May 6, 2024

ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024; വയനാട് ലോക്‌സഭാ മണ്ഡലം; ജില്ലാ കളക്ടര്‍. ഡോ.രേണുരാജ് ഐ.എ.എസിന്റെ പത്രസമ്മേളനത്തിൽ നിന്ന് 

0
Img 20240424 163737

കൽപ്പറ്റ: വീണ്ടുമൊരു ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം ഒരുങ്ങുകയാണ്. കരുത്തുറ്റ ജനാധിപത്യ രാജ്യത്തിന്റെ നിര്‍മ്മിതിക്കായി രാജ്യം ഒരുങ്ങുന്ന വേളയില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പൂര്‍ത്തിയായിരിക്കുകയാണ്.

വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി നിയമസഭാമണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലവും മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയോജക മണ്ഡലങ്ങളും ചേര്‍ന്നതാണ് വയനാട് ലോക്‌സഭാ മണ്ഡലം. ഭൂമിശാസ്ത്രപരമായി ഒട്ടേറെ പ്രത്യേകതകള്‍ നിലനില്‍ക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ആദിവാസികള്‍, വയോജനങ്ങള്‍, വനഗ്രാമങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും വോട്ടെടുപ്പ് സുഗമമായി നടത്തുന്നതിന് പോളിങ്ങ് ബൂത്തുകളും സജ്ജമാകും.

തെരഞ്ഞെടുപ്പ് ജോലിക്കായുള്ള ജിവനക്കാരുടെ വിന്യാസം, സുരക്ഷാ സംവിധാനങ്ങള്‍ എന്നിങ്ങനെ കാര്യക്ഷമമായ തെരഞ്ഞെടുപ്പ് നിര്‍വ്വഹണത്തിന് വയനാടും വിപുലമായ സന്നാഹങ്ങളുമായി മുന്നോട്ടുപോവുകയാണ്. പൊതുജനങ്ങളില്‍ സമ്മതിദാനാവകാശം നിര്‍വ്വഹിക്കുന്നതിനുള്ള ബോധവത്കരണത്തിന് സ്വീറ്റി എന്ന മാസ്‌ക്കോട്ടും വയനാടിന്റെ പ്രത്യേകതയായി. സ്വീപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ വോട്ടര്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ നടന്നു.

വയനാട് ലോക്സഭ മണ്ഡലത്തില്‍ 14,64,472 സമ്മതിദായകരാണുള്ളത്. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലായി 311274 പുരുഷ വോട്ടര്‍മാരും 324651 സ്ത്രീ വോട്ടര്‍മാരും അഞ്ച് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ ഉള്‍പ്പെടെ 635930 പേരാണ് ഇത്തവണ അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്.

വയനാട് ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായുള്ള മലപ്പുറം ജില്ലയിലെ നിയോജക മണ്ഡലങ്ങളായ വണ്ടൂര്‍-232839, നിലമ്പൂര്‍-226008, ഏറനാട് -184363 വോട്ടര്‍മാരും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലെ -183283 വോട്ടര്‍മാര്‍ ഉള്‍പ്പെടെയാണ് വയനാട് ലോക്സഭാ മണ്ഡലത്തില്‍ അന്തിമ വോട്ടര്‍ പട്ടികയില്‍ 14,64,472 വോട്ടര്‍മാരുള്ളത്. ജില്ലയില്‍ 32644 പുതിയ വോട്ടര്‍മാരാണ് അന്തിമ പട്ടികയില്‍ ഇടം പിടിച്ചത്. വയനാട് ലോക്സഭ മണ്ഡലത്തില്‍ 15224 ഭിന്നശേഷി വോട്ടര്‍മാരാണുള്ളത്. അതില്‍ 8496 പുരുഷമാരും 6728 സ്ത്രീകളുമാണുള്ളത്. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലായി 6102 ഭിന്നശേഷി വോട്ടര്‍മാരുണ്ട്.

9970 പേരാണ് വയനാട് ലോക്സഭ മണ്ഡലത്തില്‍ 85 വയസ്സിനുമുകളില്‍ പ്രായമുള്ള വോട്ടര്‍മാര്‍. ജില്ലയില്‍ 100 വയസിന് മുകളില്‍ 49 പേര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. ജില്ലയില്‍ 18 നും 19 നും വയസ്സിനിടയില്‍ 8878 വോട്ടര്‍മാരുണ്ട്. 4518 പുരുഷന്‍മാരും 4360 സ്ത്രീകളും ഉള്‍പ്പെടും. 2049 സര്‍വ്വീസ് വോട്ടര്‍മാരും വയനാട് മണ്ഡലത്തിലുണ്ട്.

മാനന്തവാടി നിയോജക മണ്ഡലത്തിൽ 99446 പുരുഷ വോട്ടർമാർ 101937 വനിതാ വോട്ടർമാർ ആകെ 201383 വോട്ടർമാരും, സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലത്തിൽ 110039 പുരുഷ വോട്ടർമാർ , 115596 വനിതാ വോട്ടർമാർ, ആകെ 225635 വോട്ടർമാരും, കല്‍പ്പറ്റ നിയോജക മണ്ഡലത്തിൽ 101789 പുരുഷ വോട്ടർമാർ, അതിൽ 5 ട്രാൻസ്‌ജെൻഡർ വോട്ടർമാർ, 107118 വനിതാ വോട്ടർമാർ, ആകെ 208912 വോട്ടർമാരും, നിലമ്പൂര്‍ നിയോജക മണ്ഡലത്തിൽ 110578 പുരുഷ വോട്ടർമാർ, അതിൽ 6 ട്രാൻസ്‌ജെൻഡർ വോട്ടർമാർ, 115424 വനിതാ വോട്ടർമാർ, ആകെ 226008 വോട്ടർമാരും, വണ്ടൂര്‍ നിയോജക മണ്ഡലത്തിൽ 114822 പുരുഷ വോട്ടർമാർ, 118017 വനിതാ വോട്ടർമാർ ആകെ 232839 വോട്ടർമാരും, ഏറനാട് നിയോജക മണ്ഡലത്തിൽ 93590 പുരുഷ വോട്ടർമാർ, 90773 വനിതാ വോട്ടർമാർ, ആകെ 184363 വോട്ടർമാരും, തിരുവമ്പാടി നിയോജക മണ്ഡലത്തിൽ 90790 പുരുഷ വോട്ടർമാർ അതിൽ 4 ട്രാൻസ്‌ജെൻഡർ വോട്ടർമാർ, 92489 വനിതാ വോട്ടർമാർ ആകെ 183283 വോട്ടർമാരും, സര്‍വീസ് വോട്ടര്‍മാര്‍ 2049. അങ്ങനെ ആകെ 721054 പുരുഷ വോട്ടർമാർ, 741354 വനിതാ വോട്ടർമാർ, വയനാട് ലോകസഭ മണ്ഡലത്തിൽ ആകെ 14,64,472 വോട്ടർമാരുമാണ് ഉള്ളത്.

ലോക്സഭ തെരഞ്ഞെടുപ്പിന് ഏഴ് നിയോജക മണ്ഡലങ്ങളിലായി 1327 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. കല്‍പ്പറ്റ 187, മാനന്തവാടി 173, സുല്‍ത്താന്‍ ബത്തേരി 216, വണ്ടൂര്‍ 205, നിലമ്പൂര്‍ 202, ഏറനാട് 163, തിരുവമ്പാടി 178 എന്നിങ്ങനെയാണ് പോളിങ് സ്റ്റേഷനുകളുടെ എണ്ണം. ഏറനാട് 2, വണ്ടൂര്‍ 1 ഓക്‌സിലറി ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പോളിങ് സാമഗ്രികളുടെ വിതരണത്തിനും വോട്ടെണ്ണലിനുമായി ജില്ലയില്‍ വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചു. മാനന്തവാടിയില്‍ സെന്റ് പാട്രിക്സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ബത്തേരിയില്‍ സെന്റ് മേരീസ് കോളേജ്, കല്‍പ്പറ്റയില്‍ മുട്ടില്‍ ഡബ്ല്യു.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവയാണ് വിതരണ-സ്വീകരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുക.

തിരുവമ്പാടി മണ്ഡലത്തില്‍ അല്‍ഫോണ്‍സ സീനിയര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഏറനാട് ജി.യു.പി.എസ് ചുള്ളക്കാട് മഞ്ചേരി, നിലമ്പൂര്‍ മാര്‍ത്തോമ കോളേജ് ചുങ്കത്തറ, വണ്ടൂര്‍ മാര്‍ത്തോമ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചുങ്കത്തറയുമാണ് പോളിങ് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍.

വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും സ്ട്രോംഗ് റൂമും വോട്ടെണ്ണല്‍ കേന്ദ്രവും മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജിലാണ് സജ്ജീകരിച്ചിരിക്കുന്നത്. നിലമ്പൂര്‍ വണ്ടൂര്‍ ഏറനാട് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ചുങ്കത്തറ മാര്‍ത്തോമ്മ കോളേജിലാണ് നടക്കുക. തിരുവമ്പാടി മണ്ഡലത്തില്‍ അല്‍ഫോണ്‍സ സീനിയര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍ നടക്കുക.

ലോകസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 49 മാതൃകാപോളിങ് സ്റ്റേഷനുകള്‍ സജ്ജമാക്കും. എല്ലാ വില്ലേജുകളിലും ഒന്ന് എന്ന കണക്കിലാണ് മാതൃകാ പോളിങ് സ്റ്റേഷനുകള്‍ ഒരുക്കുന്നത്. മുഴുവന്‍ പോളിങ് സ്റ്റേഷനുകളിലും കുടിവെള്ള സൗകര്യം ഉറപ്പാക്കും.

എല്ലാ പോളിങ് സ്റ്റേഷന്‍ ലൊക്കേഷനുകളിലും വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് സജ്ജീകരിക്കുകയും സമ്മതിദായകരെ സഹായിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കുകയും ചെയ്യും. അംഗപരിമിതര്‍ക്ക് വീല്‍ചെയര്‍, റാംപ്, എന്നിവയും വോട്ടുചെയ്യാന്‍ പ്രത്യേകം വാഹനങ്ങളും ലഭ്യമാക്കും.

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ടോയ്ലറ്റുകളുണ്ടാകും. പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇത്തവണ സ്ത്രീകള്‍ മാത്രം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായിട്ടുള്ള ബൂത്തുകളും വയനാട്ടില്‍ സജ്ജീകരിക്കുന്നുണ്ട്.

കല്‍പ്പറ്റ ഫിദായത്തുള്‍ ഇസ്ലാം മദ്രസ യു.പി സ്‌കൂള്‍, മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി.സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് എന്നിവയാണിത്. ഇവിടെ പോളിങ്ങ് ഉദ്യോഗസ്ഥര്‍ തുടങ്ങി സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ത്രീകളായിരിക്കും. യൂത്ത് ബൂത്തും ഇത്തവണത്തെ പ്രത്യേകതയാണ്. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ ചെട്ട്യാലത്തൂര്‍, കുറിച്യാട് എന്നിവങ്ങളാണ് യൂത്ത് ബൂത്ത് ഒരുങ്ങുക. ഇവിടെ യുവാക്കളായിരിക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍.

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 189 പ്രത്യേക സുരക്ഷാ ബൂത്തുകള്‍ മൂന്ന് പ്രശ്‌ന ബാധിത ബൂത്തുകള്‍, രണ്ട് വള്‍നറബിള്‍ ബൂത്ത് എന്നിങ്ങനെയാണുളളത്.

മാനന്തവാടി നിയോജക മണ്ഡലത്തില്‍ 50, കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ 28, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ ആറ്, തിരുവമ്പാടി 23, ഏറനാട് മൂന്ന്, നിലമ്പൂര്‍ 56, വണ്ടുര്‍ 23 പ്രത്യേക സുരക്ഷാ ബൂത്തുകളാണ് ഉള്ളത്. മാനന്തവാടി രണ്ടും, തിരുവമ്പാടി ഒരു പ്രശ്‌ന ബാധിത ബൂത്തുമാണുള്ളത്. തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ രണ്ട് വള്‍നറബിള്‍ ബൂത്തുമാണുള്ളത്. സുരക്ഷാ ബൂത്തുകളില്‍ സുഗമമായ പോളിങ്ങിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

ഭിന്നശേഷിക്കാര്‍ക്കും 85നു മുകളില്‍ പ്രായമുള്ളവര്‍ക്കും വീട്ടില്‍നിന്ന് വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്ന ഹോം വോട്ടിങ് ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും പൂര്‍ത്തിയായി. 5451 പേരാണ് അപേക്ഷ നല്‍കിയത്. ഇതില്‍ 5154 പേര്‍ വീട്ടില്‍ നിന്നും ഇതിനകം വോട്ട് രേഖപ്പെടുത്തി. ഭിന്നശേഷിക്കരില്‍ 2236 അപേക്ഷ ലഭിച്ചതില്‍ 2137 വോട്ടുകള്‍ രേഖപ്പെടുത്തി.അവശ്യ സര്‍വീസ് വിഭാഗത്തില്‍ 1047 പേരാണ് ഇതില്‍ 799 പേര്‍ ഇതിനകം വോട്ടുചെയ്തു. ജില്ലയില്‍ തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ചവരില്‍ 904 അപേക്ഷകരില്‍ 551 പേര്‍ വോട്ടവകാശം വിനിയോഗിച്ചു. പോളിങ്ങ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിലും ഡ്യൂട്ടിക്കായി നിയോഗിച്ചവര്‍ക്ക് വോട്ട് ചെയ്യാനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ജില്ലയില്‍ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായുള്ള വിപുലമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ പോലീസ് സേനയ്ക്ക് പുറമെ അധിക സേനകളെയും ലഭ്യമാക്കിയിട്ടുണ്ട്. സി.ആര്‍.പി.എഫിന്റെ ഒരു കമ്പനിയും എസ്.എസ്.ബി യുടെ നാലു കമ്പനിയും 144 തമിഴ്‌നാട് പോലീസ് സേനയും 20 കെ.എല്‍.എസ്.എ.പിയും 24 ടി.എന്‍.എസ്.എ.പി യുടെ ജില്ലയിലെ തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ നാലു വീതം ഫ്ളെയിങ് സ്‌ക്വാഡുകളാണ് പരിശോധനകള്‍ തുടരുന്നു. കല്‍പ്പറ്റ മണ്ഡലത്തില്‍-2 (ലക്കിടി, ചോലാടി), മാനന്തവാടി -5 (തലപ്പു ഴ, ബാവലി, തോല്‍പെട്ടി, വാളാംതോട്, ബോയ്സ് ടൗണ്‍), സുല്‍ത്താന്‍ ബത്തേരി-4 (മുത്തങ്ങ, താളൂര്‍, നമ്പ്യാര്‍കുന്ന്, നൂല്‍പ്പുഴ) എന്നിങ്ങനെ സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്ന് മണ്ഡലത്തിലും ഓരോ എം.സി.സി, വീഡിയോ വ്യൂവിംഗ് ടീമുകളും 2 വീതം വീഡിയോ സര്‍വൈലന്‍സ് ടീമും പ്രവര്‍ത്തിക്കുന്നുണ്ട്.

ഇതു കൂടാതെ മാധ്യമ നിരീക്ഷണത്തിനായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ 24 മണിക്കൂറും എം.സി.എം.സി സെല്ലും പ്രവര്‍ത്തിക്കുന്നു. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ 04936 204210, 1950 ടോള്‍ ഫ്രീ നമ്പറുകളില്‍ അറിയിക്കാനുള്ള കണ്‍ട്രോള്‍ റുമും വിജില്‍ ആപ്പും തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സജ്ജമാക്കിയിരുന്നു. ജില്ലയില്‍തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ക്കായി 53 ലൊക്കേഷനുകളിലായി മൈക്രോ ഒബ്‌സര്‍വര്‍മാരെ സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പ് ദിനത്തില്‍ പൊതുജനങ്ങള്‍ക്ക് പോളിങ് ശതമാനം അറിയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ് തയ്യാറായി. നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പോളിങ് ശതമാനം രണ്ട് മണിക്കൂര്‍ ഇടവിട്ട് വോട്ടര്‍ ടേണ്‍ഔട്ട് ആപ്പില്‍ ലഭിക്കും. പോളിങ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം ബൂത്ത് തിരിച്ചുള്ള വിവരങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. പോളിങ് സ്റ്റേഷനുകളിലെ നടപടിക്രമങ്ങള്‍ നിരീക്ഷിക്കാന്‍ ഓരോ മണിക്കൂറിലെ പോളിങ് ശതമാനം പുതുക്കുന്നതിന് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോള്‍ മാനേജര്‍ ആപ്ലിക്കേഷനും സജ്ജമാക്കിയിട്ടുണ്ട്.

പോളിങ് ബൂത്തിലെ പ്രിസൈഡിങ് ഓഫീസര്‍, ഒന്നാം പോളിങ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍, റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷിക്കാം. പോളിങ് സംഘം വിതരണ കേന്ദ്രങ്ങളില്‍ നിന്നും അതത് പോളിങ് കേന്ദ്രങ്ങളിലേക്ക് പുറപ്പെടുന്നത് മുതല്‍ വോട്ടെടുപ്പ് പൂര്‍ത്തീകരിച്ച തിരിച്ചെത്തുന്നത് വരെയുള്ള സമയത്തിനകം 20 ചോദ്യങ്ങളുടെ ഉത്തരങ്ങളായാണ് പ്രിസൈഡിങ് ഓഫീസറോ ഒന്നാം പോളിങ് ഓഫീസറോ ആപ്പ് മുഖേന വിവരങ്ങള്‍ സമയബന്ധിതമായി രേഖപ്പെടുത്തും.

ഏപ്രില്‍ 26 ന് ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 135 ബി അനുസരിച്ചാണ് അവധി. സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും വേതനത്തോട് കൂടി ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം അവധിയായിരിക്കും. അവധി നിഷേധിക്കുന്ന തൊഴിലുടമക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കും.

12 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ടവകാശം വിനിയോഗിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തൊഴിലുറപ്പ് കാര്‍ഡ്, ഫോട്ടോ പതിച്ച പോസ്റ്റ് ഓഫീസ്,ബാങ്ക് പാസ്ബുക്ക്, കേന്ദ്ര തൊഴില്‍ വകുപ്പ് നല്‍കിയ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, എന്‍.പി.ആര്‍ സ്മാര്‍ട്ട് കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഫോട്ടോ പതിപ്പിച്ച പെന്‍ഷന്‍ കാര്‍ഡ്, എം.പി/എം.എല്‍.എ അനുവദിച്ച ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍/ പി.എസ്.യു/ പൊതുമേഖല സ്ഥാപനങ്ങളിലെ ഫോട്ടോ പതിച്ച സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാം.

ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, എ.ഡി.എം.കെ.ദേവകി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം.മെഹ്‌റലി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ്ബാബു തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *