May 6, 2024

മുത്തങ്ങയിലെ മൂന്ന് ആനകൾ വിദഗ്ധ പരിശീലനത്തിനായി മുതുമലയിലേക്ക് .: വടക്കനാട് കൊമ്പൻ കർണാടകയിൽ തന്നെ.

0
Img 20180613 Wa0163
  ജയരാജ് ബത്തേരി .
        വനം വകുപ്പ് ജീവനക്കാർ മാസങ്ങളായി അനുഭവിക്കുന്ന വലിയൊരു പ്രശ്നത്തിന് വ്യാഴാഴ്ച  പരിഹാരമാകും.  വനം വകുപ്പ് കാട്ടിൽ നിന്നും പിടികൂടി  മുത്തങ്ങ ആനപന്തിയിൽ മാസങ്ങളായി പാർപ്പിച്ചിരുന്ന സൂര്യ എന്ന ആന അടക്കം  മൂന്ന് ആനകളെ കുങ്കിയാനകളാക്കി മാറ്റാനുള്ള വിദഗ്ധ പരിശീലനത്തിനായി വ്യാഴാഴ്ച  തമിഴ്നാട്ടിലെ മുതുമലയിലേക്ക് കൊണ്ടു പോകും. ഇവരുടെ പാപ്പാൻമാരും വനംവകുപ്പ് ഉദ്യോഗസ്ഥരും വ്യാഴാഴ്ച  വൈകുന്നേരത്തോടെ മുതുമലയിലെത്തും. പിന്നെ മൂന്ന് മാസം മൂന്ന് ആനകൾക്കും വിദഗ്ധ പരിശീലനവും നല്ല പരിചരണവും ലഭിക്കും.
   നാടിനെയും നാട്ടുകാരെയും വിറപ്പിച്ചിരുന്ന ശല്യക്കാരായ കോന്നിയിലെ പത്തൊമ്പത് കാരൻ സുരേന്ദ്രൻ,  കോടനാട്ടെ ഇരുപത് കാരൻ നീലകണ്ഠൻ , മുത്തങ്ങയിലെ ഇരുപത്തി നാലുകാരൻ സൂര്യൻ  എന്നീ കാട്ടു കൊമ്പൻമാരെയാണ് വനം വകുപ്പ് അനുസരണ പഠിപ്പിക്കുന്നത്. 
       മാസങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ആന യാത്ര.ഇവരിൽ സൂര്യ മാത്രമാണ് മുത്തങ്ങയിൽ നേരത്തെ ഉണ്ടായിരുന്നത്. കോന്നിയിൽ നിന്ന് സുരേന്ദ്രനെ ബുധനാഴ്ച ഉച്ചക്കും കോടനാട്ട് നിന്ന് നീലകണ്ഠനെ ചൊവ്വാഴ്ച വൈകുന്നേരവുമാണ് മുത്തങ്ങയിലെത്തിച്ചത്. കേരളം തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട് വന്യജീവി സങ്കേതത്തിലാണ് കാട്ടാനകളെ മെരുക്കിയെടുക്കുന്ന  മുത്തങ്ങ ആന പന്തി.നിലവിൽ കുങ്കിയാനകളായ കുഞ്ചുവും പ്രമുഖയുമാണ് ഇവിടുത്തെ താരങ്ങൾ.ഏറ്റവും ഒടുവിൽ ജനരോഷം ഇരമ്പുകയും പ്രതിഷേധ സമരങ്ങളുടെ പരമ്പരകൾക്കും കാരണക്കാരനായ വടക്കനാട് കൊമ്പനെ മയക്കുവെടി പിടികൂടാനുള്ള ഉത്തരവ് വനം വകുപ്പ് ഇറക്കിയിരുന്നു. ഇതിന് ശേഷം നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചെങ്കിലും കൊമ്പനെ പിടികൂടാൻ  സാധിച്ചിട്ടില്ല. 
മുത്തങ്ങ ആനപന്തിയിൽ  പുതിയ അതിഥിക്കു കൂടി കൂടൊരുക്കി കാത്തിരിക്കുകയാണ് വനം വകുപ്പുദ്യോഗസ്ഥർ. 
.കൂടൊരുക്കി കാത്തിരിപ്പ് തുടങ്ങിയിട്ട് ആഴ്ച ഒന്ന് കഴിഞ്ഞെങ്കിലും  വടക്കനാട് കൊമ്പൻ ഇപ്പോഴും കർണാടകത്തിൽ തന്നെയാണ്. റേഡിയോ കോളർ ഘടിപ്പിച്ചതിനാൽ ആനയുടെ ചലനങ്ങൾ നിരീക്ഷിച്ച് അതിർത്തി കടന്ന് കേരളത്തിലെത്തിയാൽ ഉടൻ മയക്കുവെടി വെച്ച് പിടികൂടി മുത്തങ്ങയിലെ ആനപന്തിയിലാക്കാനാണ് നീക്കം
.
ആക്രമണകാരിയായ വടക്കനാട് കൊമ്പനെ പിടികൂടി പരിചരിക്കാനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുമ്പോഴും കാട്ടാനകളെ പിടിച്ച് കൂട്ടിലിടുന്നത് ശരിയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ജീവന് ഭീഷണിയാകുന്ന സാഹചര്യത്തിൽ ഷെഡ്യൂൾ ഒന്നിലെ മൃഗമായ ആനയെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റ അനുമതിയോടെ പിടികൂടാമെന്ന് വന്യ ജീവി സംരക്ഷണ നിയമം സെക്ഷൻ പതിനൊന്നിൽ പറയുന്നുണ്ട്. എന്നാൽ പിടികൂടുന്ന ആനകളെ തുടർന്ന് എന്ത് ചെയ്യണമെന്ന തീരുമാനം അധികൃതരിൽ നിന്നും ഉണ്ടാകുന്നില്ല. കാട്ടിൽ നിന്നും നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയും ,ജനങ്ങളുടെ ജീവന് ഭീഷണിയാവുകയും ചെയ്ത രണ്ട് ആനകളാണ് ഇപ്പോൾ മുത്തങ്ങ ആനപ്പന്തിയിൽ ഉള്ളത്. കല്ലൂർ കൊമ്പനും, ആറളത്തു നിന്നും പിടികൂടിയ ശിവ എന്ന ആനയും .പ്രശ്നക്കാരായ കാട്ടാനകളെ പിടികൂടി സ്ഥിരമായി കൂട്ടിലടക്കുന്നത് അവയെ കൊല്ലുന്നതിന് സമമാണ്.
       മുത്തങ്ങ പന്തിയിൽ തടവിൽ കഴിയുന്ന കല്ലൂർ കൊമ്പനെ മയക്കു വെടിവെച്ച് കൂട്ടിലാക്കിയിട്ട് രണ്ട് വർഷം തികയാൻ പോകുന്നു. താത്കാലികമായി മുത്തങ്ങ  ആനപന്തിയിൽ തടവിലാക്കിയ ആനയെ ഒരു മാസത്തിനു ശേഷം അന്നത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദ്ദേശ പ്രകാരം പറമ്പിക്കുളം വന്യജീവി സങ്കേതത്തിൽ തുറന്നു വിടാൻ നിർദ്ദേശം ലഭിച്ചതോടെ ഒരു ദിവസത്തെ വനം വകുപ്പിന്റെ അധ്വാനഫലമായി ആനയെ മയക്കുവെടിവെച്ച് കൂട്ടിൽ നിന്നും അനിമൽ ആംബുലൻസിലേക്ക് കയറ്റി വാഹനം പുറപ്പെടാൻ നേരത്താണ് ആനയെ തിരിച്ചിറക്കി കൂട്ടിലിടാൻ സന്ദേശം ലഭിച്ചത്.പറമ്പിക്കുളത്തേക്ക് കൊണ്ടു ചെല്ലുന്നതിന്  നാട്ടുകാരുടെ എതിർപ്പ് മൂലമായിരുന്നു ഈ ഉത്തരവ്. തുടർന്ന് മണിക്കുറുകളോളം പണിപ്പെട്ടാണ് വീണ്ടും കൊമ്പനെ കൂട്ടിലാക്കിയത്. ഇപ്പോഴും കൊമ്പൻ തടവറയിൽ തന്നെയാണ്. 
      ഇവിടെ വേദന അനുഭവിക്കുന്നത് മിണ്ടാപ്രാണിയായ ആനയാണ്. രണ്ട് കൂടുകളിലായി കല്ലൂർ കൊമ്പനും ,  കണ്ണൂരിലെ ആറളത്ത് നിന്ന് പിടികൂടി കൊണ്ടുവന്ന   ശിവയും മുത്തങ്ങ ആനപന്തിയിൽ ഉണ്ട്. ജനങ്ങളെ ഉപദ്രവിക്കുന്ന ആനകളെ പിടികൂടേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഇത്തരത്തിൽ പിടികൂടുന്ന ആനകളെ സെമി വൈൽഡ് കണ്ടീഷനിൽ കുങ്കിയാനകളാക്കി വനം വകുപ്പിനൊപ്പം നിർത്തുന്നതാണ് നല്ലതെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
      എന്തായാലും മൂന്ന് ആനകളെയും മുതുമലയിൽ എത്തിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞതായി വയനാട് വൈൽഡ് ലൈഫ് വാർഡൻ എൻ.പി. സാജൻ  പറഞ്ഞു. മൂന്ന് മാസത്തെ വിദഗ്ധ പരിശീലനം ലഭിച്ചു കഴിഞ്ഞാൽ കാട്ടാനശല്യത്തിൽ മാത്രമല്ല പുലി, കടുവ, ഭീതിയുള്ള പ്രദേശങ്ങളിൽ പോലും ഇവയെ കുങ്കിയാനകളായി ഉപയോഗിക്കാൻ കഴിയുമെന്നാണ് വനം വകുപ്പുദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും പ്രതീക്ഷ'.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *