April 28, 2024

നിരവധി കേസുകളിൽ പ്രതികളായ മൂന്ന് കുറ്റവാളികളുടെ ബന്ധങ്ങൾ പൊലീസ് അന്വേഷിക്കുന്നു.: അന്വേഷണ സംഘത്തെ പൊലീസ് സേന ആദരിക്കും.

0
Img 20171118 Wa0019 1

.
    മാനന്തവാടി:കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായവര്‍ മോഷണ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ  സംഭവത്തിൽ പ്രതികൾക്ക് കൂടുതൽ കേസുകളിൽ ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നു. . പേര്യ വട്ടോളി കോട്ടകുടിയില്‍ വീട്ടില്‍ ഷാന്‍ എന്ന ഷാനവാസ് (34), പനമരം കീഞ്ഞുകടവ് തേനൂട്ടികല്ലിങ്കല്‍ വീട്ടില്‍  അബൂബക്കര്‍ (49), പുല്‍പ്പള്ളി  കൊച്ചുപറമ്പില്‍ വീട്ടില്‍ വിജേഷ് (33) എന്നിവരാണ് ശനിയാഴ്ച പിടിയിലായത്. അബൂബക്കറും, ഷാനവാസും തലപ്പുഴ വാളാട് കുരീക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ഭണ്ഡാരം തകര്‍ത്ത് അന്‍പതിനായിരം രൂപ മോഷ്ടിച്ച കേസിലും വിജേഷ് ഇവരോടൊപ്പം ചേര്‍ന്നു പനമരത്ത് വീട്ടില്‍ കയറി വയോധികയെ മാവോയിസ്റ്റ് ആണെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം തട്ടിയെടുത്ത കേസിലുമാണ് അറസ്റ്റിലായിരിക്കുന്നത്. 
     പേര്യയില്‍ 2015 ല്‍ നടന്ന ഷിജില്‍ കുമാര്‍ കൊലക്കേസില്‍ പ്രതിയാണ് പിടിയിലായ ഷാനവാസ്. ഇയാള്‍ അപ്പീല്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയതായിരുന്നു. ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് പ്രദേശവാസിയും നിരവധി കേസുകളിലെ പ്രതിയുമായ ഷാജഹാനെ അന്വേഷിച്ചപ്പോഴാണ് ഇയാളുടെ കൂടെ മറ്റു രണ്ടുപേരായ അബൂബക്കറും, വിജേഷും ഉണ്ടെന്ന് മനസിലാക്കുന്നത്. തുടര്‍ന്ന് മൂന്ന് പേരെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മറ്റു കേസുകളെ കൂടി അറിയുന്നത്. 
     2015 ല്‍ നടന്ന പനമരം മൂസക്കൊലകേസിലും, വിജേഷ്  പാലക്കാട് വാളയാറില്‍ നടന്ന ഉണ്ണികൃഷ്ണന്‍ കൊലക്കേസിലും പ്രതിയാണ്.മൂവരും ചേര്‍ന്നാണ് കഴിഞ്ഞ അഗസ്റ്റ് 16 ന് രാത്രി പനമരത്ത് മുഖംമൂടി ധരിച്ച്  വീട്ടില്‍ കയറി തങ്ങള്‍ മാവോയിസ്റ്റ് ആണെന്നും  കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി അണിഞ്ഞിരുന്ന ആഭരണങ്ങളും വീട്ടിലുണ്ടായിരുന്ന എയര്‍ ഗണ്ണും തട്ടിയെടുക്കുകയും ചെയ്തത്. ഈ സംഭവം പനമരത്ത് മാവോയിസ്റ്റ് ഭീഷണിയുള്ളതായി എന്ന തരത്തില്‍ വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. മാനന്തവാടി ഡി വൈ എസ് പി  കെ എം ദേവസ്യ, സി ഐ പി കെ മണി, പനമരം എസ് ഐ ഉബൈദുള്ള, തലപ്പുഴ എസ് ഐ അനില്‍, മാനന്തവാടി  എസ് ഐ എന്‍ ജെ മാത്യു, എ എസ് ഐ സുഭാഷ് എസ് മണി, സി പി ഒ ലിജോ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ഇവരുടെ പേരില്‍ വേറെയും കേസുകളുണ്ടോ എന്നറിയാനായി കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലിസ് അറിയിച്ചു.
സൗഹൃദം ജയിലില്‍ വെച്ച്.
മാനന്തവാടി: കൊലപാതക കേസുകള്‍ ഉള്‍പ്പെടെ  വിവിധ കേസുകളില്‍  പ്രതിയായ മൂവരും വൈത്തിരി ജയിലില്‍ വെച്ചാണ് സൗഹൃദത്തിലാവുന്നത്. 2015 ല്‍ നടന്ന ഷിജില്‍ കുമാര്‍ കൊലക്കേസില്‍ പ്രതിയാണ് പിടിയിലായ ഷാനവാസ്, 2015 ല്‍ നടന്ന പനമരം മൂസക്കൊലകേസിലെ പ്രതിയാണ് അബൂബക്കര്‍. ചെത്ത്  തൊഴിലാളിയായ വിജേഷ് പാലക്കാട് വാളയാറില്‍ കൂലിതര്‍ക്കത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഉണ്ണികൃഷ്ണനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് .  ജില്ലയിലെ വിവധയിടങ്ങളിലായി നിരവധി ചന്ദന മോഷണ കേസിലും, പള്ളികള്‍, ക്ഷേത്രങ്ങള്‍, സ്കൂള്‍ എന്നിവ കേന്ദ്രീകരിച്ചും മൂവരും ചേര്‍ന്ന് മോഷണം നടത്തിയിട്ടുണ്ട്. നീര്‍വാരം, ചുണ്ടേല്‍, പനമരം എന്നിവിടങ്ങളിലായി 3 ചന്ദനമരങ്ങളും, സുല്‍ത്താന്‍ ബത്തേരി കുപ്പാടി വില്ലേജ് ഓഫീസിന് സമീപത്ത് നിന്നും ഒരു ചന്ദന മരവും ഇവര്‍ മോഷ്ടിച്ചിട്ടുണ്ട്. കൂടാതെ പേര്യ വരയാല്‍ ഭഗവതി ക്ഷേത്രത്തിലും ചുണ്ടേല്‍ ആര്‍ സി സ്കൂള്‍ ഓഫീസിലും  ഇവര്‍ മോഷണം നടത്തിയിട്ടുണ്ട്. ചുണ്ടേല്‍ ആര്‍ സി പള്ളിയിലെ ഭണ്ഡാരം പൊളിച്ചു കവര്‍ച്ച നടത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതെല്ലാം കഴിഞ്ഞ ആറുമാസത്തിനുള്ളിലാണ് ചെയ്തത്. മൂവരും സൗഹൃദത്തില്‍  ആവുന്നത് വൈത്തിരി ജയിലില്‍ വെച്ചാണ്‌. പാലക്കാട് വാളയാര്‍ ഉണ്ണികൃഷ്ണന്‍ കൊലക്കേസില്‍ പ്രതിയായ വിജീഷ് അവിടെ നിന്നും പൊലിസിനെ വെട്ടിച്ച് വയനാട്ടിലേക്ക് കടക്കുകയായിരുന്നു. പുല്‍പ്പള്ളിയില്‍ താമസമാക്കിയ വിജേഷ് പതിനേഴു വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പോക്സോ കേസിലാണ് ജില്ലയില്‍ നിന്നും അറസ്റ്റിലായി വൈത്തിരി ജയിലില്‍ എത്തുന്നത്.  ഷിജില്‍ കുമാര്‍ കൊലക്കേസില്‍ ഷാനവാസിന് 7 വര്‍ഷം തടവും 50000 രൂപ പിഴയും വിധിച്ചതാണ്. തമിഴ്നാട് സ്വദേശി ആശൈക്കണ്ണനെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ട സംഭവത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടിക്കാന്‍ സാധിച്ച  മാനന്തവാടി പൊലിസിന് ഒരു നേട്ടവും കൂടിയാണിത്. രണ്ട് കേസുകളിലും മികവ് തെളിയിച്ച അന്വേഷണ സംഘാംഗങ്ങളെ പൊലീസ് സേന അടുത്ത മാസം ആദരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *