April 28, 2024

പൂക്കോട് ഡയറി കോളേജില്‍ റിമോട്ട് കണ്‍ട്രോള്‍ ഭരണമെന്ന് ആക്ഷേപം

0
പാലുൽപ്പാദനത്തിൽ മുന്‍പന്തിയില്‍ നില്‍ക്കുന്ന  പൂക്കോട് ഡയറി സയന്‍സ് കോളേജ് ഇപ്പോള്‍ നാഥനില്ലാകളരി.സ്ഥാപനത്തിന്റെ ചുമതല വഹിക്കുന്ന സ്‌പെഷ്യല്‍ ഓഫീസര്‍ കഴിഞ്ഞ ആറു മാസമായി ഫോണ്‍ മുഖേനയാണ് ഭരണം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.ഈ കോളേജിന്റെ ആരംഭകാലത്തു സ്‌പെഷ്യല്‍ ഓഫീസറായിരുന്ന ഇവര്‍ സ്ഥാപനത്തിന്റെ വികസനത്തിന് വിലങ്ങു  തടിയായി മുന്‍പില്‍ തന്നെ  ഉണ്ടായിരുന്നുവെന്നാണ് പരക്കെയുള്ള ആക്ഷേപം.മില്‍മ മേധാവി  ഈ കോളേജിലെ വിദ്യാര്‍ത്ഥികളുടെ പഠന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ലബോറട്ടറി സൗകര്യങ്ങളൂം മറ്റും ഒരുക്കി നല്‍കിയിരുന്നെങ്കിലും അത് ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ ഇവര്‍ തയ്യാറായില്ല. ഈ കോളേജ് അടച്ചുപൂട്ടി മണ്ണുത്തിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് പൂക്കോട് ഡയറി സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല ഭരണ സമിതിക്കു കത്ത് നല്‍കിയിരുന്നെങ്കിലും  എതിര്‍പ്പുമൂലം നടന്നിരുന്നില്ല. പിന്നീട് പൂക്കോട് കോളേജ് അടച്ചുപൂട്ടില്ല എന്ന നില വന്നപ്പോള്‍ , സമ്മര്‍ദം ഉപയോഗിച്ച് പൂക്കോട് കോളേജിലെ തന്നെ  വളരെ ജൂനിയറായ ഒരു അധ്യാപികയ്ക്കു ചുമതല നല്‍കി .ഇവര്‍  മണ്ണുത്തിക്കു സ്ഥലം മാറിപ്പോവുകയായിരുന്നു.
ഇത്തരക്കാരുടെ ഉദാസീനതയും ഉത്തരവാദിത്വരാഹിത്യവും കോളേജിന് കനത്ത ഭീഷണിയായിരിക്കുകയാണ്

.കാര്യ ങ്ങൾ എല്ലാം തീരുമാനിക്കുന്നത് വിദ്യാര്‍ത്ഥിനേതാക്കള്‍ ആണെന്ന നിലയിലാണ്.കഴിഞ്ഞ ആറു മാസമായി  വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില പോലും പരിശോധിക്കാതെയാണ് പരീക്ഷകള്‍ നടത്തുന്നത് . കേന്ദ്ര ഏജന്‍സികളുടെ ധന സഹായം എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കുന്നതും വിദ്യാര്‍ത്ഥികള്‍ തന്നെ.ഏതോ കോളേജില്‍  രാത്രിയില്‍ ആര്‍ട്‌സ് ഫെസ്റ്റിവല്‍ കാണാന്‍ പോയ വിദ്യാര്‍ത്ഥികള്‍ക്ക് ഉറക്ക ക്ഷീണം മൂലം പിറ്റേദിവസം സമയത്തിന് ഹാജരായി  പരീക്ഷ എഴുതുവാന്‍ സാധിക്കാതെ വന്നപ്പോള്‍ , പ്രത്യേക പരീക്ഷ തന്നെ നടത്തിയത് ഇതില്‍ ഒടുവിലത്തേതാണ് . ഇതെല്ലം മൂക്കിന് കീഴില്‍ നടന്നിട്ടും ഒന്നും അറിഞ്ഞില്ല എന്ന ഭാവമാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക്. ഈ സ്ഥാപനത്തില്‍ പല വകുപ്പിലും ഇപ്പോള്‍ അധ്യാപകരില്ല.ഇവിടേയ്ക്ക് മാത്രമായി  നിയമനം ലഭിച്ച അധ്യാപകരില്‍ ഒന്നോ രണ്ടോ പേരൊഴിച്ചാല്‍ മറ്റെല്ലാവരും വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞു കൊണ്ട് മണ്ണുത്തിയിലേക്കു ചേക്കേറിയിരിക്കുകയാണ്.

ആഴ്ചയില്‍ രണ്ടു ദിവസം പൂക്കോട് ജോലിചെയ്യണം എന്ന നിബനധനയിലാണ് ഇവരെല്ലാം പോയിരുന്നതെങ്കിലും ഇപ്പോള്‍ മഷിയിട്ടു നോക്കിയാല്‍ പോലും കാണാത്ത അവസ്ഥയിലാണ്. ഇത്തരക്കാര്‍ ജോലി നോക്കുന്ന മണ്ണുത്തി ഡയറി കോളേജില്‍ അതേ വിഷയത്തില്‍ മൂന്നും നാലും അധ്യാപകരുണ്ടുതാനും. ഈ സ്ഥാപനം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനായി മുന്‍കൈ എടുത്തു പ്രവര്‍ത്തിക്കേണ്ട സ്ഥലം എംഎല്‍എ പോലും ജോലി കിട്ടിയാല്‍ പിന്നെ എന്തുമാകാം എന്ന ചിന്തയുള്ള ഇത്തരക്കാരുടെ മുന്‍പില്‍ മുട്ട് കുത്തിയ അവസ്ഥയില്‍ ആണ്. 

ഒന്നും കാര്യമായി പഠിപ്പിച്ചില്ലെങ്കിലും നടത്തുന്ന പരീക്ഷയില്‍ ആരും തോല്‍ക്കാത്തതിനാല്‍, വിദ്യാര്‍ത്ഥി  പ്രസ്ഥാനങ്ങളും പ്രതികരിക്കുന്നില്ല. ഇനിയെങ്കിലും രാഷ്ട്രീയ കക്ഷികള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ സര്‍വ്വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോലും ഇത് വരെ പേര് ചേര്‍ത്തിട്ടില്ലാത്ത ഈ സ്ഥാപനം വിസ്മൃതിയിലാകും എന്നുറപ്പാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *