്‍ഗാന്ധിയെയാണ് മോദിയെ സുഖിപ്പിക്കുന്നതിനായി മുഖ്യമന്ത്രി വിമര്‍ശിക്കുന്നതെന്നും സിദ്ധിഖ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ നയത്തെ കുറിച്ചാണ് മുഖ്യമന്ത്രി ഇപ്പോള്‍ ചോദിക്കുന്നത്. അതറിയാന്‍ അടുത്തുകിടക്കുന്ന കര്‍ണാടകയിലേക്ക് പോയാല്‍ മതിയെന്നും ക്രൈസ്തവ സമുദായത്തിനെതിരായ ആന്റി കണ്‍വര്‍ഷന്‍ ബില്ല് എടുത്തു കളഞ്ഞതിലൂടെയും, ഹിജാബ് നിരോധനം നീക്കിയതിലൂടെയും അത് വ്യക്തമാകുമെന്നും സിദ്ധിഖ് പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ ചുമലില്‍ കൈവെയ്ക്കുകയും, ഉടലില്‍ തലോടുകയും, പ്രായോഗിക തലത്തില്‍ വേട്ടക്കാരനൊപ്പം നില്‍ക്കുകയും ചെയ്യുന്ന സമീപനമാണ് സി പി എമ്മും മുഖ്യമന്ത്രിയും സ്വീകരിക്കുന്നത്. ബിജെപിയും – സിപിഎമ്മും ഒരേ തൂവല്‍ പക്ഷികളാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ എൻ ഡി എ കണ്‍വീനറായാണ് സംസാരിക്കുന്നത്.

തിരുവനന്തപുരത്ത് ബിജെപിയുടേത് മികച്ച സ്ഥാനാര്‍ഥിയാണെന്ന് പറയുന്നതിന്റെ അര്‍ത്ഥം ബിജെപിയെ ജയിപ്പിക്കണമെന്നതാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറയുന്നത് പാലക്കാട് ഉപതിരഞ്ഞെടുപ്പുണ്ടാവില്ലെന്നാണ്. ഇത് പരസ്പര ധാരണയുടെ തെളിവാണെന്നും സിദ്ധിഖ് പറഞ്ഞു.

കേരളത്തില്‍ ബി ജെ പി അക്കൗണ്ട് തുറക്കാന്‍ പോകുന്നില്ലെന്നും. വടകരയിലും, തൃശ്ശൂരിലും ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *