May 4, 2024

വിജയന്‍ ചെറുകര സിപിഐ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തിയേക്കും

0
Cherukara
വിജയന്‍ ചെറുകര സിപിഐ  വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തിയേക്കും
കല്‍പ്പറ്റ:  വൈത്തിരി താലൂക്കിലെ കുറുമ്പാലക്കോട്ടയില്‍ സര്‍വേ നമ്പര്‍ 57/1ല്‍ ഉള്‍പ്പെടുന്ന നാലര ഏക്കര്‍ മിച്ചഭൂമിക്ക് പട്ടയം തരപ്പെടുത്തുന്നതിനു സ്വകാര്യ വ്യക്തികള്‍ക്കു സഹായകമായ നിലപാട് സ്വീകരിച്ചുവെന്ന സ്വകാര്യചാനല്‍ വാര്‍ത്ത വിവാദമായതിനെത്തുടര്‍ന്നു  ഏപ്രില്‍ മൂന്നിനു ഒഴിവാകേണ്ടിവന്ന സിപിഐ വയനാട് ജില്ലാ സെക്രട്ടറി പദവിയില്‍ വിജയന്‍ ചെറുകര തിരിച്ചെത്തിയേക്കും. സ്വകാര്യചാനല്‍ സ്റ്റിംഗ് ഓപ്പറേഷനിലൂടെ പുറത്തുവിട്ട വാര്‍ത്ത കൃത്രിമമാണെന്നും ജില്ലാ സെക്രട്ടറി കുറ്റക്കാരനല്ലെന്നുമുള്ള പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന എക്‌സിക്യൂട്ടീവും കൗണ്‍സിലും അംഗീകരിച്ചതാണ് വിജയന്‍ ചെറുകരയുടെ തിരിച്ചുവരവിനു വഴിയൊരുക്കുന്നത്. 13നു ചേരുന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ജില്ലാ സെക്രട്ടറിയുടെ കാര്യത്തില്‍ തീരുമാനമെടുക്കും. ഇക്കാര്യം സംസ്ഥാന സെക്രട്ടറി ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മുറയ്ക്കു വിജയന്‍ ചെറുകര ചുമതലയേല്‍ക്കുമെന്നാണ് സൂചന.ചാനല്‍വാര്‍ത്തയെത്തുടര്‍ന്നു വിജയന്‍ ചെറുകര രാജിവച്ചതുമുതല്‍ കെ. രാജന്‍ എംഎല്‍എയ്ക്കാണ്  പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ താത്കാലിക ചുമതല. 
വിജയന്‍ ചെറുകരയ്‌ക്കെതിരായ ആരോപണം അന്വേഷിക്കുന്നതിനു സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം വി. ചാമുണ്ണി ചെയര്‍മാനും സംസ്ഥാന കൗണ്‍സിലിലുള്ള സി.പി. സന്തോഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ് എന്നിവര്‍ അംഗങ്ങളുമായ കമ്മീഷനെയാണ് പാര്‍ട്ടി നിയോഗിച്ചത്. ജില്ലയില്‍ നിരവധി തവണ സിറ്റിംഗ് നടത്തി പാര്‍ട്ടിയുടെ താഴ്ത്തട്ടിലുള്ള നേതാക്കളില്‍നിന്നടക്കം തെളിവെടുപ്പു നടത്തിയ കമ്മീഷന്‍ ജൂലൈ അവസാനവാരമാണ് സംസ്ഥാന കൗണ്‍സിലിനു  അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സെപ്റ്റംബര്‍ നാലിനു ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗവും  അഞ്ച്, ആറ് തീയതികളില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗവുമാണ് വിജയന്‍ ചെറുകര കുറ്റക്കാരനല്ലെന്നു വ്യക്തമാക്കുന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്ത് അംഗീകരിച്ചത്. 
കുറുമ്പാലക്കോട്ടയില്‍ സ്വകാര്യ കൈവശത്തിലുള്ള 15 ഏക്കര്‍ ഭൂമിയോടു ചേര്‍ന്നുള്ള  നാലര ഏക്കര്‍ മിച്ചഭൂമിക്ക്  പട്ടയം നേടുന്നതിനു സഹായിക്കാമെന്ന മട്ടില്‍  സിപിഐ ജില്ലാ സെക്രട്ടറി ഇടപെടുന്നതിന്റെയും ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി. സോമനാഥന്‍ 10,000 രൂപ കൈക്കൂലി വാങ്ങുന്നതിന്റെയും ദൃശ്യങ്ങളാണ് ചാനല്‍ സംപ്രേഷണം ചെയ്തത്. ചാനല്‍ വാര്‍ത്തയില്‍ കാമ്പുണ്ടോയെന്നാണ് പാര്‍ട്ടി കമ്മീഷന്‍ പ്രധാനമായും അന്വേഷിച്ചത്. 
മിച്ചഭൂമിയുമായി ബന്ധപ്പെട്ട ചാനല്‍വാര്‍ത്ത പാര്‍ട്ടിക്കും ഇടതു മുന്നണിക്കും സര്‍ക്കാരിനുമെതിരായ ഗൂഢാലോനയുടെ ഭാഗമാണെന്ന് ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുന്നതിനു മുമ്പ് വിജയന്‍ ചെറുകര ആരോപിച്ചിരുന്നു. 2018 ഫെബ്രുവരി 28ന് വീട്ടിലെത്തിയ സംഘം വിനോദസഞ്ചാര മേഖലയില്‍ പുതിയ പ്രൊജക്ടുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ചു സംസാരിച്ചപ്പോള്‍ ജില്ലയ്ക്ക് ഗുണകരമെന്നു തോന്നിയതിനാല്‍ നിയമപരമായ കാര്യങ്ങള്‍ ചെയ്തുതരാമെന്ന് അറിയിക്കുകമാത്രമാണുണ്ടായതെന്നു വിശദീകരിച്ച വിജയന്‍ സംഘാംഗങ്ങളില്‍ ഒരാള്‍ പണം നല്‍കാന്‍ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞുമാറുകയാണുണ്ടായതെന്നു  അവകാശപ്പെടുകയുമുണ്ടായി. 
കഴിഞ്ഞ ഫെബ്രുവരിയില്‍ സിപിഐ  ജില്ലാ സെക്രട്ടറിയായി തുടര്‍ച്ചയായ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് വിജയന്‍ ചെറുകര വിവാദത്തില്‍ അകപ്പെട്ടത്. ജനകീയ സാംസ്‌കാരിക വേദിയിലൂടെ പൊതുരംഗത്ത് എത്തിയ വിജയന്‍ സിപിഐ കാവുംമന്ദം ബ്രാഞ്ച് സെക്രട്ടറി, തരിയോട് ലോക്കല്‍ സെക്രട്ടറി, എഐവൈഎഫ് ജില്ലാ സെക്രട്ടറി,  ബികെഎംയു ജില്ലാ സെക്രട്ടറി, തരിയോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *