May 5, 2024

പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ സര്‍വ്വകക്ഷി മേല്‍നോട്ടത്തിലാവണം: എം.ടി.രമേശ്

0
Bjp Mt Ramesh
കല്‍പ്പറ്റ: സംസ്ഥാനത്ത് നടക്കുന്ന പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ വിതരണവും സര്‍വ്വകക്ഷി മേല്‍നോട്ടത്തില്‍ നടത്തണമെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി.രമേശ്. പ്രളയ ബാധിതരോടുള്ള വിവേചനത്തിലും ഡാം തുറന്നുവിട്ടതിനെകുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടും ബിജെപി വയനാട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക എക്കൗണ്ട് വേണമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി പാലിച്ചില്ല. ദുരിതാശ്വാസ നിധി ദുരുപയോഗം തടയുന്നതിനുവേണ്ടിയാണ് ഈ ആവശ്യമുയര്‍ന്നത്. പുഷ്പ്പനും ഉഴവൂര്‍ വിജയനും 25 ലക്ഷം രൂപ വീതം അനുവദിച്ചതുപോലെ ഇനിയും ദുരുപയോഗം ഉണ്ടാകുമെന്ന് സാധാരണക്കാര്‍ ഭയക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന് വസ്തുവകകള്‍ മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നാല് ക്രിമനല്‍ കേസുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിലെല്ലാം പ്രതികള്‍ സിപിഎമ്മുകാരാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നടക്കുന്ന നിര്‍ബന്ധിത പണപ്പിരിവ് നിര്‍ത്തണം. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ കുത്തിപ്പിഴിയുന്നത് ശരിയല്ല. ഇതിനെതിരെ വരുംദിവസങ്ങളില്‍ ബിജെപി പ്രതിരോധമുയര്‍ത്തും. കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും കേന്ദ്രം അംഗീരിച്ചിട്ടും കേന്ദ്ര സര്‍ക്കാരിനെതിരെ വിദ്വേഷം പ്രചരിപ്പിക്കാന്‍ ചിലര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. 
കേന്ദ്രമന്ത്രിമാരായ കിരണ്‍റിഞ്ജുവും രാജ്‌നാഥ് സിംഗും കേരളത്തിലെത്തി താല്‍ക്കാലിക ആശ്വാസം പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയും വെള്ളപൊക്കമേഖലകള്‍ സന്ദര്‍ശിച്ചു. റോഡ്, വൈദ്യുതി, മരുന്ന്, ഭക്ഷണം, കുടിവെള്ളം ഇവയെല്ലാം സംസ്ഥാന ആവശ്യപ്രകാരം കേന്ദ്രം നല്‍കി. കൃത്യമായ കണക്ക് ബോധിപ്പിക്കുന്ന നിലയ്ക്ക് പണം അനുവദിക്കുമെന്നും പറഞ്ഞു. എന്നിട്ടും കേന്ദ്രസര്‍ക്കാരിനെ പഴിചാരാനാണ് ചിലര്‍ ശ്രമിച്ചത്. 
അണകെട്ടുകള്‍ തുറയ്ക്കില്ലെന്ന് ആദ്യം പറഞ്ഞു. പിന്നീട് മുന്നറിയിപ്പ് ഉണ്ടാകുമെന്ന് പറഞ്ഞു. ആരും ഭയപ്പെടേണ്ടെന്നും പറഞ്ഞു. എന്നാല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ പാതിരാത്രിയില്‍ 80 അണകെട്ടുകള്‍ തുറന്നുവിട്ടു. കേരളത്തിലെ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നും അദ്ദേഹം പറഞ്ഞു. 
ബാണാസുര അണകെട്ട് തുറന്നത് സര്‍ക്കാര്‍ അറിഞ്ഞില്ല. കളക്ടറും അറിഞ്ഞില്ലെന്ന് പറഞ്ഞു. പിന്നെ പാതിരാത്രിയില്‍ അണകെട്ട് തുറന്നതിന്റെ ഉത്തരവാദി ആരാണ്. ദുരന്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. വരുംദിവസങ്ങളില്‍ സര്‍ക്കാര്‍ വിചാരണ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
 സജി ശങ്കര്‍ അധ്യക്ഷതവഹിച്ചു. പള്ളിയറ രാമന്‍, പി.ജി.ആനന്ദ്കുമാര്‍, കെ.മോഹന്‍ദാസ്, കെ.സദാനന്ദന്‍ , കൂട്ടാറ ദാമോദരന്‍, വി.മോഹനന്‍,  പത്മനാഭന്‍, കെ.ശ്രീനിവാസന്‍, പലേരി രാമന്‍, വി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു   ധര്‍ണക്കും   പ്രകടനത്തിനും   ഇ ,പി.ശിവദാസന്‍, ടി. എ.മാനു, പി.എം.അരവിന്ദന്‍, കണ്ണന്‍ കണിയാരം, ആരോടാ രാമചന്ദ്രന്‍, രാധ സുരേഷ്, അല്ലി റാണി, അഖില്‍ പ്രേം, വി .കെ.രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *