May 1, 2024

വയനാട്ടിൽ കോഫീ പാര്‍ക്ക് വരുന്നു : പ്രാഥമിക ഉദ്ഘാടനം മാര്‍ച്ച് 2 ന് കൽപ്പറ്റയിൽ.

0
Img 20190228 Wa0007
കൽപ്പറ്റ: 

വയനാട്   ജില്ലയിലെ കാപ്പികര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ വ്യവസായ വകുപ്പിന്  സ്ഥാപിക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫീ പാര്‍ക്കിന്റെ ഉദ്ഘാടനം മാര്‍ച്ച് 2 ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ നിര്‍വ്വഹിക്കുമെന്ന്  സി.കെ. ശശീന്ദ്രൻ എം.എൽ. എ ,കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ സനിത ജഗദീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

. കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത്  ' ശനിയാഴ്ച    രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. വയനാടന്‍ കാപ്പി ബ്രാന്റ് ചെയ്യുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി കല്‍പ്പറ്റയില്‍ സ്‌പെഷ്യല്‍ ഓഫീസ് തുടങ്ങും.  ഇതിനായി  സ്‌പെഷ്യല്‍ ഓഫീസര്‍,  രണ്ട് കണ്‍സള്‍ട്ടന്റ്മാര്‍ എന്നിവരെ വ്യവസായ വകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്. വയനാട്    ജില്ലയില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന കാപ്പി മലബാര്‍ കാപ്പിയെന്ന പേരില്‍ ബ്രാന്റ് ചെയ്ത് വില്‍പന നടത്തുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. കാപ്പി കൃഷി പ്രോത്സാഹനത്തിനായി 150 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.  
  വയനാടന്‍ കാപ്പി ബ്രാന്റ് ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയില്‍ നൂറ് ഏക്കര്‍ സ്ഥലത്ത് പ്രത്യേകം കാര്‍ബണ്‍ ന്യൂട്രല്‍ മേഖല ഒരുക്കി കാപ്പി കൃഷി ചെയ്യും. ഇതിനായി ഭൂമി കണ്ടെത്താന്‍ കിന്‍ഫ്രയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വാര്യാട് എസ്റ്റേറ്റ് ആയിരിക്കും പരിഗണിക്കുക എന്നും  കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മെഗാ ഫുഡ് പാർക്കിനായി ഈ സ്ഥലം ഏറ്റെടുത്തതാണന്നും എം.എൽ. എ പറഞ്ഞു. 

       കാര്‍ബണ്‍ ന്യൂട്രല്‍ മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ വന്‍ ഡിമാന്റും ഉയര്‍ന്ന വിലയുമാണ് ലഭിക്കുന്നത്. കാര്‍ബണിന്റെ അളവ് കുറക്കുന്നതിന് ജില്ലയില്‍ 1.5 ലക്ഷം കാപ്പി ചെടികള്‍ നട്ടുപിടിപ്പിക്കാനും വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. മൂന്ന് വര്‍ഷം കൊണ്ട് വിളവെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം കര്‍ഷകരില്‍ നിന്ന് കാപ്പിക്കുരു  മാന്യമായ വില നല്‍കി കോഫീ പാര്‍ക്കില്‍ ശേഖരിക്കും. പാര്‍ക്കില്‍ സ്ഥാപിക്കുന്ന ഫാക്ടറിയില്‍ ഉല്‍പാദിപ്പിക്കുന്ന കാപ്പി ബ്രാന്റ് ചെയ്ത് വിപണിയിലെത്തിക്കും. കാപ്പി കൃഷി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് വരുമാന വര്‍ദ്ധനവും ലക്ഷ്യമിട്ടാണ് സംസ്ഥാനത്ത് ആദ്യമായി കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫീ പാര്‍ക്ക് ജില്ലയില്‍ സ്ഥാപിക്കുന്നത്.
    കോഫീ പാര്‍ക്കിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ  അധ്യക്ഷതയില്‍ സ്വാഗതസംഘം രൂപീകരണ യോഗം ചേര്‍ന്നു. സ്വാഗതസംഘം ചെയര്‍ പേഴ്‌സണായി കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സനെയും കണ്‍വീനറായി ജില്ലാ കളക്ടറെയും ചുമതലപ്പെടുത്തി. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരും ജില്ലാതല ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും  അംഗങ്ങളായിരിക്കും. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *