May 4, 2024

അവശ്യ വസ്തുക്കൾ അടങ്ങിയ 2000 കിറ്റുകൾ പിടികൂടി: വീടുകളിൽ വിതരണത്തിന് തയ്യാറാക്കിയതെന്ന് സൂചന; പിന്നിൽ ബിജെപി എന്ന് ആരോപണം 

0
20240425 081110

ബത്തേരി: വോട്ടർമാരെ സ്വാധീനിക്കാൻ വീടുകളിൽ വിതരണത്തിന് തയാറാക്കിയതെന്ന് കരുതുന്ന, അവശ്യ വസ്തുക്കൾ അടങ്ങിയ 2000 കിറ്റുകൾ പൊലീസ് പിടിച്ചെടുത്തു. വയനാട് ലോക്സഭാ മണ്ഡലത്തിലെ ബത്തേരിയിൽ ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ടൗണിലെ മൊത്ത വിതരണ സ്‌ഥാപനത്തിന് മുന്നിൽ പാതി കിറ്റുകൾ വാഹനത്തിൽ കയറ്റിയ നിലയിലും പാതി പുറത്ത് കൂട്ടിയിട്ടിരിക്കുന്ന നിലയിലുമായിരുന്നു. പഞ്ചസാര, വെളിച്ചെണ്ണ, ബിസ്‌കറ്റ്, സോപ്പ്, സോപ്പുപൊടി, റസ്‌ക് തുടങ്ങിയ സാധനങ്ങളടങ്ങിയവയാണ് കിറ്റുകളെന്ന് ബത്തേരി പൊലീസ് ഇൻസ്പെക്ട‌ർ ബൈജു കെ.ജോസ് പറഞ്ഞു.

 

കൂടാതെ വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്, പുകയില തുടങ്ങിയവയുമുണ്ട്. ഗോത്ര കോളനികളിൽ വിതരണം ചെയ്യാൻ വച്ചവയാകാം സാധനങ്ങളെന്നാണു കരുതുന്നത്. തിരഞ്ഞെടുപ്പ് സ്ക്വാഡും സ്‌ഥലത്തെത്തി കിറ്റുകൾ പരിശോധിച്ചു. സംഭവത്തിന് പിന്നിൽ ബിജെപിയാണെന്നും, സാധനങ്ങൾ ഓർഡർ ചെയ്തതു ബിജെപി നേതാവാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകുമെന്നും സിപിഎം ഏരിയാ സെക്രട്ടറി പി.ആർ.ജയപ്രകാശ് പറഞ്ഞു.

 

എന്നാൽ, ബിജെപിയുടെ മുന്നേറ്റം കണ്ട് വെപ്രാളപ്പെട്ടവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നടത്തുന്ന നീക്കമാണെന്നു ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ ആരോപിച്ചു. മറ്റു സംസ്‌ഥാനങ്ങളിലേതുപോലെ വോട്ടർമാരെ വിലയ്ക്കെടുക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സതീഷ് പൂതിക്കാട് പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *